കൊച്ചി ഇന്‍ഫോ പാര്‍ക്കിന്റെ കയറ്റുമതി കുതിപ്പ് 11,417 കോടിയില്‍; വളര്‍ച്ച 25 ശതമാനം

കോവിഡിന് ശേഷം ഐ.ടി കമ്പനികളുടെയും ജീവനക്കാരുടെയും എണ്ണത്തില്‍ വര്‍ധന
infopark.in
infopark.in
Published on

രണ്ടു പതിറ്റാണ്ടിന്റെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന കയറ്റുമതി നേട്ടമുണ്ടാക്കി കൊച്ചി ഇന്‍ഫോ പാര്‍ക്ക്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം ഐ.ടി കയറ്റുമതിയില്‍  24.28 ശതമാനത്തിന്റെ വളര്‍ച്ചയാണ് നേടിയത്. 11,417 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷത്തെ കയറ്റുമതി മൂല്യം. കഴിഞ്ഞ എട്ടുവര്‍ഷമായി കയറ്റുമതി രംഗത്ത് ഇന്‍ഫോ പാര്‍ക്ക് നേടുന്ന വളര്‍ച്ചയുടെ തുടര്‍ച്ചയാണ് ഈ റെക്കോര്‍ഡ് നേട്ടം. 2016-17 കാലത്ത് കയറ്റുമതി മൂല്യം 3,000 കോടി രൂപ മാത്രമായിരുന്നു.

മികവിലൂടെ നേടിയെടുത്ത വളര്‍ച്ച

പ്രവര്‍ത്തന മികവിന്റെ ഫലമാണ് ഈ റെക്കോര്‍ഡ് നേട്ടമെന്ന് ഇന്‍ഫോ പാര്‍ക്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുശാന്ത് കുരുന്തില്‍ അഭിപ്രായപ്പെട്ടു. കോവിഡ് കാലത്ത്‌ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ഡിജിറ്റല്‍ സാധ്യതകളെ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞത് നേട്ടമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് വ്യാപനം ഐ.ടി മേഖലയില്‍ വലിയ വളര്‍ച്ചയാണ് ഉണ്ടാക്കിയത്. ഇത് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിച്ചു. ഐ.ടി മേഖലയിലെ തൊഴിലാളികളുടെ എണ്ണം ഇരട്ടിയിലധികം വര്‍ധിച്ചതായി സുശാന്ത് കുരുന്തില്‍ വ്യക്തമാക്കി. കോവിഡിന് ശേഷം ഐ.ടിയില്‍ പുതിയ പരീക്ഷണങ്ങള്‍ക്ക് തുടക്കമായതും ഇന്‍ഫോ പാര്‍ക്കിന്റെ അന്താരാഷ്ട്ര ഇടപെടലുകള്‍ക്കുള്ള സാധ്യതകള്‍ വര്‍ധിപ്പിച്ചു. കോവിഡ് കാലത്ത് കയറ്റമതിയില്‍ 35 ശതമാനത്തിന്റെ വളര്‍ച്ച നേടാനായിരുന്നു.

വര്‍ധിച്ച തൊഴില്‍ശക്തി

കോവിഡിന് ശേഷം കൊച്ചി ഇന്‍ഫോ പാര്‍ക്കിന് കീഴില്‍ കൂടുതല്‍ കമ്പനികള്‍ വന്നതോടെ ജീവനക്കാരുടെ എണ്ണവും വലിയ തോതില്‍ വര്‍ധിച്ചു. 2017 ല്‍ 328 കമ്പനികളിലായി 32.000 ജീവനക്കാരാണ് ഉണ്ടായിരുന്നത്. 70 ലക്ഷം ചതുരശ്ര അടി വിസതീര്‍ണ്ണമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ 582 കമ്പനികളിലായി 70,000 ജീവനക്കാരാണ് 92.62 ലക്ഷം വിസ്തൃതിയുള്ള വര്‍ക്ക് സ്പേസുകളിൽ  ജോലി ചെയ്യുന്നത്.  '' കേരളത്തിലെ ഐ.ടി മേഖലയിലുണ്ടാകുന്ന പൊതു മുന്നേറ്റമാണ് ഇന്‍ഫോ പാര്‍ക്കിന്റെ വളര്‍ച്ചയിലും പ്രതിഫലിക്കുന്നത്. തിരുവനന്തപുരം ടെക്നോ പാര്‍ക്കിലും ഈ വളര്‍ച്ച കാണാനാകും. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലും ടൂറിസത്തിലും കേരളത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ കഴിയും.'' ജി-ടെക് സംസ്ഥാന സെക്രട്ടറി വി.ശിവകുമാര്‍ പറഞ്ഞു.

2004 ല്‍ ആരംഭിച്ച കൊച്ചി ഇന്‍ഫോ പാര്‍ക്കിന് പുറമെ കൊരട്ടി, ചേര്‍ത്തല എന്നിവിടങ്ങളിലും കാമ്പസുകളുണ്ട്. കൊരട്ടിയില്‍ 58 കമ്പനികളിലായി 2,000 ജീവനക്കാരും ചേര്‍ത്തലയില്‍ 21 കമ്പനികളിലായി 300 ജീവനക്കാരുമാണുള്ളത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com