കെ ഫോണ്‍ വളര്‍ച്ച മന്ദഗതിയില്‍; കൂടുതല്‍ കണക്ഷന്‍ മലപ്പുറത്ത്, കുറവ് കാസര്‍കോട്

സര്‍ക്കാര്‍ ഓഫീസുകളില്‍ പുരോഗതി, ബി.പി.എല്‍ വിഭാഗത്തില്‍ മെല്ലെപ്പോക്ക്
KFONE
Image/ Canva
Published on

സംസ്ഥാന സര്‍ക്കാരിന്റെ കെ ഫോണ്‍ പദ്ധതിക്ക് മെല്ലെപ്പോക്ക്. കുറഞ്ഞ ചിലവില്‍ ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കാനായി അവതരിപ്പിച്ച പദ്ധതി ആറു മാസം പിന്നിടുമ്പോള്‍ സംസ്ഥാനത്ത് 70,000 കണക്ഷനുകളാണ് നല്‍കിയിട്ടുള്ളത്. ബി.പി.എല്‍ കുടുംബങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, വീടുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിങ്ങിനെ വിവിധ വിഭാഗങ്ങളിലായാണ് കണക്ഷനുകള്‍ നല്‍കി വരുന്നത്. ഇതില്‍ സര്‍ക്കാര്‍ ഓഫീസുകളിലും വാണിജ്യ സ്ഥാപനങ്ങളിലുമാണ് കൂടുതല്‍ കണക്ഷന്‍ നല്‍കാനായത്. ഇതുവരെ നല്‍കിയവയില്‍ 40,000 വാണിജ്യ കണക്ഷനുകളാണ്. ബി.പി.എല്‍ കുടുംബങ്ങള്‍ക്കുള്ള സൗജന്യ കണക്ഷന്‍, വീടുകളിലേക്കുള്ള കണക്ഷന്‍ എന്നിവയില്‍ കാര്യമായ പുരോഗതി ഉണ്ടാവുന്നില്ല. നിര്‍ധന കുടുബങ്ങളില്‍ 5,300 കുടുംബങ്ങളില്‍ കെ.ഫോണ്‍ ലഭ്യമാക്കാനായി. സംസ്ഥാനത്തെ 24,000 സര്‍ക്കാര്‍ ഓഫീസുകളിലും ഉപയോഗിക്കുന്നു.

മലപ്പുറം ജില്ല മുന്നില്‍

സംസ്ഥാനത്ത് ഏറ്റവുമധികം കെഫോണ്‍ ഡാറ്റ കണക്ഷന്‍ ലഭ്യതയുള്ളത് മലപ്പുറം ജില്ലയിലാണ്. 9,500 കണക്ഷനുകളാണ് ഇവിടെ നല്‍കിയത്. ഇതില്‍ 3,000 കണക്ഷനുകള്‍ സര്‍ക്കാര്‍ ഓഫീസുകളിലാണ്. 800 ബി.പി.എല്‍ കുടുബങ്ങളിലും കണക്ഷന്‍ എത്തി. സംസ്ഥാനത്ത് കൂടുതല്‍ ഗാര്‍ഹിക ഉപഭോക്താക്കളുള്ള ജില്ലയും മലപ്പുറമാണ്. 4,237 കണക്ഷനുകളുള്ള കോട്ടയം ജില്ലയാണ് രണ്ടാം സ്ഥാനത്ത്. കോഴിക്കോട് (3,253), ഇടുക്കി (2,590), എറണാകുളം (2,600), കൊല്ലം (2,237), വയനാട് (2,201), തിരുവനന്തപുരം (2,002), കണ്ണൂര്‍ (1,700), ആലപ്പുഴ (1,660), പത്തനംതിട്ട (1,200) എന്നിങ്ങിനെയാണ് മറ്റു ജില്ലകളിലെ കണക്കുകള്‍. 207 കണക്ഷന്‍ മാത്രം നല്‍കിയ കാസര്‍കോട് ജില്ലയാണ് പിന്നില്‍.

ലക്ഷ്യം ഒരു ലക്ഷം കണക്ഷന്‍

ഈ വര്‍ഷം ഡിസംബര്‍ 31 നുള്ളില്‍ ഒരു ലക്ഷം കണക്ഷനുകള്‍ നല്‍കാനാണ് കെഫോണ്‍ ലക്ഷ്യമിടുന്നത്. സൗജന്യ കണക്ഷനുകളുടെ എണ്ണത്തില്‍ കാര്യമായി മുന്നോട്ടു പോകാനായിട്ടില്ല. 14,000 കണക്ഷനുകള്‍ ഈ വിഭാഗത്തില്‍ നല്‍കാന്‍ ലക്ഷ്യമിട്ടിരുന്നെങ്കിലും ഇതുവരെ 5,500 എണ്ണം മാത്രമാണ് നല്‍കിയിട്ടുള്ളത്. അതേസമയം, 29,216 കണക്ഷനുകള്‍ നല്‍കാന്‍ ലക്ഷ്യമിട്ട സര്‍ക്കാര്‍ ഓഫീസുകളില്‍ ഇതിനകം 23,642 എണ്ണം നല്‍കി. ഡാര്‍ക്ക് ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കുന്നതിലുള്ള കാലതാമസമാണ് കെ ഫോണ്‍ നേരിടുന്ന പ്രധാന വെല്ലുവിളി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com