

കുടുംബാംഗങ്ങൾക്കും കുട്ടികൾക്കും ഡിജിറ്റൽ ഇടപാടുകൾ സുരക്ഷിതമായും എളുപ്പത്തിലും നടത്തുന്നതിനായി ഗൂഗിൾ പേ (Google Pay) അവതരിപ്പിച്ച പുതിയ ഫീച്ചറാണ് 'പോക്കറ്റ് മണി' (Pocket Money). യുപിഐ സർക്കിൾ (UPI Circle) പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഈ സേവനത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പടരുന്ന വ്യാജ വാർത്തകൾ ഉപയോക്താക്കളിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.
ഉപയോക്താക്കളുടെ പണം തട്ടുന്ന ആപ്പ് ആണ് ഇതെന്നാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഗൂഗ്ള്‍ പേ ആപ്പ് എടുക്കുമ്പോള്‍ കാണുന്ന പോക്കറ്റ് മണി ആപ്പ് എന്ന ഐക്കണില്‍ തൊട്ടാല്‍ ഉടന്‍ പണം പോകുമെന്നാണ് സോഷ്യല്‍ മീഡിയസന്ദേശങ്ങളില്‍ പറയുന്നത്. ശബ്ദസന്ദേശമായി ഇത് സോഷ്യയില്‍ മീഡിയയില്‍ കറങ്ങിത്തിരിഞ്ഞ് നടപ്പുണ്ട്. ഇതിന്റെ ഉറവിടം എവിടെ നിന്നാണെന്ന് വ്യക്തമല്ല. എന്നാല്‍ ഈ സന്ദേശം വ്യാജമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്താണ് ഇതിന്റെ വാസ്തവമെന്നു നോക്കാം.
പോക്കറ്റ് മണി ഐക്കണിൽ തൊട്ടാൽ ഉടൻ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെടുമെന്ന തരത്തിലുള്ള ശബ്ദസന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമാണ്. എന്നാൽ ഇത് തികച്ചും അടിസ്ഥാനരഹിതമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഐക്കണിൽ ക്ലിക്ക് ചെയ്താൽ സെക്കൻഡറി യൂസറെ ചേർക്കാനുള്ള ഓപ്ഷനുകൾ മാത്രമാണ് കാണുക. കൃത്യമായ കെവൈസി (KYC) നടപടികൾ പൂർത്തിയാക്കാതെ പണം നഷ്ടപ്പെടാൻ ഒരു സാധ്യതയുമില്ല.
കുട്ടികള്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം നല്‍കുന്നതിനൊപ്പം തന്നെ അവരുടെ ചിലവുകള്‍ കൃത്യമായി മേല്‍നോട്ടം വഹിക്കാന്‍ മാതാപിതാക്കളെ സഹായിക്കുന്നു ഒരു സംവിധാനമാണിത്. ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും യുപിഐ ഐഡി ഇല്ലാത്തവര്‍ക്കും യുപിഐ ഇടപാടുകള്‍ നടത്തുന്നതിനായി നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഭീം പേമെന്റ് ആപ്പില്‍ അവതരിപ്പിച്ച യുപിഐ സര്‍ക്കിള്‍ ഫുള്‍ ഡെലിഗേഷന്‍ എന്ന സംവിധാനം ഉപയോഗിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം.
ഒരാളുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് മറ്റുള്ളവര്‍ക്ക് ഇടപാട് നടത്താനാവുന്ന സൗകര്യമാണിത്. പ്രധാനമായും ബാങ്ക് അക്കൗണ്ടുകള്‍ ഇല്ലാത്ത കുട്ടികള്‍ക്ക് മാതാപിതാക്കളുടെ അക്കൗണ്ടുകള്‍ വഴി പണമിടപാടുകള്‍ നടത്താനാനാണ് ഇത് കൂടുതല്‍ പ്രയോജനപ്പെടുക. ഒരു പ്രൈമറി യൂസര്‍ക്ക് (മാതാപിതാക്കള്‍)അവരുടെ അക്കൗണ്ടുമായി അഞ്ച് സെക്കന്‍ഡറി യൂസര്‍മാരെ വരെ ബന്ധിപ്പിക്കാന്‍ കഴിയും. സെക്കന്‍ഡറി യൂസര്‍ക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ട് ആവശ്യമില്ല, എന്നാല്‍ ഫോണില്‍ ഗൂഗിള്‍ പേ ആപ്പ് ഉണ്ടായിരിക്കണം. കുട്ടികളേയോ കുടുംബത്തിലെ മറ്റ് അംഗങ്ങളേയോ ഇത്തരത്തില്‍ ഇടപാട് നടത്താന്‍ അനുവദിക്കാനാകും. ഓരോ ആവശ്യത്തിനും മാതാപിതാക്കളോട് പണം ചോദിക്കേണ്ടി വരുന്നത് ഒഴിവാക്കാനാകുമാകും.
രണ്ട് രീതിയില്‍ ഇതില്‍ ഇടപാടുകള്‍ നടത്താനാകും. ഒന്നാമത്തേത്, മാസം പരമാവധി 15,000 രൂപ വരെ ചിലവഴിക്കാന്‍ കുട്ടികള്‍ക്ക് അനുവാദം നല്‍കാം. എന്നാല്‍ ഒരു തവണ പരമാവധി 5,000 രൂപ വരെ മാത്രമേ ഇങ്ങനെ അയക്കാനാകൂ. ഈ പരിധിക്കുള്ളില്‍ നിന്ന് അവര്‍ക്ക് സ്വതന്ത്രമായി പണമിടപാടുകള്‍ നടത്താം.
രണ്ടാമത്തേത് ഓരോ ഇടപാടിനും അനുമതി (Approve Every Transaction) നിശ്ചയിക്കാം. കൂടുതല്‍ നിയന്ത്രണം ആഗ്രഹിക്കുന്നവര്‍ക്ക് ഈ ഓപ്ഷന്‍ തിരഞ്ഞെടുക്കാം. കുട്ടികള്‍ പണമടയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ മാതാപിതാക്കള്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കും, അവര്‍ അത് അംഗീകരിച്ചാല്‍ മാത്രമേ ഇടപാട് പൂര്‍ത്തിയാകൂ.
സുരക്ഷ ഉറപ്പാക്കുന്നതിനായി, നിയമാനുസൃതമായ കെവൈസി (KYC) നടപടികള്‍ ഗൂഗിള്‍ പേ നിര്‍ബന്ധമാക്കിയിട്ടുണ്ട്. മാതാപിതാക്കള്‍ കുട്ടികളുമായുള്ള ബന്ധം സ്ഥിരീകരിക്കുകയും ആവശ്യമായ തിരിച്ചറിയല്‍ രേഖകള്‍ നല്‍കുകയും വേണം.
ഡിജിറ്റല്‍ പേയ്മെന്റ് രംഗത്തേക്ക് കടന്നുവരുന്ന പുതുതലമുറയ്ക്ക് ഉത്തരവാദിത്തത്തോടു കൂടി പണം കൈകാര്യം ചെയ്യാന്‍ പഠിപ്പിക്കുക എന്നതാണ് ഈ പുതിയ ഫീച്ചറിലൂടെ ഗൂഗിള്‍ ലക്ഷ്യമിടുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine