ഒടുവില്‍ ട്വിറ്ററില്‍ നിന്ന് പടിയിറങ്ങി ജാക്ക് ഡോര്‍സി

ട്വിറ്റര്‍ (Twitter) ബോര്‍ഡില്‍ നിന്ന് പിന്‍വാങ്ങി സഹസ്ഥാപകനും മുന്‍ സിഇഒയുമായ ജാക്ക് ഡോര്‍സി (Jack Dorsey). ശതകോടീശ്വരനും ടെസ്‌ലയുടെ സിഇഒയുമായ ഇലോണ്‍ മസ്‌ക് (Elon Musk) ട്വിറ്ററിനെ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നതിനിടെ ആണ് ഡോര്‍സി ട്വിറ്റര്‍ വിടുന്നത്. ഇലോണ്‍ മസ്‌കുമായി അഭിപ്രായപ്രതടനങ്ങളിലുള്ള യോജിപ്പ് ഡോര്‍സിയെ വീണ്ടും ട്വിറ്ററിന്റെ സിഇഒ സ്ഥാനത്തേക്ക് എത്തിക്കുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

അതേസമയം ഇനി താന്‍ ട്വിറ്ററില്‍ തിരിച്ചെത്തില്ലെന്ന് ഡോര്‍സി വ്യക്തമാക്കി. 2021 നംവംബറില്‍ ട്വിറ്ററിന്റെ സിഇഒ സ്ഥാനം രാജിവെച്ചപ്പോള്‍ തന്നെ അധികം വൈകാതെ കമ്പനി വിടുമെന്ന് ഡോര്‍സി അറിയിച്ചിരുന്നു. ഡോര്‍സിയുടെ പിന്ഗാമിയായി ആണ് ഇന്ത്യക്കാരനായ പരാഗ് അഗര്‍വാള്‍ ട്വിറ്ററിന്റെ തലപ്പത്ത് എത്തുന്നതും. എന്തുകൊണ്ട് സിഇഒ സ്ഥാനം രാജിവെച്ചു എന്ന് ഡോര്‍സി അന്ന് വെളിപ്പെടുത്തിയിരുന്നില്ല. ട്വിറ്ററിലുള്ള ഡോര്‍സിയുടെ ശ്രദ്ധകുറഞ്ഞതും പ്രകടനവും ചൂണ്ടിക്കാട്ടി 2020ല്‍ ട്വിറ്റര്‍ ബോര്‍ഡ് ഡോര്‍സിയെ സിഇഒ സ്ഥാനത്ത് നിന്ന് നീക്കാന്‍ ശ്രമിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

'ഏകദേശം 16 വര്‍ഷക്കാലം നമ്മുടെ സ്ഥാപനത്തിന്റെ സഹസ്ഥാപകനായി പിന്നീട് സിഇഒ ഉള്‍പ്പടെയുള്ള സ്ഥാനങ്ങള്‍ വഹിച്ചു. ട്വിറ്ററിന് അതിന്റെ സ്ഥാപകരെ വിട്ട് മുന്നോട്ട് പോവാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ ഞാന്‍ വിടവാങ്ങുന്നു'- ബോര്‍ഡില്‍ നിന്ന് പിന്മാറുന്ന വിവരം അറിയിച്ചുകൊണ്ട് ജീവനക്കാര്‍ക്ക് ഡോര്‍സി അയച്ച ഇ-മെയിലിന്റെ ചുരുക്കം ഇങ്ങനെയാണ്.

ജാക്ക് ഡോര്‍സി, നോഹ ഗ്ലാസ്, ബിസ് സ്റ്റോണ്‍, ഇവാന്‍ വില്യംസ് എന്നിവര്‍ ചേര്‍ന്ന് 2006ല്‍ ആണ് ട്വിറ്റര്‍ സ്ഥാപിക്കുന്നത്. നിലവില്‍ ഫിനാന്‍ഷ്യല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോം ആയ ബ്ലോക്കിന്റെ ചെയര്‍മാനും സിഇഒയുമാണ് ഡോര്‍സി. ട്വിറ്ററിനെ ഏറ്റെടുക്കാനുള്ള തീരുമാനം വ്യാജ അക്കൗണ്ടുകളുടെ എണ്ണം ഉള്‍പ്പടെ ചൂണ്ടിക്കാട്ടി മസ്‌ക് മരവിപ്പിച്ചിരുന്നു. ഈ നീക്കത്തെ തുടര്‍ന്ന് വലിയ അനിശ്ചിതത്ത്വത്തിലൂടെയാണ് ട്വിറ്റര്‍ കടന്നു പോവുന്നത്.

Related Articles
Next Story
Videos
Share it