Begin typing your search above and press return to search.
ഇനി എന്ത് സാധനങ്ങളും മറന്നേക്കൂ, അംബാനിയുടെ ജിയോ കണ്ടെത്തിത്തരും
നിത്യജീവിതത്തില്‍ ആവശ്യമായ പല സാധനങ്ങളും മറന്നുവയ്ക്കുന്നതാണ് ഇന്നത്തെ കാലത്തെ ഏറ്റവും വലിയ തലവേദന. മൊബൈല്‍ ഫോണ്‍ മറന്നുവച്ചാല്‍ അതിലേക്ക് വിളിച്ചെങ്കിലും നോക്കാം. എന്നാല്‍ വണ്ടിയുടെ താക്കോല്‍, ഐഡി കാര്‍ഡ്, പേഴ്സ് തുടങ്ങിയവ മറന്നുവച്ചാല്‍ ആരെ വിളിക്കും, ദൈവത്തിനെയല്ലാതെ. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആപ്പിള്‍ ഇതിനൊരു പരിഹാരവുമായി വന്നെങ്കിലും വിലക്കൂടുതല്‍ കൊണ്ട് സാധനം കൂടുതലാളുകളുടെ കയ്യിലെത്തിയില്ല. ഇപ്പോഴിതാ ജിയോ ടാഗ് എയര്‍ എന്ന പേരില്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ പുതിയൊരു ട്രാക്കര്‍ ഡിവൈസ് വിപണിയിലെത്തിച്ചിരിക്കുകയാണ്. ആപ്പിള്‍ എയര്‍ടാഗിന്റെ നാടന്‍ പതിപ്പാണ് ജിയോ ടാഗ് എയറെന്ന് സാരം.
ജിയോ ടാഗ് എയര്‍
മറന്നുപോകാന്‍ ഇടയുള്ള എന്തിലും ഘടിപ്പിക്കാമെന്നതാണ് ജിയോ ടാഗ് എയറിന്റെ പ്രത്യേകത. ഐഒസിലും ആന്‍ഡ്രോയിലും ഒരു പോലെ പ്രവര്‍ത്തിക്കും. ആപ്പിളിന്റെ ഫൈന്‍ഡ് മൈ ഡിവൈസ് ആപ്ലിക്കേഷന്റെ സഹായത്താല്‍ ഐഫോണ്‍, ഐപ്പാഡ്, മാക്ബുക്ക് എന്നീ ഡിവൈസുകളിലും ട്രാക്കര്‍ പ്രവര്‍ത്തിക്കും. ആന്‍ഡ്രോയിഡ് ഫോണുകളില്‍ ജിയോ തിങ്‌സ് ആപ്പിന്റെ സഹായത്തോടെയാണ് പ്രവര്‍ത്തനം. ബ്ലൂടൂത്ത് സാങ്കേതിക വിദ്യയില്‍ കമ്യൂണിറ്റി നെറ്റ്‌വര്‍ക്കുകള്‍ ഉപയോഗിച്ചാണ് കളഞ്ഞുപോയ വസ്തുക്കളെ കണ്ടെത്തുന്നത്. ആപ്പിള്‍ ഫൈന്‍ഡ് മൈ ഡിവൈസ് കമ്യൂണിറ്റി നെറ്റ്‌വര്‍ക്ക് ശക്തമായതിനാല്‍ ലോകത്തിന്റെ ഏത് കോണില്‍ പോയാലും ജിയോ ടാഗ് കാര്യക്ഷമമായി പ്രവര്‍ത്തിക്കും.
മൂന്ന് പ്രധാന മോഡുകളാണ് ട്രാക്കറിലുള്ളത്. ഫൈന്‍ഡ് മോഡ് ഉപയോഗിച്ചാല്‍ കണ്ടെത്തേണ്ട വസ്തുവിലേക്കുള്ള കൃത്യമായ റൂട്ട് മാപ്പ് ലഭിക്കും. സാധനങ്ങള്‍ എടുക്കാന്‍ മറന്നാല്‍ ഇക്കാര്യം ഓര്‍മിപ്പിക്കാന്‍ വേണ്ടിയാണ് റിമൈന്‍ഡര്‍ മോഡുള്ളത്. നഷ്ടപ്പെട്ട വസ്തുക്കള്‍ കണ്ടെത്താന്‍ ലോസ്റ്റ് മോഡും ഉപയോഗിക്കാം. കണ്ടെത്തേണ്ട ഉപകരണത്തിന്റെ അടുത്തെത്തുമ്പോള്‍ കൃത്യമായ സ്ഥലം മനസിലാക്കാന്‍ 120 ഡെബിബല്‍ ഉച്ചത്തില്‍ അലര്‍ട്ട് ലഭിക്കും.
ബ്ലൂടൂത്ത് വേര്‍ഷന്‍ 5.3ല്‍ പ്രവര്‍ത്തിക്കുന്ന ഡിവൈസില്‍ 12 മാസത്തെ ബാറ്ററി ലൈഫാണ് ജിയോ വാഗ്ധാനം ചെയ്യുന്നത്. മാറ്റിയിടാന്‍ ഒരു ബാറ്ററിയും കമ്പനി നല്‍കും. റിലയന്‍സ് ഡിജിറ്റല്‍ വെബ്‌സൈറ്റ്, ജിയോ മാര്‍ട്ട്, ആമസോണ്‍ എന്നിവിടങ്ങളില്‍ നിന്നും ജിയോ ടാഗ് എയര്‍ വാങ്ങിക്കാം. 1499 രൂപയാണ് വില (ആപ്പിള്‍ എയര്‍ ടാഗിന് 3499 രൂപയോളമാണ് വില) . ചുവപ്പ്, നീല, ഗ്രേ എന്നീ നിറങ്ങളില്‍ ലഭിക്കും. ആപ്പിള്‍ എയര്‍ ടാഗിന് ഒരു പകരക്കാരനെ അന്വേഷിക്കുന്നവര്‍ക്ക് പോക്കറ്റ് കാലിയാകാതെ വാങ്ങിക്കാവുന്ന ഉപകരണമാണിത്.
Next Story
Videos