നിര്‍മിത ബുദ്ധിയില്‍ പണമൊഴുക്കാന്‍ ഇന്‍ഫോസിസ്
ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടി.സി.എസ്), വിപ്രോ എന്നീ ഐ.ടി കമ്പനികള്‍ക്ക് പിന്നാലെ നിര്‍മിത ബുദ്ധിയുമായി (എ.ഐ) കൈകോര്‍ക്കാനൊരുങ്ങി ഇന്ത്യയിലെ രണ്ടാമത്തെ വലിയ സോഫ്റ്റ്‌വെയർ സേവന കയറ്റുമതി കമ്പനിയായ ഇന്‍ഫോസിസ്. എ.ഐ ഓട്ടോമേഷന്‍ സേവനങ്ങള്‍ നല്‍കുന്നതിന് ഇന്‍ഫോസിസ് നിലവിലുള്ള ഒരു ക്ലയന്റുമായി അഞ്ച് വര്‍ഷത്തിലേറെ നീണ്ടുനില്‍ക്കുന്ന കരാറിലേര്‍പ്പെട്ടതായി കമ്പനി അറിയിച്ചു. 16,400 കോടി രൂപയാണ് ഇടപാട് മൂല്യം.
ഇന്‍ഫോസിസ് ടോപാസ്
ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് 25,000 എന്‍ജിനീയര്‍മാര്‍ക്ക് എ.ഐയില്‍ പരിശീലനം നല്‍കുമെന്ന് അടുത്തിടെ അറിയിച്ചിരുന്നു. ശേഷം വിപ്രോയും അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ നിര്‍മിത ബുദ്ധിയിലേക്ക് 8,200 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് പറഞ്ഞതിന് പിന്നാലെയാണ് ഇന്‍ഫോസിസിന്റെ ഈ നീക്കം.
ഡേറ്റാ അനലിറ്റിക്സും ജനറേറ്റീവ് എഐയും സംയോജിപ്പിക്കുന്ന ഇന്‍ഫോസിസ് ടോപാസ് എന്ന പുതിയ പ്ലാറ്റ്ഫോം കമ്പനി മെയ് മാസത്തില്‍ പ്രഖ്യാപിച്ചിരുന്നു. മൈക്രോസോഫ്റ്റ് പിന്തുണയുള്ള ഓപ്പണ്‍എ.ഐയുടെ ജനറേറ്റീവ് ചാറ്റ്ബോട്ട് ചാറ്റ്ജിപിടി 2022 അവസാനത്തോടെയാണ് എത്തിയത്. പിന്നാലെ ഗൂഗ്ള്‍ ഉള്‍പ്പെടെ നിരവധി കമ്പനികള്‍ അവരവരുടെ എ.ഐ. ചാറ്റ്‌ബോട്ടുകള്‍ പുറത്തിറക്കി.