ലിങ്ക്ഡ് ഇന്നില്‍ നിന്ന് 50 കോടി പേരുടെ എക്കൗണ്ട് വിവരങ്ങള്‍ ചോര്‍ന്നു; നിങ്ങളുടെ സോഷ്യല്‍മീഡിയ ഡാറ്റ സുരക്ഷിതമോ?

സോഷ്യല്‍ മീഡിയയില്‍ എക്കൗണ്ട് തുടങ്ങുമ്പോഴും അതിന് ശേഷവും വ്യക്തികള്‍ കൈമാറുന്ന വിവരങ്ങളുടെ സുരക്ഷ അപകടത്തില്‍. ഡാറ്റാ സുരക്ഷ ഉറപ്പു നല്‍കുന്ന പ്രമുഖ പ്ലാറ്റ്ഫോമുകളില്‍ നിന്ന് ഹാക്കര്‍മാര്‍ വ്യക്തിവിവരങ്ങള്‍ വന്‍തോതില്‍ ചോര്‍ത്തി ഡാറ്റാ വില്‍പന നടത്തുന്നത് തുടര്‍ക്കഥയാകുമ്പോഴും അതിന് തടയിടാന്‍ കഴിയാതെ ഡാറ്റാ ചോര്‍ച്ച മറച്ചു പിടിക്കാനും നിസ്സാരവല്‍ക്കരിക്കാനുമാണ് കമ്പനികളുടെ ശ്രമം. ഇക്കാര്യത്തില്‍ സര്‍ക്കാരുകള്‍ പുലര്‍ത്തുന്ന നിസ്സംഗതക്കെതിരെയും വിദഗ്ധര്‍ വിമര്‍ശനവുമായി രംഗത്തെത്തി.

ഫേസ്ബുക്കിനും മൊബിക്വിക്കിനും പിന്നാലെ ലിങ്ക്ഡ് ഇന്നില്‍ നിന്നും ഹാക്കര്‍മാര്‍ വന്‍തോതില്‍ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയതായാണ് ഏറ്റവും പുതിയ വിവരം. 50 കോടി ലിങ്ക്ഡ് ഇന്‍ ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ഒരു പ്രമുഖ ഹാക്കര്‍ ഫോറത്തില്‍ വില്‍പനക്കായി പോസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്. ലിങ്ക്ഡ് ഇന്നിലെ എക്കൗണ്ട് ഉടമകളുട ഇമെയില്‍ വിലാസം, ഫോണ്‍ നമ്പറുകള്‍, ജോലി സംബന്ധിച്ച വിവരങ്ങള്‍, എക്കൗണ്ട് ഐ ഡി, ലിങ്ഡ് ഇന്നില്‍ ലിങ്ക് ചെയ്തിട്ടുള്ള മറ്റ് സോഷ്യല്‍ മീഡിയ എക്കൗണ്ടുകളുടെ വിവരങ്ങള്‍ തുടങ്ങി മുഴുവന്‍ പേരും ലിംഗവും പ്രായവുമടക്കമുള്ള സമഗ്ര വിവരങ്ങളാണ് ഹാക്കര്‍മാര്‍ ചോര്‍ത്തി വില്‍പനക്ക് വെച്ചിരിക്കുന്നത്.
എന്നാല്‍ മൈക്രോസോഫ്റ്റിന്റെ ഉമടസ്ഥതയിലുള്ള പ്രൊഫഷണല്‍ നെറ്റ് വര്‍ക്കിംഗ് പ്ലാറ്റ്ഫോമായ ലിങ്ക്ഡ് ഇന്‍ അവകാശപ്പെടുന്നത് ഡാറ്റാ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്നാണ്. ഹാക്കര്‍മാര്‍ ചോര്‍ത്തിയെന്ന് പറയുന്ന വവരങ്ങള്‍ അംഗങ്ങളുടെ പ്രൊഫൈലില്‍ ആര്‍ക്കും കാണാവുന്ന വിവരങ്ങളാണെന്ന്്് അവര്‍ പറയുന്നു. സംഭവത്തെക്കുറിച്ച് തങ്ങള്‍ അന്വേഷണം നടത്തിയെന്നും ഹാക്കര്‍ ഫോറത്തില്‍ വില്‍പനക്ക് വെച്ചിരിക്കുന്ന വ്യക്തി വിവരങ്ങളില്‍ ഏതാനും വെബ്സൈറ്റുകളില്‍ നിന്നും കമ്പനികളില്‍ നിന്നും ചോര്‍ത്തിയ വിവരങ്ങള്‍ക്കൊപ്പം ലിങ്ക്ഡ് ഇന്നില്‍ പബ്ലിക്കിന് കാണാന്‍ സാധിക്കുന്ന പ്രൊഫൈല്‍ ഡാറ്റയും ഉള്ളതായാണ് മനസ്സിലാക്കിയതെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
എന്നാല്‍ ലിങ്ക്ഡ് ഇന്നില്‍ നിന്നും ഫേസ്ബുക്കില്‍ നിന്നും മൊബിക്വിക്കില്‍ നിന്നും വന്‍തോതിലുള്ള ഡാറ്റാ ചോര്‍ച്ചയുണ്ടായപ്പോഴൊന്നും ഈ കമ്പനികള്‍ ഉപയോക്താക്കളെയോ റെഗുലേറ്റര്‍മാരെയോ ഇക്കാര്യം അറിയിക്കുകയോ മുന്‍കരുതലെടുക്കാന്‍ നിര്‍ദേശിക്കുകയോ ചെയ്തിട്ടില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. എക്കൗണ്ട് വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയെന്ന് വ്യക്തമായയുടന്‍ റെഗുലേറ്റര്‍മാരെയും യൂസര്‍മാരെയും അറിയിക്കാനുള്ള ബാധ്യക ഈ കമ്പനികള്‍ക്കുണ്ടായിരുന്നു. ഇത്തരത്തില്‍ ഡാറ്റാ ചോര്‍ച്ചയുണ്ടാകുമ്പോള്‍ യഥാസമയം ഉപയോക്താക്കളെ അറിയിച്ച് മുന്‍കരുതലെടുക്കുന്നതിന് ഡാറ്റാ പ്രൊട്ടക്ഷന്‍ നിയമത്തില്‍ അടിയന്തരമായ മാറ്റം ആവശ്യമാണെന്നും അവര്‍ അടിവരയിടുന്നു.
ഡാറ്റാ ചോര്‍ച്ചയുടെ വ്യാപ്തി വര്‍ധിച്ചുകൊണ്ടിരിക്കുമ്പോഴും സോഷ്യല്‍ മീഡിയാ കമ്പനികള്‍ ഇതിനെതിരെ മുന്‍കരുതലെടുക്കേണ്ടതിന്റെ ആവശ്യകത ഉപയോക്താക്കളെ അറിയിച്ചിട്ടില്ല. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ഉപയോക്താക്കള്‍ക്ക് യഥാസമയം വസ്തുതകള്‍ അറിയാനുള്ള അവകാശമുണ്ടെന്ന് ആക്സസ് നൗവിലെ ഏഷ്യാ പോളിസി ഡയറക്ടര്‍ രമണ്‍ജിത് സിംഗ് ചീമ വ്യക്തമാക്കി.
ഡാറ്റാ ചോര്‍ച്ച വര്‍ധിച്ചുവരുന്നതു പോലെ തന്നെ ആശങ്കപ്പെടുത്തുന്നതാണ് ഇക്കാര്യം റെഗുലേറ്റര്‍മാരെയും യൂസര്‍മാരെയും അറിയിക്കാതെ മൂടിവെക്കാനുള്ള കമ്പനികളുടെ ശ്രമങ്ങളുമെന്ന് അസെന്‍ഷ്യസ് കണ്‍സള്‍ട്ടിംഗ് മാനേജിംഗ് ഡയറക്ടര്‍ അലോക് ഷെന്‍ഡെ ചൂണ്ടിക്കാട്ടുന്നു.
ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കെ ഇത്തരം സുരക്ഷാ വീഴ്ചകള്‍ കൂടുതലായി ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അതനുസരിച്ച് ഓരോ പ്ലാറ്റ്ഫോമും കൂടുതല്‍ സുരക്ഷിതമാക്കാന്‍ കമ്പനികള്‍ ശ്രദ്ധിക്കേണ്ടതാണെന്നും എസ് എഫ് എല്‍ സി ഡോട്ട് ഇന്‍ ലീഗല്‍ ഡയറക്ടര്‍ പ്രശാന്ത് സുഗതന്‍ മുന്നറിയിപ്പു നല്‍കുന്നു. ഗവണ്‍മെന്റുകള്‍ക്കും റെഗുലേറ്റര്‍മാര്‍ക്കും ഇക്കാര്യത്തില്‍ വര്‍ധിച്ച ഉത്തരവാദിത്തമുണ്ട്. ഇറ്റലി പോലുള്ള രാജ്യങ്ങള്‍ ലിങ്ഡ് ഇന്‍ ഡാറ്റാ ചോര്‍ച്ചയെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. എന്നാല്‍ ഇന്ത്യാ ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it