ഗൂഗിള്‍ സെര്‍ച്ച് അടിമുടി മാറുന്നു, അറിയാം പുത്തന്‍ ഫീച്ചറുകള്‍ ?

ഗൂഗിള്‍ സെര്‍ച്ചില്‍ തിരച്ചില്‍ എളുപ്പത്തിലാക്കാന്‍ പല സങ്കേതകങ്ങളും നിലവിലുണ്ട്. ഗൂഗിള്‍ അസിസ്റ്റന്റ് പോലുള്ള വോയ്‌സ് സെര്‍ച്ച് ഓപ്ഷനുകള്‍ നിലവിലുള്ളപ്പോഴും സെര്‍ച്ച് എളുപ്പമാക്കാനുള്ള വിവിധ ഓപ്ഷന്‍ ഉണ്ടായിരുന്നെങ്കിലെന്ന് നമ്മള്‍ ചിന്തിക്കാറുണ്ട്. ശരിയായ ഇമേജുകള്‍, ലൊക്കേഷനുകള്‍, മാപ്പുകള്‍, ഡിവൈസുകള്‍ എന്നിവയെല്ലാം തിരയുമ്പോള്‍ പേരും മറ്റു വിശദാംശങ്ങളും പൂര്‍ണമായും നല്‍കാതെ തന്നെ മികച്ച ഫലങ്ങള്‍ നല്‍കുന്ന വഴികളാണ് ഇവയൊക്കെയും.

ഇക്കഴിഞ്ഞ ദിവസം നടന്ന 'സെര്‍ച്ച് ഓണ്‍ 2022' പരിപാടിയില്‍ ഗൂഗിള്‍ എന്‍ജിനീയറിംഗ് വൈസ് പ്രസിഡന്റ് രാജന്‍ പട്ടേലാണ് ഗൂഗിള്‍ ആപ്പിലെ പുതിയ മാറ്റങ്ങള്‍ അവതരിപ്പിച്ചത്. ഉപയോക്താക്കള്‍ ഓരോ വിഷയവും തിരയുന്ന രീതിയില്‍ സെര്‍ച്ച് ഫലങ്ങളെ ഏകീകരിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. പല രീതികളിലുള്ള ഏറ്റവും പ്രസക്തമായ റിസല്‍റ്റുകളായിരിക്കും ഉപയോക്താക്കള്‍ക്കു ലഭിക്കുക. അറിയാം, പുതിയ മാറ്റങ്ങള്‍.
സെര്‍ച്ച് ബാറില്‍ തന്നെ തിരച്ചിലും ഫലങ്ങളും
ഗൂഗിള്‍ ആപ്പിലെ സെര്‍ച്ച് ബാറില്‍ ക്ലിക്ക് ചെയ്ത് വാക്കുകള്‍ ടൈപ്പ് ചെയ്യുമ്പോള്‍ തന്നെ അതിന്റെ ഫലങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഫീച്ചര്‍ ഗൂഗിള്‍ അവതരിപ്പിച്ചിട്ടുണ്ട്. തിരയാനുള്ള ബട്ടണില്‍ അമര്‍ത്താതെ, സെര്‍ച്ച് ബാറില്‍ തന്നെ ഫലങ്ങള്‍ ദൃശ്യമാകുന്നത്, കാര്യങ്ങള്‍ ഒരുപാട് എളുപ്പമാക്കുന്ന ഫീച്ചറാണിത്.
ഐഒഎസുകാര്‍ക്ക് ഗൂഗിള്‍ സെര്‍ച്ച് ഷോര്‍ട്ട്കട്ട്
വിശദമായി ടൈപ്പ് ചെയ്യുന്നതിന് പകരം നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് ഗൂഗിളില്‍ തിരയാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. സ്‌ക്രീന്‍ഷോട്ടുകള്‍ അപ്ലോഡ് ചെയ്ത് ഉല്‍പ്പന്നങ്ങള്‍ തിരയാം, ഗൂഗിള്‍ ലെന്‍സ് ഉപയോഗിച്ച് ടെക്സ്റ്റ് വിവര്‍ത്തനം ചെയ്യാം, മൈക്രോഫോണില്‍ മൂളിക്കൊണ്ട് പാട്ടുകളേതെന്ന് കണ്ടെത്താം. ഇപ്പോള്‍, iOSന് വേണ്ടിയുള്ള ഗൂഗിള്‍ ആപ്പില്‍, പുതിയ ഷോര്‍ട്ട്കട്ട് ഫീച്ചറും ഗൂഗിള്‍ ചേര്‍ത്തിരിക്കുകയാണ്. ഷോര്‍ട്ട്കട്ടുകളില്‍ ക്ലിക്ക് ചെയ്ത് ആവശ്യമുള്ള കാര്യങ്ങള്‍ തിരയാം. വൈകാതെ ആന്‍ഡ്രോയ്ഡ് യൂസര്‍മാര്‍ക്കും ഈ സൗകര്യം ലഭിച്ചേക്കും.
ഗൂഗിള്‍ സ്റ്റോറീസ്
ഗൂഗിള്‍ വെബ് സ്റ്റോറികളുടെ മികച്ച സംയോജനത്തിലൂടെ മൊബൈലിലൂടെയുള്ള തിരയല്‍ കൂടുതല്‍ ആകര്‍ഷകമാക്കുകയാണ് ഗൂഗിള്‍. എന്തെങ്കിലും വിഷയം ഗൂഗിളിലൂടെ കണ്ടെത്താന്‍ ശ്രമിക്കുന്നവര്‍ക്കായി അതുമായി ബന്ധപ്പെട്ട എല്ലാതരം വിവരങ്ങളും ചിത്രങ്ങളായും വിഡിയോകളായുമൊക്കെ ലഭ്യമാകുന്ന ഇടമാണ് ഇത്. ഓപ്പണ്‍ വെബിലെ കണ്ടന്റ് ക്രിയേറ്റര്‍മാരില്‍ നിന്നുള്ള ഉള്ളടക്കം ഉള്‍പ്പെടെ ഏറ്റവും പ്രസക്തവും സഹായകരവുമായ വിവരങ്ങള്‍ ഹൈലൈറ്റ് ചെയ്യും. അതായത് നമ്മള്‍ ഫോണിലോ ടാബിലോ മറ്റ് ഡിവൈസിലോ ഗൂഗിള്‍ തുറക്കുമ്പോള്‍ തന്നെ ഗൂഗിള്‍ വെബ്‌സ്‌റ്റോറീസ് തുറന്നുവരും.
ഉദാഹരണത്തിന് പാരിസ് എന്ന് സെര്‍ച്ച് ചെയ്താല്‍ അവിടം സന്ദര്‍ശിച്ച ആളുകളില്‍ നിന്നുള്ള വിഷ്വല്‍ സ്റ്റോറികളും ഹ്രസ്വ വീഡിയോകളും, നഗരത്തിലൂടെ എങ്ങനെ ചുറ്റാം, ചെയ്യേണ്ട കാര്യങ്ങള്‍, അവിടെ എങ്ങനെ എത്തിച്ചേരാം, നിങ്ങളുടെ യാത്രകള്‍ ആസൂത്രണം ചെയ്യുമ്പോള്‍ നിങ്ങള്‍ അറിയാന്‍ ആഗ്രഹിച്ചേക്കാവുന്ന മറ്റ് പ്രധാന വശങ്ങള്‍ എന്നിവയെക്കുറിച്ചുള്ള നുറുങ്ങ് വിവരങ്ങള്‍ നിങ്ങള്‍ കണ്ടേക്കാം.
മാപ്പും ചിത്രങ്ങളും സ്ഥലങ്ങളും
ഗൂഗിള്‍ മാപ്പില്‍ ഒരു സ്ഥലം തിരഞ്ഞാല്‍ ആ സ്ഥലത്തിന്റെ റിസള്‍ട്ടില്‍ നിന്നും മേലേക്ക് സ്‌ക്രോള്‍ ചെയ്താല്‍ അവിടം നിങ്ങള്‍ക്ക് വിവരം ലഭിക്കേണ്ട സ്ഥലങ്ങളുടെ ചിത്രങ്ങളും തീര്‍ച്ചയായും കണ്ടിരിക്കേണ്ട കാഴ്ചകളുമെല്ലാം ലഭിക്കും.
ടെക്സ്റ്റുകളും ചിത്രങ്ങളും വീഡിയോകളും ഒറ്റയടിക്ക്
സെര്‍ച്ചിലെ പുതിയ മാറ്റങ്ങള്‍ ആന്‍ഡ്രോയ്ഡ് , ഐഒഎസ് യൂസേഴ്‌സിന് ലഭിക്കുന്നത് ഇനി സംയോജിപ്പിച്ച രീതിയില്‍ ആയിരിക്കും. അതായത്, സെര്‍ച്ച് ബാറില്‍ എന്തെങ്കിലും കീവേഡ് തിരഞ്ഞാല്‍ ചിത്രം, വിഡിയോ, ന്യൂസ് അടക്കം ഏറ്റവും പ്രസക്തമായ ഫലങ്ങളാകും ഇനിമുതല്‍ ലഭിക്കുക.
നിലവില്‍ ന്യൂസ്, വിഡിയോ, ഇമേജ്, മാപ്പ് അടക്കം വിവിധ വിഭാഗങ്ങള്‍ വ്യത്യസ്ത ടാബുകളായി തിരിച്ചാണ് ലഭിക്കുന്നത്. ഇതിനായി ഓരോ ടാബും ഓരോന്നായി ക്ലിക്ക് ചെയ്യേണ്ടിവരും. അതിനു പകരമായി ഒറ്റ സെര്‍ച്ച് റിസള്‍റ്റ് പേജില്‍ തന്നെ എല്ലാ വിഭാഗം കണ്ടെന്റുകളും കാണിക്കുന്ന തരത്തിലാണ് പുതിയ സവിശേഷത വരുന്നത്.


Related Articles
Next Story
Videos
Share it