വെറും കുമിളയോ? കൂറ്റന്‍ ഡാറ്റ സെന്റര്‍ മത്‌സരത്തിനെതിരെ മുന്നറിയിപ്പ്, ചര്‍ച്ചയില്‍ ഐ.ബി.എം മേധാവി, തരൂര്‍, വെമ്പു

എ.ഐ സ്വപ്നത്തിന് പിന്നാലെ ലോകം പായുമ്പോള്‍, 'കണക്കുകള്‍ കൂട്ടിയാല്‍ കഥ ശരിയാകുന്നില്ലെന്ന് അരവിന്ദ് കൃഷ്ണ, പിന്തുണച്ച് മറ്റുള്ളവര്‍
വെറും കുമിളയോ? കൂറ്റന്‍ ഡാറ്റ സെന്റര്‍ മത്‌സരത്തിനെതിരെ മുന്നറിയിപ്പ്, ചര്‍ച്ചയില്‍ ഐ.ബി.എം മേധാവി, തരൂര്‍, വെമ്പു
ChatGPT image
Published on

ലോകമെമ്പാടുമുള്ള ടെക് കമ്പനികള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) അടിസ്ഥാനസൗകര്യ നിര്‍മാണത്തിനായി ട്രില്യണ്‍ കണക്കിന് ഡോളര്‍ ചെലവഴിക്കുന്ന സാഹചര്യത്തില്‍, ഈ നിക്ഷേപ കുതിപ്പ് ഊതിപ്പെരുപ്പിക്കുന്ന കുമിളയാകാമെന്ന മുന്നറിയിപ്പുമായി ഐ.ബി.എം സി.ഇ.ഒ അരവിന്ദ് കൃഷ്ണ രംഗത്ത്. നിര്‍മിത ബുദ്ധി ഡാറ്റാ സെന്ററുകളിലേക്കുള്ള അമിത നിക്ഷേപം ഭാവിയില്‍ വലിയ സാമ്പത്തിക തിരിച്ചടികള്‍ക്ക് വഴിവെക്കാമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

'നിക്ഷേപമല്ല, പ്രതീക്ഷയുടെ മേലുള്ള ചൂതാട്ടം'

നിര്‍മിത ബുദ്ധിയിലുള്ള അടിസ്ഥാനസൗകര്യ വികസനത്തെക്കുറിച്ച് സംസാരിക്കവെ അരവിന്ദ് കൃഷ്ണ അവതരിപ്പിച്ച കണക്കുകള്‍ ഇപ്പോള്‍ വ്യാപക ചര്‍ച്ചക്ക് വഴിയൊരുക്കിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ കണക്കുപ്രകാരം, ഇന്ന് ഒരു ഗിഗാവാട്ട് ഡാറ്റാ സെന്റര്‍ നിര്‍മിക്കാന്‍ ഏകദേശം 80 ബില്യണ്‍ ഡോളര്‍ ചെലവ് വരും. ഒരു കമ്പനി 20-30 ഗിഗാവാട്ട് ശേഷിയുള്ള ഡാറ്റാ സെന്ററുകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചാല്‍ മാത്രം 1.5 ട്രില്യണ്‍ ഡോളറിലധികം മൂലധന ചെലവ് ആവശ്യമായി വരും. എ.ജി.ഐ (Artificial General Intelligence) ലക്ഷ്യമിട്ട് വ്യവസായം ആകെ പ്രഖ്യാപിച്ചിരിക്കുന്ന നിക്ഷേപ പദ്ധതികള്‍ ഏകദേശം 100 ഗിഗാവാട്ട് ശേഷിയുള്ള ഡാറ്റാ സെന്ററുകളാണ്. ഇതിന്റെ ചെലവ് 8 ട്രില്യണ്‍ ഡോളറിന് മുകളിലായിരിക്കും.

ഈ നിക്ഷേപത്തിന്റെ പലിശച്ചെലവ് മാത്രം തിരിച്ചുപിടിക്കാന്‍ പ്രതിവര്‍ഷം ഏകദേശം 800 ബില്യണ്‍ ഡോളറിന്റെ ലാഭം ആവശ്യമായി വരുമെന്നാണ് കൃഷ്ണയുടെ വിലയിരുത്തല്‍. 'ഇത് നിക്ഷേപമല്ല, ഭാവിയില്‍ എന്തെങ്കിലും മുന്നേറ്റം സംഭവിക്കുമെന്ന പ്രതീക്ഷയുടെ മേലുള്ള പന്തയമാണ്' എന്നതാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.

'ഡാറ്റാ സെന്റര്‍ പണിതാല്‍ മാത്രം പണം വരില്ല'

എ.ഐ രംഗത്തെ നിരീക്ഷകനായ ഡേവിഡ് ലിന്തികം (David Linthicum) ഈ വിഷയത്തില്‍ നടത്തിയ വിശകലനവും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, ഡോട്ട്കോം ബബിളും ബ്ലോക്ക്‌ചെയിന്‍ ആവേശവും മെറ്റാവേഴ്സ് തരംഗവും പോലെ തന്നെയാണ് ഇപ്പോഴത്തെ എ.ഐ അടിസ്ഥാനസൗകര്യ നിര്‍മാണ കുതിപ്പ്. 'ഡാറ്റാ സെന്ററുകള്‍ നിര്‍മിച്ചാല്‍ മാത്രം സമ്പത്ത് സൃഷ്ടിക്കപ്പെടില്ല; അവയ്ക്കുള്ളിലെ സേവനങ്ങള്‍ വില്‍ക്കാന്‍ കഴിയണം' എന്നാണ് അദ്ദേഹത്തിന്റെ വാദം.

എ.ഐ സേവനങ്ങള്‍ ഇപ്പോഴും ചെലവേറിയതാണ്. കോര്‍പറേറ്റ് തലത്തിലെ സ്വീകരണം പ്രതീക്ഷിച്ചതിനേക്കാള്‍ മന്ദഗതിയിലാണ്. ഉപഭോക്തൃ തലത്തിലുള്ള എ.ഐ ഉപയോഗവും ഇനിയും പൂര്‍ണ വളര്‍ച്ചയിലായിട്ടില്ല. എന്നാല്‍ ഇതെല്ലാം മറികടന്ന് ഭീമന്‍ ഡാറ്റാ സെന്ററുകളിലേക്കുള്ള നിക്ഷേപം തുടരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

'കൂട്ട ഭ്രമം?'

എ.ഐ അടിസ്ഥാനസൗകര്യ മേഖലയിലെ നിലവിലെ പ്രവണതയെ mass hallucination അഥവാ കൂട്ടഭ്രമമെന്നാണ് ലിന്തികം വിശേഷിപ്പിക്കുന്നത്. 'ആദ്യം പണിയൂ, പിന്നെ ഉപഭോക്താക്കള്‍ വരും' എന്ന വിശ്വാസം ചരിത്രത്തില്‍ പല തവണ പരാജയപ്പെട്ടിട്ടുണ്ട്. ആവശ്യകതയെക്കാള്‍ വളരെ മുന്നേ അടിസ്ഥാനസൗകര്യങ്ങള്‍ നിര്‍മിക്കുന്ന കമ്പനികള്‍ ഭാവിയില്‍ വന്‍ നഷ്ടങ്ങളെ നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

ഡാറ്റാ സെന്റര്‍ മേഖലയില്‍ വന്‍ എഴുതിത്തള്ളലുകളും (write-downs), തന്ത്രപരമായ പുനഃപരിശോധനകളും, ചില പദ്ധതികളുടെ അടച്ചുപൂട്ടലുകളും അടുത്ത ദശകത്തില്‍ കാണാനിടയുണ്ടെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

വെള്ളവും വൈദ്യുതിയും വിഴുങ്ങുന്ന ഡാറ്റാ സെന്ററുകള്‍

ശശി തരൂര്‍ എം.പി ഈ ചര്‍ച്ചയില്‍ ഇടപെട്ടതോടെ വിഷയം കൂടുതല്‍ ശ്രദ്ധ നേടി. ലിന്തികത്തിന്റെ കുറിപ്പ് പങ്കുവെച്ച അദ്ദേഹം, 'വെള്ളവും വൈദ്യുതിയും വന്‍തോതില്‍ ഉപയോഗിക്കുന്ന ഇത്രയധികം ഡാറ്റാ സെന്ററുകള്‍ നിര്‍മിക്കുന്നതില്‍ അല്‍പം വേഗം കുറയ്‌ക്കേണ്ട സമയമായി' എന്ന് അഭിപ്രായപ്പെട്ടു. എ.ഐ അടിസ്ഥാനസൗകര്യ വികസനം സാമ്പത്തികമായും പരിസ്ഥിതിപരമായും എത്രത്തോളം സുസ്ഥിരമാണെന്ന ചോദ്യം ഇതോടെ വീണ്ടും ഉയര്‍ന്നിരിക്കുകയാണ്.

ശ്രീധര്‍ വെമ്പു: 'ബബിളിനെ പിന്തുടരില്ല'

സോഹോ സ്ഥാപകന്‍ ശ്രീധര്‍ വെമ്പുവും പ്രതികരണവുമായി രംഗത്തെത്തി. എ.ഐ രംഗത്ത് ഡാറ്റാ ക്യൂറേഷന്‍, റീ-ഇന്‍ഫോഴ്സ്മെന്റ് ലേണിംഗ്, എ.ഐ ഔട്ട്പുട്ട് പരിശോധിച്ച് ഉറപ്പാക്കാന്‍ സഹായിക്കുന്ന കമ്പയ്‌ലര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ തുടങ്ങിയ അടിസ്ഥാന ശേഷികളിലാണ് തങ്ങളുടെ നിക്ഷേപമെന്ന് അദ്ദേഹം പറഞ്ഞു.

എ.ഐ നിക്ഷേപ കുമിളയെ പിന്തുടരാന്‍ ഞങ്ങള്‍ തയ്യാറല്ല. ചിലര്‍ക്ക് ഇത് പരാജയവാദമായി തോന്നാം. പക്ഷേ അഞ്ചു വര്‍ഷത്തിന് ശേഷം വീണ്ടും സംസാരിക്കാം എന്നാണ് വെമ്പുവിന്റെ പ്രതികരണം.

നിക്ഷേപ മാതൃകയാണ് ചോദ്യം ചെയ്യപ്പെടുന്നത്

നിര്‍മിത ബുദ്ധി സാങ്കേതികവിദ്യയുടെ സാധ്യതകളെ ആരും ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ ഭാവിയിലെ ആവശ്യകതയെക്കുറിച്ചുള്ള അതിരുകടന്ന പ്രതീക്ഷയുടെ അടിസ്ഥാനത്തില്‍ ഡാറ്റാ സെന്ററുകളിലും കമ്പ്യൂട്ടിംഗ് ശേഷിയിലും ഇപ്പോള്‍ നടക്കുന്നത് പോലെ നിക്ഷേപം തുടരുന്നത് സാമ്പത്തികമായി യുക്തിസഹമാണോ എന്നതാണ് പുതിയ ചര്‍ച്ചയുടെ കേന്ദ്രബിന്ദു.

ഡോട്ട്കോം കാലഘട്ടം പോലെ ആദ്യം അടിസ്ഥാന സൗകര്യങ്ങളില്‍ അമിത നിക്ഷേപം നടത്തി പിന്നീട് ആവശ്യകത അത്ര വേഗത്തില്‍ എത്താത്ത സാഹചര്യമാണോ എ.ഐ മേഖലയിലും രൂപപ്പെടുന്നത് എന്ന ചോദ്യമാണ് ഇപ്പോള്‍ ടെക് ലോകം ഗൗരവമായി പരിശോധിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com