ലാവ വീണ്ടും സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്ക്; 5 ജി മോഡലുകള്‍ ഇറക്കും

ഇന്ത്യന്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ ലാവ ഇന്റര്‍നാഷണല്‍ രാജ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ തിരിച്ചെത്തി.

'ലോകത്തെ ആദ്യത്തെ' കസ്റ്റമൈസ് ചെയ്യാവുന്ന ഫോണ്‍ മൈ ഇസഡ് ഉള്‍പ്പെടെയുള്ള പുതിയ ഫോണുകള്‍ ഇന്ന് കമ്പനി അവതരിപ്പിച്ചു.

ലാവ ഇന്റര്‍നാഷണല്‍ പ്രസിഡന്റും ബിസിനസ് മേധാവിയുമായ സുനില്‍ റെയ്‌ന ഇ റ്റി ടെലികോമിനോട് പറഞ്ഞു: 'ഞങ്ങള്‍ 6,000 മുതല്‍ 10,000 രൂപ വരെയുള്ള സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണിയാണ് ലക്ഷ്യമിടുന്നത്. ഉടന്‍ തന്നെ മിഡ് െ്രെപസ് റേഞ്ചിലേക്ക് പ്രവേശിക്കും. 5 ജി മേഖലയിലും ഞങ്ങള്‍ അവിടെ ഉണ്ടാകും. 15,000 മുതല്‍ 20,000 രൂപ വരെയുള്ള 5 ജി ഫോണുകള്‍ ഞങ്ങള്‍ വിപണിയിലെത്തിക്കും.'

വാങ്ങുന്ന ആദ്യ വര്‍ഷത്തില്‍ തന്നെ ഉപഭോക്താക്കളുടെ ഫോണുകളുടെ ഫീച്ചറുകള്‍ അപ്‌ഗ്രേഡ് ചെയ്യാന്‍ അനുവദിക്കുന്ന ഇസഡ് അപ്പ് സേവനങ്ങളും കമ്പനി ആരംഭിച്ചു.

ശരീര താപനില, ഹൃദയമിടിപ്പ്, ഓക്‌സിജന്റെ അളവ് എന്നിവ കണക്കാക്കുന്നതിനായി ലാവാ സെന്‍സറുകളുള്ള സ്മാര്‍ട്ട്ബാന്‍ഡ് അവതരിപ്പിച്ചു.

മൊബൈല്‍ ഫോണ്‍ നിര്‍മാണത്തിനായി 2009ലാണ് കുറെ പങ്കാളികളെ കൂടി ചേര്‍ത്ത് ഹരി ഓം റായ് ലാവാ ഇന്റര്‍നാഷണല്‍ രൂപീകരിക്കുന്നത്. അന്ന് 2G ഫോണുകള്‍ക്കായിരുന്നു ആവശ്യക്കാര്‍ കൂടുതല്‍.

ലാവാ ഒരു സമയത് ഇന്ത്യയിലെ തന്നെ മികച്ച അഞ്ചു ഫോണ്‍ നിര്‍മാതാക്കളില്‍ ഒന്നായിരുന്നു പക്ഷെ 2018ല്‍ ചൈന കമ്പനികളായ ഷവോമി, റിയല്‍മീ, വിവോ, ഓപ്പോ എന്നിവരുടെ വരവോടെ ലാവായ്ക്ക് തങ്ങളുടെ വില്പനയില്‍ ഇടിവുണ്ടായി.

സ്മാര്‍ട്ട് ഫോണ്‍ രംഗത്ത് മത്സരം മുറുകിയപ്പോള്‍ റായ് ഫീച്ചര്‍ ഫോണ്‍ രംഗത്ത് ശ്രദ്ധ കേന്ദ്രികരിച്ചു. ഇന്ത്യയിലെ തന്നെ മുന്‍നിരയിലുള്ള മൂന്ന് ഫീച്ചര്‍ ഫോണ്‍ കമ്പനികളില്‍ ഒന്നായിരുന്നു ലാവാ. സാംസങും ഇന്റലും ആയിരുന്നു ഈ രംഗത്ത് ഉണ്ടായിരുന്ന മറ്റു പ്രമുഖര്‍. ഫീച്ചര്‍ ഫോണ്‍ രംഗത്ത് ലാവക്ക് ഏകദേശം 23 ശതമാനം മാര്‍ക്കറ്റ് വിഹിതമുണ്ടായിരുന്നു.

കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീം (പിഎല്‍ഐ) ലാവ പോലെയുള്ള ഇന്ത്യന്‍ കമ്പനികള്‍ക്ക് സഹായകരമായി മാറി.

വിയറ്റ്‌നാം, ചൈന തുടങ്ങിയ സ്ഥലങ്ങളിലെ നിര്‍മാണ ചിലവുമായി മത്സരിക്കാന്‍ പിഎല്‍ഐ അഞ്ചു വര്‍ഷത്തേക്ക് നല്‍കുന്ന നാല് മുതല്‍ ആറു ശതമാനം വരെയുള്ള ഇളവുകള്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് ഒപ്പം ആപ്പിള്‍, സാംസങ് എന്നി വിദേശ കമ്പനികള്‍ക്കും സഹായകരമായി.

ലാവാ മോഡലുകള്‍ ഇപ്പോള്‍ 22 വിദേശ രാജ്യങ്ങളില്‍ വില്പനയുണ്ട്. ഇത് ലോകമെമ്പാടും എത്തിക്കണം എന്നതാണ് റായുടെ പദ്ധതി. കമ്പനിയുടെ വിപുലീകരണത്തില്‍ ഭാഗമായി ലാവാ ചില ഔട്‌സോഴ്‌സിങ് കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇതിനോടകം തന്നെ നോക്കിയ, എടി ആന്‍ഡ് ടി എന്നി കമ്പനികളുമായി ലാവാ കരാര്‍ ഒപ്പിടുകയും, മോട്ടറോളയുമായി കരാറില്‍ ഏര്‍പ്പെടാന്‍ പോവുകയുമാണ്.

ഇത് കൂടാതെ ലാവാ കയറ്റുമതിക്കും ഡിസൈനുമായി ചൈനയില്‍ ആരംഭിച്ച കേന്ദ്രം നിര്‍ത്തുകയാണ്. 650 പേരടങ്ങിയ ഡിസൈന്‍ ടീമിലെ ബഹുഭൂരിഭാഗം പേരും ഇന്ത്യയിലേക്ക് മടങ്ങും. ഭാവിയില്‍ 2000 പേരടങ്ങുന്ന ഒരു ഡിസൈന്‍ ടീം ഇന്ത്യയില്‍ രൂപീകരിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം.

സ്മാര്‍ട്ട് ഫോണിന്റെ ആഗോള വിപണിയിലെ 70 ശതമാനത്തിലധികം വില്പന നിയന്ത്രിക്കുന്നത് പ്രധാനമായും അഞ്ചു ബ്രാന്‍ഡുകളാണ്. നോക്കിയ, മോട്ടറോള, എല്‍ജി, പാനസോണിക്, ഗൂഗിള്‍ എന്നി കമ്പനികള്‍ക്ക് പോലും കാര്യമായ ചലനം സ്മാര്‍ട്ട് ഫോണ്‍ രംഗത്ത് ഉണ്ടാക്കാന്‍ കഴിയുന്നില്ല. എന്നാല്‍ സ്മാര്‍ട്ട് ഫോണുകളുടെ വരവോടു കൂടി ഫീച്ചര്‍ ഫോണുകള്‍ക്ക് ഡിമാന്‍ഡ് നഷ്ടപെടുന്ന കാഴ്ചയാണ് പിന്നീട് കാണുന്നത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it