മൂന്ന് വര്‍ഷത്തേക്ക് റീചാര്‍ജ് വേണ്ട; ₹10,000ന്റെ കിടിലന്‍ പ്ലാനുമായി ജിയോ, അണ്‍ലിമിറ്റഡ് 5ജിയും ഹോട്ട്സ്റ്റാറും സൗജന്യം

ദിവസം 2.5 ജിബി ഹൈസ്പീഡ് ഡാറ്റ, അണ്‍ലിമിറ്റഡ് കോളുകള്‍, 100 എസ്എംഎസ്; കാന്‍വ പ്രോ ലൈറ്റ് സബ്സ്‌ക്രിപ്ഷനും 50 ജിബി ക്ലൗഡ് സ്റ്റോറേജും അധിക ആനുകൂല്യങ്ങള്‍
മൂന്ന് വര്‍ഷത്തേക്ക് റീചാര്‍ജ് വേണ്ട; ₹10,000ന്റെ കിടിലന്‍ പ്ലാനുമായി ജിയോ, അണ്‍ലിമിറ്റഡ് 5ജിയും ഹോട്ട്സ്റ്റാറും സൗജന്യം
Published on: 

ഇന്ത്യന്‍ ടെലികോം രംഗത്തെ മാറ്റിമറിച്ച റിലയന്‍സ് ജിയോ പുതിയ പരീക്ഷണവുമായി വീണ്ടും രംഗത്ത്. ഒരൊറ്റ വലിയ പാക്കേജുമായി മൂന്നുവര്‍ഷത്തേക്ക് റീചാര്‍ജ് ചെയ്യേണ്ടതില്ലാത്ത പ്രീപെയ്ഡ് പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. 10,000 രൂപയാണ് പ്ലാനിന്റെ നിരക്ക്. മൂന്ന് വര്‍ഷം അഥവാ 1,095 ദിവസമാണ് കാലാവധി. അണ്‍ലിമിറ്റഡ് 5ജി ഡാറ്റയും വോയ്സ് കോളുകളും ഉള്‍പ്പെടെ നിരവധി ആനുകൂല്യങ്ങളാണ് പുതിയ പ്ലാനിലൂടെ ലഭ്യമാക്കുന്നത്.

രാജ്യത്തെ ടെലികോം മേഖലയില്‍ ആദ്യത്തെ മൂന്ന് വര്‍ഷ പ്രീപെയ്ഡ് പ്ലാനാണിത്. ഇന്നു മുതല്‍ (നവംബര്‍ 7) മുതല്‍ രാജ്യവ്യാപകമായി പ്ലാന്‍ ലഭ്യമാകും. ദിവസവും 2.5 ജിബി ഹൈസ്പീഡ് ഡാറ്റ പ്ലാനില്‍ ലഭിക്കും. അണ്‍ലിമിറ്റഡ് 5ജി സേവനത്തിന് അര്‍ഹതയുള്ള ഉപയോക്താക്കള്‍ക്ക് പരിധിയില്ലാതെ 5ജി ഡാറ്റ ഉപയോഗിക്കാം. എല്ലാ നെറ്റ്വര്‍ക്കുകളിലേക്കും അണ്‍ലിമിറ്റഡ് വോയ്സ് കോളുകളും ദിവസവും 100 എസ്എംഎസും ലഭിക്കും.

അധിക ആനുകൂല്യങ്ങളും

  • റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള ജിയോ ഹോട്ട്‌സ്റ്റാറിന്റെ സബ്‌സ്‌ക്രിപ്ഷനും ഈ പ്ലാന്‍ വഴി സൗജന്യമായി ലഭിക്കും. മൂന്നുവര്‍ഷത്തേക്ക് കായിക മത്സരങ്ങളും സിനിമകളും വെബ് സീരീസുകളും കാണാം.

  • ഡിസൈനിംഗ് ആവശ്യങ്ങള്‍ക്കായി 12 മാസത്തെ കാന്‍വ പ്രോ ലൈറ്റ് (Canva Pro Lite) സബ്സ്‌ക്രിപ്ഷന്‍.

  • ഫോട്ടോകളും വീഡിയോകളും രേഖകളും സൂക്ഷിക്കാന്‍ 50 ജിബി സൗജന്യ ജിയോ എഐ ക്ലൗഡ് സ്റ്റോറേജ്.

പ്രതിമാസ ചെലവ് 278 രൂപ മാത്രം

10,000 രൂപയുടെ പ്ലാന്‍ മൂന്ന് വര്‍ഷത്തേക്ക് കണക്കാക്കുമ്പോള്‍ പ്രതിവര്‍ഷം ഏകദേശം 3,333 ആണ് ചെലവ്. പ്രതിമാസം ശരാശരി 278 രൂപയുമാണ്. നിലവിലെ പ്രതിമാസ പ്ലാനുകളേക്കാള്‍ ലാഭകരമാണെന്നതാണ് ഉപയോക്താക്കളെ സംബന്ധിച്ച നേട്ടം.

നിലവില്‍ ജിയോയുടെ 3,599 രൂപയുടെ വാര്‍ഷിക പ്ലാന്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷം ഉപയോഗിക്കുന്ന ഉപഭോക്താവിന് ആകെ 10,797 രൂപ ചെലവാകും. അതുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയ മൂന്ന് വര്‍ഷ പ്ലാനിലൂടെ 797 രൂപ ലാഭിക്കാം. അതിനൊപ്പം കൂടുതല്‍ പ്രതിദിന ഇന്റര്‍നെറ്റും ലഭിക്കും.

നിരക്കുവര്‍ധനയെ പേടിക്കേണ്ടേ?

മൊബൈല്‍ റീചാര്‍ജ് നിരക്കുകള്‍ ഇടയ്ക്കിടെ വര്‍ധിക്കുന്നത് ഉപയോക്താക്കള്‍ക്ക് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുണ്ട്. എന്നാല്‍ പുതിയ പ്ലാനില്‍ മൂന്ന് വര്‍ഷത്തേക്കുള്ള നിരക്കും പ്രഖ്യാപിച്ച ആനുകൂല്യങ്ങളും മുന്‍കൂട്ടി ഉറപ്പാക്കാനാകുമെന്നാണ് ജിയോ വ്യക്തമാക്കുന്നത്. അതിനാല്‍ ഭാവിയില്‍ റീചാര്‍ജ് നിരക്കുകള്‍ ഉയര്‍ന്നാലും നിലവിലുള്ള പ്ലാനിന്റെ കാലാവധി അവസാനിക്കുന്നതുവരെ അതേ ആനുകൂല്യങ്ങള്‍ തുടരാനാകുമെന്നതാണ് പ്രത്യേകത.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```