കേരളത്തിന്റെ എഐ മിഷൻ; ഗ്ലോബൽ ടെക് സ്വപ്നത്തിലേക്ക് ഇന്ത്യ ചിറകടിച്ചുയരുന്നു

എഐ, സൂപ്പർ കമ്പ്യൂട്ടിംഗ്, സ്റ്റാർട്ടപ്പുകൾ, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ എന്നിവയിൽ ഇന്ത്യ കൈവരിക്കുന്ന വൻ മുന്നേറ്റങ്ങൾ രാജ്യത്തെ ആഗോള ടെക് ശക്തിയാക്കി മാറ്റുമ്പോൾ കേരളവും ചരിത്ര നേട്ടവുമായി മുന്നേറുന്നു
AI Department Kerala And Indian Tech Future
Canva
Published on

ദിലീപ് സേനാപതി

ഇന്ത്യ ഇന്ന് അതിവേഗം ഒരു ആഗോള എഐ ഹബ്ബായും ഭാവിയിലെ സാങ്കേതിക സൂപ്പർപവറായും ഉയർന്ന് വരികയാണ്. ലോകത്ത് ഇതുവരെ അവതരിപ്പിക്കപ്പെട്ടതിലെ ഏറ്റവും വലിയ സാങ്കേതിക വിപ്ലവങ്ങളിലൊന്നായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), ഇന്ത്യയാൽ ഭാവിയിൽ നയിക്കപ്പെടും എന്നതിലേക്ക് എത്താൻ അധിക ദൂരമില്ല. ഇന്ത്യയുടെ സാമ്പത്തിക ശക്തിയുടെ പുതിയ എഞ്ചിനായി എഐ മാറും.

ലോകത്തിലെ ഏറ്റവും വലിയ എഐ ടാലന്റ് ഹബ്ബായി ഇന്ത്യ മാറിയിരിക്കുകയാണ്. ഇന്ത്യയിൽ നിലവിൽ 6 ദശലക്ഷത്തിലധികം ടെക്‌നോളജി, എഐ പ്രൊഫഷണലുകൾ പ്രവർത്തിക്കുന്നു. രാജ്യത്തെ 1,800-ത്തിലധികം ഗ്ലോബൽ കപ്പാസിറ്റി സെന്ററുകളിൽ 500-ലധികം കേന്ദ്രങ്ങൾ എഐ ഗവേഷണത്തിലും വികസനത്തിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. ഏകദേശം രണ്ട് ലക്ഷം സ്റ്റാർട്ടപ്പുകളിൽ 89 ശതമാനവും തങ്ങളുടെ സൊലൂഷനുകൾ വികസിപ്പിക്കാൻ എഐയെ ആശ്രയിക്കുന്നതും ശ്രദ്ധേയമാണ്. നാസ്കോം കണക്കുകൾ പ്രകാരം ഇന്ത്യൻ എന്റർപ്രൈസ് കമ്പനികളിൽ 87 ശതമാനവും എഐ ഉപയോഗിക്കുന്നു.

ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, IIT കാൺപൂർ, IIT റോപ്പർ, IIT ചെന്നൈ എന്നിവിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള നാല് AI Centers of Excellence രാജ്യത്തിന്റെ ഗവേഷണ ശേഷിയെ കൂടുതൽ ശക്തിപ്പെടുത്തുന്നു. ഉയർന്ന നിലവാരത്തിലുള്ള ഗവേഷണങ്ങളും നവീകരണങ്ങളും സാങ്കേതിക വികസനങ്ങളും വഴി ഇന്ത്യയുടെ എഐ ഭാവിക്ക് ഇവ കരുത്തേകുന്നു.

ഇന്ത്യയുടെ കമ്പ്യൂട്ടിംഗ് ശേഷിയും പരം രുദ്രയും

സൂപ്പർ കമ്പ്യൂട്ടിംഗ് മേഖലയിലും ഇന്ത്യ ശ്രദ്ധേയമായ മുന്നേറ്റമാണ് കൈവരിച്ചിരിക്കുന്നത്. നാഷണൽ സൂപ്പർ കമ്പ്യൂട്ടിംഗ് മിഷന്റെ ഭാഗമായി ഇതുവരെ 39 പെറ്റാഫ്ലോപ്സ് സംയോജിത ശേഷിയുള്ള 37 സൂപ്പർ കമ്പ്യൂട്ടറുകൾ നിർമ്മിച്ച് രാജ്യത്തുടന്നീളം വിന്യസിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർവകലാശാലകൾ, ഗവേഷണ-വികസന ലാബുകൾ എന്നിവിടങ്ങളിലായി പ്രവർത്തിക്കുന്ന ഈ സംവിധാനങ്ങൾ അതിവേഗ കംപ്യൂട്ടിംഗ് ശേഷി ഉറപ്പാക്കുന്നു.

ഇതു കൂടാതെ, 20 പെറ്റാഫ്ലോപ്സ് ശേഷിയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഹൈ-പെർഫോർമൻസ് കംപ്യൂട്ടിംഗ് (HPC), എഐ സൗകര്യങ്ങളോടുകൂടിയ നാഷണൽ ഫെസിലിറ്റി സെന്ററിനൊപ്പം 10 പുതിയ സൂപ്പർ കമ്പ്യൂട്ടറുകൾ കൂടി പ്രവർത്തന സജ്ജമാകാനിരിക്കുകയാണ്. സാങ്കേതിക സ്വയംപര്യാപ്തത ലക്ഷ്യമാക്കി സെർവറുകൾ, ഹൈ-സ്പീഡ് ഇന്റർകണക്ടുകൾ, സിസ്റ്റം സോഫ്റ്റ്‌വെയർ സ്റ്റാക്കുകൾ, ഡയറക്ട്-ടു-ചിപ്പ് ലിക്വിഡ് കൂളിംഗ് ടെക്‌നോളജി എന്നിവ ഉൾപ്പെടെയുള്ള വിവിധ ഘടകങ്ങൾ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. രാജ്യത്ത് തന്നെ രൂപകൽപന ചെയ്ത 'പരം രുദ്ര' സൂപ്പർ കമ്പ്യൂട്ടറുകൾ തദ്ദേശീയ സോഫ്റ്റ്‌വെയർ സ്റ്റാക്കുകൾ ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. ഇവയ്ക്ക് കരുത്തേകുന്ന 6,000 രുദ്ര സെർവറുകൾ നാഷണൽ സൂപ്പർ കമ്പ്യൂട്ടിംഗ് മിഷന്റെ സുപ്രധാന നാഴികക്കല്ലായി മാറിയിരിക്കുന്നു.

എഐ തൊഴിൽ സാധ്യതകളും ശമ്പള വർധനയും

രാജ്യത്ത് എഐ അടിസ്ഥാനമാക്കിയുള്ള നൂറിലധികം സ്റ്റാർട്ടപ്പുകൾക്ക് ഇതിനോടകം അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ എഐ സ്റ്റാർട്ടപ്പുകളെ ആഗോളതലത്തിലേക്ക് ഉയർത്തുന്നതിനായി Station F, HEC Paris എന്നിവയുമായി സഹകരിച്ച് 'India AI Startup Global Program' ആരംഭിച്ചിട്ടുണ്ട്. Responsible AI, Cyber Security AI മേഖലകളിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് പരിശീലനവും അന്താരാഷ്ട്ര പിന്തുണയും നൽകുന്ന ഈ പദ്ധതിയിൽ Privacy Enhancing AI, Secure Blink തുടങ്ങിയ സ്റ്റാർട്ടപ്പുകൾ ഇതിനകം പങ്കാളികളാണ്.

വേൾഡ് ബാങ്കിന്റെ South Asian Development Report പ്രകാരം ദക്ഷിണേഷ്യയിൽ ഏറ്റവും കൂടുതൽ എഐ അധിഷ്ഠിത തൊഴിൽ അവസരങ്ങൾ ഇന്ത്യയിലാണ്. ഡിജിറ്റൽ വൈദഗ്ധ്യം ആവശ്യമായ ജോലികൾക്ക് ശരാശരി 12 ശതമാനം അധിക ശമ്പളം ലഭിക്കുമ്പോൾ, എഐ കേന്ദ്രീകൃത ജോലികൾക്ക് 28 ശതമാനം വരെ അധിക ശമ്പള വർധനയാണ് ലഭിക്കുന്നത്. എഐ നൈപുണ്യത്തിനുള്ള ആവശ്യം 75 ശതമാനം നിരക്കിൽ വർധിച്ചുവരുന്നതും ഈ മേഖലയിലെ സാധ്യതകളെ കൂടുതൽ ശക്തമാക്കുന്നു.

എഐ ഡാറ്റാ സെന്ററുകളിലേക്കുള്ള വൻ നിക്ഷേപങ്ങളും രാജ്യത്തിന്റെ സാങ്കേതിക ഭാവിക്ക് പുതിയ പ്രതീക്ഷകളാണ് നൽകുന്നത്. എഐക്കും ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിനും വലിയ ഉത്തേജനം നൽകുന്ന നയപരമായ മാറ്റങ്ങൾ വരും വർഷങ്ങളിൽ കൂടുതൽ ശക്തമാകുമെന്ന് ഉറപ്പാണ്.

ഭീമൻ നിക്ഷേപങ്ങളും ഡിജിറ്റൽ ശേഷിയും

ഇന്ത്യ എഐ മിഷനുവേണ്ടി അഞ്ചു വർഷത്തേക്ക് 10,300 കോടിയിലധികം രൂപ അനുവദിച്ചിട്ടുണ്ട്. നിലവിലുള്ള 38,000 GPU-കൾക്ക് പുറമേ 20,000 GPU-കൾ കൂടി ദേശീയ എഐ അടിസ്ഥാന സൗകര്യങ്ങളിലേക്ക് കൂട്ടിച്ചേർക്കുന്നതിലൂടെ രാജ്യത്തിന്റെ ഡിജിറ്റൽ ശേഷി വലിയ രീതിയിൽ വർധിക്കും. 2035 ഓടെ എഐ വഴി ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിൽ 1.7 ട്രില്യൺ ഡോളറിന്റെ അധിക മൂല്യം സൃഷ്ടിക്കപ്പെടുമെന്നും വിലയിരുത്തപ്പെടുന്നു.

വികസനത്തിന്റെ പുതിയ എഞ്ചിനായി എഐ മാറിക്കൊണ്ടിരിക്കുകയാണ്. വ്യാവസായിക ഓട്ടോമേഷൻ, വേഗത്തിലുള്ള ഉത്പാദനം, ചെലവ് കുറയ്ക്കൽ, മികച്ച സേവനങ്ങൾ, കൃത്യമായ ഡാറ്റാ വിശകലനം എന്നിവ ഉൾപ്പെടെ എല്ലാ മേഖലകളിലും എഐ നിർണായക പങ്ക് വഹിക്കുന്നു. വരും വർഷങ്ങളിൽ ആഗോള സമ്പദ്‌‍വ്യവസ്ഥയിലേക്ക് ട്രില്യൺ കണക്കിന് ഡോളറുകൾ സംഭാവന ചെയ്യാനുള്ള ശേഷിയാണ് എഐയ്ക്കുള്ളത്.

യന്ത്രങ്ങളെ ചിന്തിക്കാനും പഠിക്കാനും പ്രാപ്തരാക്കുന്ന സാങ്കേതികവിദ്യയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. മനുഷ്യർ അനുഭവങ്ങളിൽ നിന്ന് പഠിക്കുകയും പാറ്റേണുകൾ തിരിച്ചറിയുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്നതുപോലെ, എഐ സംവിധാനങ്ങളും ഡാറ്റയെ അടിസ്ഥാനമാക്കി പഠിക്കുകയും നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്യുന്നു.

ഇന്ത്യ ഇന്ന് എഐയെ ജനാധിപത്യവൽക്കരിക്കുന്ന ദിശയിലാണ് മുന്നേറുന്നത്. അതായത്, കുറഞ്ഞ ചെലവിൽ കമ്പ്യൂട്ടിംഗ് ശേഷിയിലേക്കും ഡാറ്റയിലേക്കും കൂടുതൽ ജനങ്ങൾക്ക് എളുപ്പത്തിൽ പ്രവേശനം ഉറപ്പാക്കുകയാണ് ലക്ഷ്യം. മനുഷ്യരാശിയുടെ കൂട്ടാളിയായി എഐ മാറുന്ന ഒരു ഭാവി ദർശനമാണ് ഇന്ത്യ മുന്നോട്ട് വെക്കുന്നത്. എഐയുടെ ഉത്തരവാദിത്തപരമായ ഉപയോഗം അത്ഭുതകരമായ മാറ്റങ്ങൾ സൃഷ്ടിക്കുന്ന ഒരു പുതിയ കാലഘട്ടത്തിലേക്കാണ് ലോകം കടന്നുപോകുന്നത്.

ചരിത്രം കുറിച്ച് കേരളം

ആർട്ടിഫിഷ്യൽ ഇന്റലിജൻസിനായി കാബിനറ്റ് തലത്തിൽ പ്രത്യേക വകുപ്പ് രൂപീകരിച്ച രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം ചരിത്രം കുറിച്ചു. സർക്കാർ സേവനങ്ങളിലും ഭരണ സംവിധാനങ്ങളിലും ആധുനിക എഐ സാങ്കേതികവിദ്യകൾ ഫലപ്രദമായി നടപ്പിലാക്കുക, എഐ അധിഷ്ഠിത ഗവേഷണങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും കൂടുതൽ പിന്തുണ നൽകുക, നിക്ഷേപങ്ങളും സംരംഭങ്ങളും സംസ്ഥാനത്തേക്ക് ആകർഷിക്കുക, തൊഴിൽ പരിശീലനങ്ങൾക്കും ഗവേഷണ പ്രവർത്തനങ്ങൾക്കും മുൻഗണന നൽകുക, സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ എഐ ഉപയോഗത്തിനായി പ്രത്യേക നയം രൂപപ്പെടുത്തുക തുടങ്ങിയവയാണ് ഈ വകുപ്പിന്റെ പ്രധാന ലക്ഷ്യങ്ങൾ.

കേരളത്തിന്റെ ഈ ദൂരദർശിയായ നീക്കത്തിന് പിന്നാലെ തമിഴ്‌നാടും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനായി പ്രത്യേക വകുപ്പ് രൂപീകരിച്ചിരിക്കുന്നത് രാജ്യത്ത് എഐ ഭരണ സംവിധാനങ്ങൾക്ക് ലഭിക്കുന്ന പ്രാധാന്യത്തിന്റെ തെളിവാണ്.

സാങ്കേതിക വിദ്യയുടെ അടുത്ത വലിയ അധ്യായം എഐയുടേതാണ്. ആ മാറ്റത്തിന്റെ ഹൃദയഭാഗത്ത് ഇന്ത്യയുണ്ടെന്നതാണ് ഇന്നത്തെ ഏറ്റവും വലിയ യാഥാർത്ഥ്യം. അറിവും നവീകരണവും മാനവവിഭവ ശേഷിയും കൂട്ടിച്ചേർത്ത് ഇന്ത്യ ലോകത്തിന്റെ എഐ ഭാവിയെ രൂപപ്പെടുത്തുന്ന ശക്തിയായി ഉയർന്നു വരികയാണ്, നമ്മുടെ സംസ്ഥാനവും.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com