

ഏറ്റവും കനം കുറഞ്ഞ മൊബൈല്‍ ഫോണ്‍ വിപണിയിലെത്തിക്കാന്‍ ആപ്പിള്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇക്കൊല്ലം സെപ്റ്റംബറില്‍ പുറത്തിറങ്ങുന്ന ഐഫോണ്‍ 17 എയര്‍( iPhone 17 Air) ഏറ്റവും കനം കുറഞ്ഞ സ്മാര്‍ട്ട് ഫോണുകളില്‍ ഒന്നായിരിക്കുമെന്നാണ് സൂചന. മനോഹരമായ ഡിസൈനും നൂതന ഫീച്ചറുകളും കോര്‍ത്തിണക്കി ആരാധകരെ ഞെട്ടിക്കാനുള്ള ഒരുക്കത്തിലാണ് ആപ്പിള്‍. എല്ലാ വര്‍ഷവും ആപ്പിള്‍ ഫോണുകളുടെ ലോഞ്ചിന് മുമ്പ് പുറത്തുവരുന്ന 'ലീക്കു'കളിലാണ് ഇതുസംബന്ധിച്ചുള്ള സൂചനയുള്ളത്.
ഐഫോണ്‍ 17 എയറിന്റെ കനം വെറും 6 മില്ലിമീറ്റര്‍ മാത്രം. അതായത് ഒരു പേനയുടെ കനം. ടൈറ്റാനിയം-അലൂമിനിയം ഫ്രെയിമിലാണ് നിര്‍മ്മാണം. ഭാരം കുറക്കാനും പ്രീമിയം ഫീല്‍ നല്‍കാനും ഇതിനാകും. 6.6 ഇഞ്ച് ഒ.എല്‍.ഇ.ഡി (OLED) ഡിസ്‌പ്ലേ, സ്‌ക്രാച്ച്-റെസിസ്റ്റന്റ് ഗ്ലാസ്, മാറ്റ് ഫിനിഷ് എന്നിവ ഫോണിന്റെ ആകര്‍ഷണം വര്‍ധിപ്പിക്കുന്നു. 120Hz പ്രോമോഷന്‍ ടെക്‌നോളജിയോടു കൂടിയ ഡിസ്‌പ്ലേ ഫോണിന്റെ പ്രധാന ആകര്‍ഷണമാകും. സുഗമമായ സ്‌ക്രോളിങും ഉറപ്പ്. ഡൈനാമിക് ഐലാന്‍ഡും ഫേസ് ഐ.ഡിയും തുടര്‍ന്നും ഉണ്ടാകും.
ആപ്പിളിന്റെ എ19 (A19) ചിപ്പായിരിക്കും ഐഫോണ്‍ 17 എയറിന്റെ ഹൃദയം. ഗെയിമിങ്, വീഡിയോ എഡിറ്റിങ്, തുടങ്ങിയ എല്ലാ ദൈനംദിന ഉപയോഗങ്ങള്‍ക്കും മികച്ച വേഗതയും കാര്യക്ഷമതയും ഉറപ്പാക്കാന്‍ കഴിയുന്ന ചിപ്പാണിത്. 8 ജി.ബി/ 12 ജി.ബി റാമില്‍ 256 ജി.ബി അല്ലെങ്കില്‍ 512 ജി.ബി സ്റ്റോറേജിലായിരിക്കും ഫോണ്‍ ലഭ്യമാവുക.
മറ്റ് ഐഫോണുകളിലെ ട്രിപ്പിള്‍ ക്യാമറ സെറ്റപ്പ് ഐഫോണ്‍ 17 എയര്‍ മെലിയുമ്പോള്‍ സിംഗിളായി ചുരുങ്ങുമെന്നാണ് പുറത്തായ ഡിസൈനുകളില്‍ നിന്ന് മനസിലാകുന്നത്. ഐഫോണ്‍ 17 എയറിന്റെ പിന്‍ഭാഗത്ത് ഒരു 48എം.പി ക്യാമറ മാത്രമേ ഉണ്ടാകൂ. എന്നാല്‍ 2x ഒപ്റ്റിക്കല്‍-ലെവല്‍ സൂം ഈ ക്യാമറയിലുണ്ടാകും. 24എം.പിയുടെ മുന്‍ ക്യാമറ സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കും മികച്ച വ്യക്തത നല്‍കും.
കനം കുറഞ്ഞത് കൊണ്ട് ബാറ്ററിയുടെ കാര്യത്തില്‍ ആപ്പിള്‍ വിട്ടുവീഴ്ച ചെയ്യുമെന്ന് കരുതാനാകില്ല. ഒരു ദിവസം മുഴുനീള ഉപയോഗം ഉറപ്പാക്കുന്ന ബാറ്ററി തന്നെയാകും ഫോണിലുണ്ടാവുക. മികച്ച ബാറ്ററിക്ക് സ്ഥലം കണ്ടെത്താന്‍ കൂടിയാണ് പിന്‍ഭാഗത്ത് സിംഗിള്‍ ക്യാമറ മതിയെന്ന് ആപ്പിള്‍ തീരുമാനിച്ചതെന്നും ടെക് ലോകം കരുതുന്നു. ഫോണില്‍ സിംഗിള്‍ സ്പീക്കര്‍ മാത്രമേ ഉണ്ടാകൂ. ഐ.ഒ.എസ് 19-ന്റെ പുതിയ ട്രാന്‍സ്ലൂസന്റ് ഡിസൈന്‍ ഫോണിന്റെ ഇന്റര്‍ഫേസിനെ ആകര്‍ഷകമാക്കും. ഏകദേശം 899 ഡോളര്‍ (ഏകദേശം 75,000 രൂപ) മുതല്‍ വില ആരംഭിക്കുമെന്നാണ് കരുതുന്നത്.
ഐഫോണ്‍ 16 പ്ലസിന് പകരക്കാരനായി വിപണിയിലെത്തുന്ന ഐഫോണ്‍ 17 എയര്‍ ഡിസൈന്‍, പോര്‍ട്ടബിലിറ്റി എന്നിവക്ക് മുന്‍ഗണന നല്‍കുന്നവര്‍ക്ക് ഒരു മികച്ച ചോയ്സാണ്. എന്നാല്‍ സിംഗിള്‍ ക്യാമറയും സിംഗിള്‍ സ്പീക്കറും ഒരു പരിമിതിയാണ്. ഐഫോണുകളുടെ ഡിസൈന്‍ കുറേക്കാലമായി കണ്ടുമടുത്തുവെന്നും ക്രിയേറ്റീവായി ഒന്നും കമ്പനി ചെയ്യുന്നില്ലെന്നുമുള്ള ആപ്പിള്‍ ആരാധകരുടെ പരാതി പരിഹരിക്കാന്‍ കൂടിയാണ് കമ്പനിയുടെ നീക്കം. ഐഫോണ്‍ 17, 17 പ്രോ, 17 പ്രോ മാക്‌സ്, 17 എയര്‍ എന്നീ മോഡലുകളിലൂടെ ആരാധകരുടെ പരാതി മാറ്റാന്‍ കഴിയുമോ എന്നാണ് ഇപ്പോള്‍ ടെക് ലോകം ഉറ്റുനോക്കുന്നത്. ആപ്പിളിന്റെ മെലിഞ്ഞ താരത്തെ നേരിടാന്‍ സാംസംഗ് എസ് 25 എഡ്ജ് എന്ന പേരില്‍ മേയില്‍ തന്നെ മറ്റൊരു മോഡല്‍ വിപണിയിലെത്തിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Apple's iPhone 17 Air may be the thinnest iPhone ever, with new leaks revealing major design and feature changes ahead of its 2025 launch
Read DhanamOnline in English
Subscribe to Dhanam Magazine