ഐഫോൺ 16ഇ ഇന്ത്യയിലെത്തി, വിലയും പ്രത്യേകതകളും ഇവയാണ്, എന്താണ് ഐഫോണ്‍ 16 മായുളള വ്യത്യാസം?

കൂടുതൽ താങ്ങാനാവുന്ന വിലയിൽ എ.ഐ അധിഷ്ഠിത സവിശേഷകള്‍ 16ഇ വാഗ്ദാനം ചെയ്യുന്നു
iPhone 16e
Image courtesy: apple.com/in/iphone-16e
Published on

ഐഫോൺ 16ഇ ഇന്ത്യയില്‍ അവതരിപ്പിച്ച് ആപ്പിൾ. ആപ്പിളിന്റെ എ18 ചിപ്പ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഐഫോൺ 16ഇ സ്റ്റാൻഡേർഡ് ഐഫോൺ 16 മോഡലുകളിൽ കാണുന്ന അതേ പ്രോസസർ തന്നെയാണ് ഉപയോഗിക്കുന്നത്. കൂടുതൽ താങ്ങാനാവുന്ന വിലയിൽ എ.ഐ അധിഷ്ഠിത സവിശേഷതകള്‍ ഫോണ്‍ വാഗ്ദാനം ചെയ്യുന്നു. ആപ്പിളിന്റെ ഇൻ-ഹൗസ് 5ജി മോഡം ബാറ്ററി കാര്യക്ഷമതയും കണക്റ്റിവിറ്റിയും വർദ്ധിപ്പിക്കുന്നു.

ഐഫോണ്‍ 16 നേക്കാള്‍ വില കുറവിലായിരിക്കും ഐഫോണ്‍ 16ഇ ലഭ്യമാകുക. 5 കളര്‍ ഓപ്ഷനുകളില്‍ ഐഫോണ്‍ 16 ലഭ്യമാകുമെങ്കിലും 16ഇ രണ്ട് കളറുകളിലാണ് വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

വ്യത്യാസങ്ങള്‍

ക്യാമറകളുടെ കാര്യത്തിൽ രണ്ട് ഫോണുകളിലും 48എം.പി മെയിൻ സെൻസറാണ് ഉളളത്. എന്നാൽ 16 ല്‍ ഒരു അധിക അൾട്രാ വൈഡ് ലെൻസും ചില നൂതന ഫോട്ടോഗ്രാഫി സവിശേഷതകളും ഉൾക്കൊള്ളുന്നു. കൂടുതൽ സൂം, വിശാലമായ ഷോട്ടുകൾ, കമ്പ്യൂട്ടേഷണൽ ഫോട്ടോഗ്രാഫി ആനുകൂല്യങ്ങൾ എന്നിവ നിങ്ങൾക്ക് വേണമെങ്കിൽ 16 ആണ് ഏറ്റവും ഉചിതമായ തിരഞ്ഞെടുപ്പ്.

ആപ്പിളിന്റെ ഏറ്റവും പുതിയ എ18 ചിപ്പാണ് രണ്ടു ഫോണുകളും വരുന്നത് എങ്കിലും പ്രധാന വ്യത്യാസം ജിപിയു വിലാണ്. 16 ന് 5-കോർ ജിപിയു ഉണ്ട്. അതേസമയം 16ഇ 4-കോർ ജിപിയു മായാണ് എത്തുന്നത്.

ഐഫോൺ 16ഇ യും ഐഫോൺ 16 യും തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസങ്ങൾ ഡിസ്പ്ലേ, ക്യാമറ വിഭാഗത്തിലാണ്. ഒരു ബജറ്റ് ഫ്രണ്ട്‌ലി ഐഫോണാണ് തിരയുന്നതെങ്കിൽ 16ഇ നിങ്ങൾക്ക് അനുയോജ്യമായിരിക്കും. 16ഇ ഫോണുകള്‍ ഇന്ത്യയിൽ തന്നെ അസംബിൾ ചെയ്താണ് വില്‍പ്പനയ്ക്ക് എത്തിക്കുന്നത്.

വില

ഐഫോൺ 16ഇ വെള്ള, കറുപ്പ് നിറങ്ങളിൽ ലഭ്യമാകും. 128 ജിബി, 256 ജിബി, 512 ജിബി സ്റ്റോറേജ് ഓപ്ഷനുകള്‍ ഫോണിന് ഉണ്ടാകും. 59,900 രൂപയിലാണ് വില ആരംഭിക്കുന്നത്. 256 ജിബി, 512 ജിബി വേരിയന്റുകള്‍ക്ക് യഥാക്രമം 69990 രൂപയും 89990 രൂപയുമാണ് വില. ഫെബ്രുവരി 28 മുതൽ ആപ്പിളിന്റെ ഔദ്യോഗിക സ്റ്റോറുകൾ, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ, ഇന്ത്യയിലുടനീളമുള്ള അംഗീകൃത റീട്ടെയിൽ പങ്കാളികൾ എന്നിവയിലൂടെ ഫോണ്‍ വില്‍പ്പനയ്ക്ക് എത്തും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com