Begin typing your search above and press return to search.
പിഴ 141 കോടിയിലെത്തിയിട്ടും വില്ലനായി സ്പാം കോള്‍; കുടിശിക തീര്‍ക്കാതെ ടെലികോം കമ്പനികള്‍
സ്‌പാം കോളുകളും സന്ദേശങ്ങളും നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടതിന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പ്രമുഖ ടെലികോം ഓപ്പറേറ്റർമാർക്ക് പിഴ ചുമത്തി. റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ (വി.ഐ), ബി.എസ്.എന്‍.എല്‍ തുടങ്ങിയ കമ്പനികള്‍ക്കെതിരെയാണ് പിഴ ചുമത്തിയത്.
സ്പാം കോളുകളിൽ നിന്നും സന്ദേശങ്ങളിൽ നിന്നും മൊബൈല്‍ ഉപയോക്താക്കളെ സംരക്ഷിക്കാൻ ലക്ഷ്യമിട്ട് 2010 ലാണ് ടി.സി.സി.സി.പി.ആര്‍ (ടെലികോം കൊമേഴ്‌സ്യൽ കമ്മ്യൂണിക്കേഷൻസ് കസ്റ്റമർ പ്രിഫറൻസ് റെഗുലേഷൻസ്) സ്ഥാപിക്കുന്നത്. ഉപയോക്താക്കള്‍ക്ക് പ്രൊമോഷണൽ ഉള്ളടക്കം തടയുന്നതിനുള്ള ഓപ്ഷനുകൾ, ടെലിമാർക്കറ്റർമാർക്കുള്ള നിർബന്ധിത രജിസ്ട്രേഷൻ, പ്രമോഷണൽ ആശയവിനിമയത്തിനുള്ള സമയ നിയന്ത്രണങ്ങൾ, ലംഘിക്കുന്നവർക്കുള്ള പിഴകൾ തുടങ്ങിയവയാണ് ടി.സി.സി.സി.പി.ആര്‍ പ്രധാനമായും കൈകാര്യം ചെയ്യുന്നത്.
12 കോടി രൂപയാണ് ട്രായ് പുതുതായി പിഴ ചുമത്തിയിരിക്കുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മുൻ പിഴകൾ കൂടി ചേർത്താൽ ടെലികോം കമ്പനികൾ നൽകാനുള്ള ആകെ തുക 141 കോടി രൂപയാണ്. എന്നാല്‍ കമ്പനികള്‍ ഈ കുടിശിക തീര്‍ത്തിട്ടില്ല. കമ്പനികളുടെ ബാങ്ക് ഗ്യാരൻ്റി ഉപയോഗിച്ച് പണം വീണ്ടെടുക്കാൻ ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിനോട് (ഡി.ഒ.ടി) ട്രായ് അഭ്യർത്ഥിച്ചിട്ടുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് ഡി.ഒ.ടി തീരുമാനത്തില്‍ എത്തിയിട്ടില്ല.
തങ്ങള്‍ ഇടനിലക്കാര്‍ മാത്രമെന്ന് ടെലികോം കമ്പനികള്‍
ബിസിനസ് സ്ഥാപനങ്ങളിൽ നിന്നും ടെലിമാർക്കറ്റിങ് കമ്പനികളില്‍ നിന്നുമാണ് നിന്നുമാണ് സ്പാം പ്രശ്നം പ്രധാനമായും ഉണ്ടാകുന്നതെന്നും തങ്ങളില്‍ നിന്നല്ല എന്നുമാണ് ടെലികോം ഓപ്പറേറ്റർമാർ വാദിക്കുന്നത്. കേവലം ഇടനിലക്കാരായ തങ്ങളെ ശിക്ഷിക്കുന്നത് അന്യായമാണെന്നാണ് ഇവരുടെ നിലപാട്. സ്പാം കോളുകള്‍ ഇല്ലാതാക്കുന്നതിനായി ചെലവഴിക്കുന്ന ഭീമമായ തുകയും ടെലികോം ഓപ്പറേറ്റർമാർ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, വാട്ട്‌സ്ആപ്പ് പോലുള്ള ഓവർ-ദി-ടോപ്പ് (ഒ.ടി.ടി) പ്ലാറ്റ്‌ഫോമുകളിലേക്കും മറ്റ് ബിസിനസുകളിലേക്കും സ്പാം നിയന്ത്രണങ്ങൾ നീട്ടണമെന്ന് ടെലികോം കമ്പനികൾ ട്രായിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പ്ലാറ്റ്‌ഫോമുകൾ സ്‌പാം ട്രാഫിക്ക് വലിയ തോതില്‍ സൃഷ്ടിക്കുന്നുണ്ട്.
സ്പാമിനെ കൂടുതൽ ഫലപ്രദമായി നേരിടാൻ ടി.സി.സി.സി.പി.ആര്‍ പരിഷ്കരിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള പ്രക്രിയയിലാണ് ട്രായ്. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളും ബിസിനസ്സുകളും ഉൾപ്പെടെയുളള എല്ലാ പങ്കാളികളും ഉത്തരവാദിത്തമുള്ളവരല്ലെങ്കിൽ സ്പാം ഇല്ലാതാക്കാൻ കഴിയില്ലെന്നാണ് ടെലികോം കമ്പനികള്‍ വ്യക്തമാക്കുന്നത്.
Next Story
Videos