

എ.ഐ മേഖലയില്‍ വമ്പന്‍ ഓഫറുമായി റിലയന്‍സ് ജിയോ. ഗൂഗ്‌ളിന്റെ ഏറ്റവും പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡലായ ജെമിനി 3 ഉള്‍പ്പെടുന്ന ജെമിനി പ്രോ പ്ലാന്‍ 18 മാസത്തേക്ക് സൗജന്യമായി നല്‍കാനാണ് ജിയോയുടെ തീരുമാനം. എല്ലാ അണ്‍ലിമിറ്റഡ് 5ജി പ്ലാന്‍ വരിക്കാര്‍ക്കും 35,100 രൂപ വിലമതിക്കുന്ന പ്രീമിയം എ.ഐ സേവനങ്ങള്‍ ലഭിക്കുമെന്നും കമ്പനി അറിയിച്ചു.
ആദ്യഘട്ടത്തില്‍ 18നും 25നും ഇടയില്‍ പ്രായമുള്ള യുവ ഉപയോക്താക്കള്‍ക്ക് മാത്രമായിരുന്നു ഈ ഓഫര്‍ ലഭ്യമാക്കിയിരുന്നത്. എന്നാല്‍ ഇനി മുതല്‍ യോഗ്യതയുള്ള എല്ലാ ജിയോ ഉപയോക്താക്കള്‍ക്കും ഓഫര്‍ ലഭ്യമാകും. അത്യാധുനിക എ.ഐ സാങ്കേതികവിദ്യ രാജ്യത്തെ കൂടുതല്‍ പൗരന്മാര്‍ക്ക് പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ വിപുലീകരണം.
ഇതുവരെയുള്ളതില്‍ വെച്ചേറ്റവും ഇന്റലിജന്റായ മോഡലെന്ന പേരില്‍ ജെമിനി 3 മോഡല്‍ കഴിഞ്ഞ ദിവസമാണ് ഗൂഗ്ള്‍ പുറത്തിറക്കിയത്. മള്‍ട്ടി മോഡല്‍ അണ്ടര്‍സ്റ്റാന്‍ഡിംഗ് കഴിവുകളുള്ള ലോകത്തിലെ തന്നെ ആദ്യ മോഡലാണിതെന്ന് ഗൂഗ്ള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചെ ഇതിനെ വിശേഷിപ്പിച്ചത്. ചാറ്റ് ജി.പി.ടി നിര്‍മാതാക്കളായ ഓപ്പണ്‍ എ.ഐക്കെതിരെ അടുത്ത കാലത്ത് ഗൂഗ്ള്‍ നടത്തിയ മികച്ച നീക്കമാണ് ജെമിനി 3യെന്നാണ് അനലിസ്റ്റുകള്‍ വിശേഷിപ്പിക്കുന്നത്. ഗൂഗ്ള്‍ സെര്‍ച്ചിനൊപ്പം ജെമിനി 3 സേവനങ്ങളും കൂടി കൂട്ടിച്ചേര്‍ത്തുവെന്നതാണ് പ്രത്യേകത. അതായത് വേറൊരു ആപ്പും ഡൗണ്‍ലോഡ് ചെയ്യാതെ ബ്രൗസറിലെ എ.ഐ മോഡില്‍ ക്ലിക്ക് ചെയ്താല്‍ ഈ മോഡല്‍ ഉപയോഗിക്കാനാകും.
ടെക് രംഗത്ത് വലിയ സ്വാധീനമുള്ള കമ്പനിയാണ് ഗൂഗ്‌ളെങ്കിലും എ.ഐ മേഖലയില്‍ ഇപ്പോഴും ചാറ്റ് ജി.പി.ടിക്ക് പുറകിലാണ്. ഇന്റര്‍നെറ്റിലെ സെര്‍ച്ചുകള്‍ക്ക് ഗൂഗ്ള്‍ സെര്‍ച്ചെന്ന പ്രയോഗം ഉപയോഗിക്കുന്നതു പോലെയാണ് എ.ഐയുടെ കാര്യത്തില്‍ ചാറ്റ് ജി.പി.ടിയും. ഈ മേധാവിത്തം അവസാനിപ്പിക്കാന്‍ കച്ചകെട്ടിയാണ് പുതിയ മോഡലുമായി ഗൂഗ്‌ളിന്റെ വരവ്. മികച്ച ബ്രാന്‍ഡ് വിസിബിലിറ്റിയുണ്ടെങ്കിലും പല മേഖലകളിലും ഗൂഗ്‌ളിനെ കവച്ചുവെക്കാന്‍ മറ്റൊരാളില്ല. ഇന്ത്യന്‍ വാഹന മേഖലയില്‍ മാരുതി സുസുക്കിയുടെ സ്ഥാനമാണ് ടെക് രംഗത്ത് ഗൂഗ്‌ളിനെന്ന് വേണമെങ്കില്‍ പറയാം. പുതിയ മോഡലും കൂടി എത്തിയതോടെ ചാറ്റ് ജി.പി.ടിയോട് നേരിട്ട് ഏറ്റുമുട്ടാനുള്ള ശേഷി ഗൂഗ്ള്‍ കൈവരിച്ചെന്നാണ് അനലിസ്റ്റുകള്‍ പറയുന്നത്.
അര്‍ഹരായ ഉപയോക്താക്കള്‍ക്ക് മൈ ജിയോ ആപ്പ് വഴി എളുപ്പത്തില്‍ ഈ പ്ലാന്‍ സ്വന്തമാക്കാം. ആപ്പിന്റെ ഹോം പേജില്‍ കാണുന്ന ക്ലെയിം നൗ (Claim Now) എന്ന ബാനറില്‍ ക്ലിക്ക് ചെയ്ത് ഓഫര്‍ ഉടന്‍ തന്നെ സ്വന്തമാക്കാവുന്നതാണ്
Read DhanamOnline in English
Subscribe to Dhanam Magazine