500 ജീവനക്കാരെ പിരിച്ചുവിടാന്‍ ആമസോണ്‍ ഇന്ത്യ; കൊച്ചിയിലും അഴിച്ചുപണി

മുന്‍നിര കമ്പനികളില്‍ ആഗോളതലത്തില്‍ കൂട്ട പിരിച്ചുവിടലുകള്‍ തുടരുകയാണ്. ഏറ്റവുമൊടുവില്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചിരിക്കുകയാണ് ആമസോണ്‍ ഇന്ത്യയും. പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായി കൊച്ചി, ലഖ്നൗ തുടങ്ങിയ നഗരങ്ങളില്‍ നിന്നുള്ള ചില വില്‍പ്പനക്കാരെ ചേര്‍ക്കുന്നതും കമ്പനി വെട്ടുക്കുറച്ചിട്ടുണ്ടെന്ന് ഇക്‌ണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഏകദേശം 500 പേര്‍

ആമസോണ്‍ വെബ് സര്‍വീസസ് (AWS), ഹ്യൂമന്‍ റിസോഴ്‌സ് ടീമായ പീപ്പിള്‍ എക്‌സ്പീരിയന്‍സ്ഡ് ആന്‍ഡ് ടെക്‌നോളജി സൊല്യൂഷന്‍സ് (PXT) എന്നീ വിഭാഗങ്ങളിലുള്ളവര്‍ക്കാണ് ഇത്തവണ തൊഴില്‍ നഷ്ടപ്പെടുന്നത്. ഈ വിഭാഗങ്ങളില്‍ നിന്നും ഏകദേശം 400 മുതല്‍ 500 വരെ ആളുകള്‍ക്ക് ജോലി നഷ്ടമാകും.

ആമസോണ്‍ വെബ് സര്‍വീസസിലെ പിരിച്ചു വിടല്‍ ഏപ്രിലില്‍ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു. ആമസോണ്‍ വെബ്‌സര്‍വീസിന്റെ വരുമാനത്തിലെ ഇടിവും ആഗോള തലത്തിലുള്ള സാമ്പത്തിക സാഹചര്യങ്ങളുമാണ് നിലവിലെ പിരിച്ചുവിടലിന് പിന്നിലെന്ന് കമ്പനി പറയുന്നു.

ആരോഗ്യ ഇന്‍ഷുറന്‍സ് തുടരും

ആഗോളതലത്തില്‍ 18,000 ജീവനക്കാരെ പിരിച്ചു വിടുമെന്ന് 2023ന്റെ തുടക്കത്തില്‍ ആമസോണ്‍ അധികൃതര്‍ അറിയിച്ചിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ആമസോണ്‍ സി.ഇ.ഒ ആന്‍ഡി ജസ്സി കമ്പനിയില്‍ പിരിച്ചുവിടല്‍ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഏകദേശം 9,000 ആളുകള്‍ക്ക് ജോലി നഷ്ടപ്പെടുമെന്നായിരുന്നു അന്ന് കണക്കാക്കിയത്. ഇതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ പിരിച്ചുവിടല്‍. നിലവില്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ഏതാനും നാളത്തേക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് കവറേജ് കമ്പനി തുടര്‍ന്നും നല്‍കുമെന്നും സൂചനയുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it