Begin typing your search above and press return to search.
രാജ്യത്തിന്റെ ആണവോര്‍ജ മേഖലയില്‍ നിര്‍ണായക ചുവടുവെപ്പ്; കല്‍പ്പാക്കത്തെ റിയാക്ടറില്‍ പ്ലൂട്ടോണിയം ഇന്ധനം നിറയ്ക്കാന്‍ അനുമതി
കല്‍പ്പാക്കത്തെ പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറിന് (പി.എഫ്.ബി.ആര്‍) ആണവ ഇന്ധനം നിറയ്ക്കാന്‍ അനുമതി ലഭിച്ചു. അറ്റോമിക് എനര്‍ജി റെഗുലേറ്ററി ബോര്‍ഡാണ് അനുമതി നല്‍കിയത്. ഇവിടെ ആണവ ഇന്ധനമായി പ്ലൂട്ടോണിയമാണ് ഉപയോഗിക്കുന്നത്. പ്രകൃതിദത്ത പ്ലൂട്ടോണിയത്തിന്റെ ലഭ്യത കുറവു മൂലം അറ്റോമിക് പ്ലാന്റുകളിലാണ് ഇവയുടെ ഉല്‍പ്പാദനം നടക്കുന്നത്.
6740 കോടി രൂപ ചെലവ്
പ്രോടോട്ടൈപ്പ് ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടര്‍ നിര്‍മ്മിക്കുന്നതിനായി ഭാരതീയ നാഭികിയി വിദ്യുത് നിഗം ലിമിറ്റഡ് (ഭവിനി) സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 2003 ലാണ് തീരുമാനിക്കുന്നത്. ഏറ്റവും നൂതനമായ സാങ്കേതിക സംവിധാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ന്യൂക്ലിയര്‍ റിയാക്ടറാണ് പ്രോടോട്ടൈപ്പ് ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടര്‍.
ആത്മനിര്‍ഭര്‍ ഭാരത് ആശയം നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ പൂര്‍ണമായും തദ്ദേശീയമായാണ് പി.എഫ്.ബി.ആര്‍ നിര്‍മ്മാണ പ്രക്രിയകള്‍ ഭവിനി നടത്തിയിട്ടുളളത്. 5677 കോടി രൂപയുടെ പദ്ധതിയായാണ് ഇത് തുടങ്ങിയതെങ്കിലും 6740 കോടി രൂപയോളം നിലവില്‍ ചെലവായിട്ടുണ്ട്. 20 വര്‍ഷമായി പി.എഫ്.ബി.ആറിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഏറ്റവും പുതിയ സാങ്കേതിക വിദ്യയിലായിരിക്കും റിയാക്ടറിന്റെ പ്രവര്‍ത്തനം.
രണ്ടാമത്തെ രാജ്യമെന്ന നേട്ടം ഇന്ത്യക്ക്
39 വര്‍ഷമായി തമിഴ്നാട്ടിലെ കല്‍പ്പാക്കത്ത് ഫാസ്റ്റ് ബ്രീഡര്‍ ടെസ്റ്റ് റിയാക്ടര്‍ പ്രവര്‍ത്തനം നടത്തുന്നുണ്ട്. അതിനെ നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടര്‍ വികസിപ്പിച്ചിരിക്കുകയാണ്.
ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ ഉള്‍പ്പടെ 200 ല്‍ അധികം വ്യവസായ സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി കമ്മീഷന്‍ ചെയ്യുന്നതോടെ വാണിജ്യപരമായി ഉല്‍പ്പാദനമുളള ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറുളള രണ്ടാമത്തെ രാജ്യമെന്ന നേട്ടം ഇന്ത്യക്ക് സ്വന്തമാകും. കൂടുതല്‍ ഇന്ധനം ഉല്പാദിപ്പിക്കാനാവുന്ന റിയാക്ടറുകളാണ് ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടര്‍. അതിനാല്‍ ഗണ്യമായ ഊര്‍ജ സ്രോതസുകളായാണ് ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറുകളെ കണക്കാക്കുന്നത്.
സുരക്ഷിതമായ റിയാക്ടറാണ് പി.എഫ്.ബി.ആര്‍ എന്നും രാജ്യത്തിന്റെ ആണവോര്‍ജ പദ്ധതികളില്‍ ഇത് വളരെ പ്രധാനപ്പെട്ട വികസന ചുവടുവെപ്പാണെന്നും അറ്റോമിക് എനര്‍ജി റെഗുലേറ്ററി ബോര്‍ഡ് ദിനേഷ് കുമാര്‍ ശുക്ല വ്യക്തമാക്കി.
Next Story
Videos