ഇനി ലിങ്ക്ഡ്ഇന്‍ ഹിന്ദിയും പറയും!

ലോകത്തിലെ ഏറ്റവും വലിയ പ്രൊഫഷണല്‍ സോഷ്യല്‍ നെറ്റ് വര്‍ക്കായ ലിങ്ക്ഡ്ഇന്‍ ഹിന്ദിയും 'സംസാരിക്കും.' മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ലിങ്ക്ഡ്ഇന്‍ ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന 600 ദശലക്ഷം ഇന്ത്യക്കാരെ തമ്മില്‍ ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം നടത്തുന്നത്.

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഇന്റര്‍നെറ്റ് വിപണിയാണ് ഇന്ത്യ. ഇവിടുത്തെ 130 കോടി ജനങ്ങളില്‍ വെറും 20 ശതമാനത്തില്‍ താഴെ മാത്രമേ ഇംഗ്ലീഷ് ഭംഗിയായി സംസാരിക്കുകയും എഴുതുകയും ചെയ്യുന്നുള്ളൂ. ഈ ചെറിയ ശതമാനത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ഹിന്ദി കൈകാര്യം ചെയ്യുന്ന എല്ലാ ഇന്ത്യക്കാരിലേക്കും എത്തുക എന്ന ലക്ഷ്യമാണ് ഈ നീക്കത്തിന് പിന്നിലുള്ളത്. ലിങ്ക്ഡ്ഇന്‍ സപ്പോര്‍ട്ട് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ പ്രാദേശിക ഭാഷയാണ് ഹിന്ദി.

ലോകമെമ്പാടുമായി 25 ഭാഷകള്‍ ലിങ്ക്ഡ്ഇന്‍ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
എന്തുകൊണ്ട് ഹിന്ദി?
മറ്റനേകം സാമൂഹ്യമാധ്യമങ്ങള്‍ ഇന്ത്യയില്‍ വേരുറപ്പിക്കുമ്പോഴും ലിങ്ക്ഡ്ഇന്നിന് പച്ചപിടിക്കാന്‍ സാധിച്ചിരുന്നില്ല. അനലിറ്റിക്‌സ് സ്ഥാപനമായ സിമിലര്‍വെബിന്റെ കണക്ക് പ്രകാരം, പ്രതിമാസം ലിങ്ക്ഡ്ഇന്നിന് ലഭിക്കുന്ന വിസിറ്റിന്റെ വെറും ആറുശതമാനം മാത്രമാണ് ഇന്ത്യയില്‍ നിന്നുള്ളത്. ഇന്ത്യയില്‍ 82 ദശലക്ഷം യൂസേഴ്‌സ് ഉണ്ടെന്നാണ് ലിങ്ക്ഡ്ഇന്‍ പറയുന്നത്. അതില്‍ തന്നെ 20 ദശലക്ഷം പേര്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെയാണ് സേവനം ഉപയോഗിച്ചുതുടങ്ങിയിരിക്കുന്നതും.

അടുത്തിടെ രാജ്യത്ത് നടത്തിയ പഠനത്തില്‍, സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരില്‍ 57 ശതമാനം പേരും ഇംഗ്ലീഷിനേക്കാള്‍ പ്രാദേശിക ഭാഷകളെയാണ് ഇഷ്ടപ്പെടുന്നതെന്ന് വ്യക്തമായിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് വിപണിയായ ചൈനയിലെ പ്രവര്‍ത്തനം നിര്‍ത്തി രണ്ടുമാസം തികയും മുമ്പേയാണ് ഇന്ത്യയില്‍ വേരുറപ്പിക്കാനുള്ള നിര്‍ണായക നീക്കം ലിങ്ക്ഡ്ഇന്‍ നടത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.


Related Articles
Next Story
Videos
Share it