കൗമാരക്കാര്‍ക്ക് വേണ്ടി ടീന്‍ ഇന്‍സ്റ്റ വരുന്നു, വയസില്‍ കള്ളം കാണിച്ചാലും പിടിക്കുമെന്ന് മെറ്റ

കൗമാരക്കാര്‍ക്കായി കൂടുതല്‍ സുരക്ഷാ ഫീച്ചറുകള്‍ ഏര്‍പ്പെടുത്തി ഇന്‍സ്റ്റഗ്രാം. കുട്ടികള്‍ ഉള്‍പ്പെടെയുള്ള ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ സംബന്ധിച്ച് ഇന്‍സ്റ്റഗ്രാമിന്റെ മാതൃ കമ്പനിയായ മെറ്റ വിമര്‍ശനം നേരിടുന്നതിനിടെയാണ് പുതിയ മാറ്റങ്ങള്‍. 13 നും 17നും ഇടയില്‍ പ്രായമുള്ള എല്ലാ ഉപയോക്താക്കളുടെയും അക്കൗണ്ടുകള്‍ ഓട്ടോമാറ്റിക്കായി ടീന്‍ അക്കൗണ്ട് എന്ന സെക്ഷനിലേക്ക് മാറ്റുമെന്ന് കഴിഞ്ഞ ദിവസമാണ് മെറ്റ അറിയിച്ചത്. ഇതോടെ ഈ അക്കൗണ്ടുകള്‍ ഫോളോ ചെയ്തവര്‍ക്ക് മാത്രം കാണാവുന്ന രീതിയിലേക്ക് മാറും. അക്കൗണ്ട് ഉടമകളുടെ ഫീഡിലേക്ക് വരുന്ന കണ്ടന്റുകളും പ്രായത്തിനനുസരിച്ച് ക്രമീകരിക്കും. അധികനേരം ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നത് കൗമാരക്കാരുടെ മാനസിക-ശാരീരിക ആരോഗ്യത്തിന് നല്ലതല്ലെന്ന വിമര്‍ശനങ്ങള്‍ കണക്കിലെടുത്താണ് പുതിയ മാറ്റത്തിന് മെറ്റ തയ്യാറായതെന്നാണ് വിവരം.

എന്താണ് ടീന്‍ ഇന്‍സ്റ്റ

കൗമാരക്കാര്‍ക്ക് സുരക്ഷിതമായി ഉപയോഗിക്കാന്‍ പാകത്തില്‍ തയ്യാറാക്കിയ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളാണ് ടീന്‍ ഇന്‍സ്റ്റ എന്ന പേരില്‍ അറിയപ്പെടുന്നത്. 13നും 17നും ഇടയില്‍ പ്രായത്തിലുള്ള ആളുകളുടെ അക്കൗണ്ടുകളെല്ലാം അധികം വൈകാതെ ടീന്‍ അക്കൗണ്ടുകളാക്കി മാറ്റും. 16 വയസില്‍ താഴെയുള്ളവര്‍ക്ക് രക്ഷകര്‍ത്താവിന്റെ അനുമതിയോടെയല്ലാതെ ഇതുമായി ബന്ധപ്പെട്ട സെറ്റിംഗുകള്‍ മാറ്റാന്‍ കഴിയില്ല. ഇത്തരം അക്കൗണ്ടുകളിലേക്ക് അപരിചിതര്‍ക്ക് സന്ദേശങ്ങളയയ്ക്കാനോ ടാഗ് ചെയ്യാനോ മെന്‍ഷന്‍ ചെയ്യാനോ കഴിയില്ല. ഇന്‍സ്റ്റഗ്രാം ഫീഡില്‍ കൂടുതലായി കാണേണ്ട ടോപ്പിക്കുകള്‍ തെരഞ്ഞെടുക്കാനുള്ള സൗകര്യവും കൗമാരക്കാര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം കാണാവുന്ന സെന്‍സിറ്റീവ് കണ്ടന്റുകള്‍ കൗമാരക്കാരുടെ ഫീഡില്‍ വരുന്നതും തടയും. ഓരോ ദിവസവും 60 മിനിറ്റ് മാത്രമേ ഇന്‍സ്റ്റഗ്രാം ഉപയോഗിക്കാന്‍ കഴിയൂ. അത് കഴിഞ്ഞാല്‍ ആപ്പ് ഡിസേബിളാകും. കൂടാതെ രാത്രി 10 മുതല്‍ പുലര്‍ച്ചെ ഏഴുവരെ ആപ്പ് സ്ലീപ് മോഡിലേക്ക് മാറും. ഈ സമയങ്ങളില്‍ നോട്ടിഫിക്കേഷനുകള്‍ ഉണ്ടാകില്ലെന്നതാണ് പ്രത്യേകത.

രക്ഷകര്‍ത്താക്കള്‍ക്ക് കൂടുതല്‍ കണ്‍ട്രോള്‍

സോഷ്യല്‍ മീഡിയയില്‍ കുട്ടികള്‍ എന്തൊക്കെയാണ് കാണുന്നത്, ആര്‍ക്കൊക്കെ മെസേജ് അയയ്ക്കുന്നു തുടങ്ങിയ കാര്യങ്ങളില്‍ എല്ലാ രക്ഷകര്‍ത്താക്കള്‍ക്കും ആശങ്കയുണ്ടാകും. ഇത് പരിഹരിക്കാനുള്ള സംവിധാനങ്ങളും മെറ്റ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സൂപ്പര്‍വിഷന്‍ ഫീച്ചറിലൂടെ ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ ആര്‍ക്കൊക്കെ സന്ദേശങ്ങള്‍ അയച്ചിട്ടുണ്ടെന്ന് രക്ഷകര്‍ത്താക്കള്‍ക്ക് മനസിലാക്കാം. എന്നാല്‍ സന്ദേശങ്ങളുടെ ഉള്ളടക്കം വായിക്കാന്‍ കഴിയില്ല. കൂടാതെ ഓരോ ദിവസവും എത്ര സമയം ഇന്‍സ്റ്റഗ്രാം ഉപയോഗിക്കണമെന്നും രക്ഷകര്‍ത്താക്കള്‍ക്ക് നിശ്ചയിക്കാം. ഇനി പഠിക്കാനുള്ള സമയത്ത് കുട്ടികള്‍ ഇന്‍സ്റ്റഗ്രാം ഉപയോഗിച്ച് സമയം കളയുന്നുവെന്ന് പരാതിപ്പെടുന്ന രക്ഷകര്‍ത്താക്കള്‍ക്ക് വേണ്ടിയും പുതിയ സൗകര്യമുണ്ട്. ഏതെങ്കിലും നിശ്ചിത സമയത്ത് ഇന്‍സ്റ്റഗ്രാം ആപ്പ് ഡിസേബിള്‍ ചെയ്യുന്ന സംവിധാനമാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. മാത്രവുമല്ല എന്തെല്ലാം ടോപ്പിക്കുകളാണ് കുട്ടികള്‍ കാണുന്നതെന്ന കാര്യവും രക്ഷകര്‍ത്താക്കള്‍ക്ക് കൃത്യമായി മനസിലാകും.

വയസില്‍ കള്ളം കാണിച്ചാലും പണി പാളും

ഇനി പ്രായപൂര്‍ത്തിയായ ഒരാളുടെ ജന്മദിനം ഉപയോഗിച്ച് പുതിയൊരു അക്കൗണ്ട് നിര്‍മിക്കാമെന്ന് വിചാരിച്ചാലും പണിപാളും. ജന്മദിനം വെരിഫൈ ചെയ്യുന്നതിന് വിവിധ തരത്തിലുള്ള സുരക്ഷാ ഫീച്ചറുകളാണ് മെറ്റ ഇന്‍സ്റ്റഗ്രാമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രായപൂര്‍ത്തിയായ ആളുടെ ജന്മദിനം ഉപയോഗിച്ച് നിര്‍മിച്ച കൗമാരക്കാരുടെ അക്കൗണ്ടുകള്‍ കണ്ടെത്തുന്നതിനുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കുമെന്നും മെറ്റ അറിയിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ യു.എസ്, യു.കെ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലാണ് ടീന്‍ ഇന്‍സ്റ്റ ഫീച്ചര്‍ അവതരിപ്പിക്കുന്നത്. തുടര്‍ന്ന് യൂറോപ്യന്‍ യൂണിയനിലും അടുത്ത ജനുവരിയോടെ ലോകത്തെല്ലായിടത്തും ഇത് നിലവില്‍ വരുമെന്നും മെറ്റ അറിയിച്ചു.
Related Articles
Next Story
Videos
Share it