ജിയോ ബുക്ക് ലാപ്‌ടോപ്പ് 16,499 രൂപയ്ക്ക്; മത്സരിക്കാന്‍ അസ്യുസ്, എച്ച്.പി, ലെനോവോ തയ്യാര്‍

ജിയോബുക്ക് എന്ന പേരില്‍ ഇന്ത്യയിലെ ആദ്യത്തെ ലേണിംഗ് ബുക്ക് പുറത്തിറക്കി റിലയന്‍സ് ജിയോ. 16,499 രൂപയാണ് ഈ ലാപ്‌ടോപ്പിന്റെ വില. ഇതില്‍ 4ജി സിം ഇടാന്‍ കഴിയും. 2.0 GHz ഒക്ടാകോര്‍ പ്രോസസര്‍, നാല് ജി.ബി എല്‍.പി.ഡി.ഡി.ആര്‍4 റാം, 64 ജി.ബി സ്റ്റോറേജ് (എസ്.ഡി. കാര്‍ഡ് ഉപയോഗിച്ച് 256 ജി.ബി. വരെ ഉയര്‍ത്താന്‍ സാധിക്കും), വലിയ മള്‍ട്ടി-ജെസ്റ്റര്‍ ട്രാക്ക്പാഡ്, ഇന്‍-ബില്‍റ്റ് യു.എസ്.ബി, എച്ച്.ഡി.എം.ഐ. പോര്‍ട്ടുകള്‍ തുടങ്ങി വിവിധ സവിശേഷതകള്‍ ജിയോ ഒ.എസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ജിയോബുക്കിനുണ്ട്.

മാറ്റ് ഫിനീഷ്, അള്‍ട്രാ സ്ലിം ബില്‍റ്റ്, ലൈറ്റ് വെയ്റ്റ് എന്നിങ്ങനെ മൂന്ന് വിധത്തിലാണ് ജിയോബുക്ക് ഒരുങ്ങിയിട്ടുള്ളത്. ലൈറ്റ് വെയ്റ്റ് ആയ ജിയോ ബുക്കിന് എട്ടു മണിക്കൂറാണ് ബാറ്ററി ലൈഫ്. ആന്റി ഗ്ലെയര്‍ എച്ച്ഡി ഡിഡ്പ്ലേ, 11.6 ഇഞ്ച് ഡിസ്പ്ലേ തുടങ്ങിയ സവിശേഷതകളും ഇതിനുണ്ട്. കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് ജിയോ ബുക്കിന്റെ ആദ്യ പതിപ്പ് പുറത്തിറക്കിയത്.

മത്സരിക്കാന്‍ ഇവരും

റിലയന്‍സിന്റെ ജിയോ ബുക്ക് വിപണിയിലിറങ്ങുമ്പോള്‍ 20,000 രൂപയില്‍ താഴെയുള്ള നിരവധി ലാപ്‌ടോപ്പുകള്‍ മത്സരവുമായി രംഗത്തുണ്ട്. 18,990 രൂപയ്ക്ക് അസ്യുസ് EeeBook 12 സെലറോണ്‍ ഡ്യുവല്‍ കോര്‍, ഇതേ വിലയ്ക്ക് ലെനോവോ അത്ലോണ്‍ ഡ്യുവല്‍ കോര്‍, 19,900 രൂപയ്ക്ക് എച്ച്.പി. ക്രോംബുക്ക് മീഡിയ ടെക്ക് കംപാനിയോ 500, 15,990 രൂപയ്ക്ക് എ.എക്‌സ്.എല്‍ സെലറോണ്‍ ഡ്യുവല്‍ കോര്‍, 18,990 രൂപയ്ക്ക്അസ്യുസ് ടച്ച് ഇന്റല്‍ സെലറോണ്‍ ഡ്യുവല്‍ കോര്‍ തുടങ്ങി ഒട്ടനേകം കുറഞ്ഞ വിലുള്ള ലാപ്‌ടോപ്പുകള്‍ ഇന്ന് ലഭ്യമാണ്.

കമ്പനി പറയുന്നത്

എല്ലാ പ്രായത്തിലുമുള്ള വിദ്യാര്‍ഥികള്‍ക്കും പുതിയ സാങ്കേതിക വിദ്യയും കൂടുതല്‍ കണക്ടിവിറ്റി ഓപ്ഷനുകളും നല്‍കുന്ന സംവിധാനമാണ് ജിയോബുക്കില്‍ ഒരുങ്ങിയിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ ഉത്പന്നം വിപണിയില്‍ വലിയ വിപ്ലവം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനി അറിയിച്ചു. റിലയന്‍സിന്റെ ഡിജിറ്റല്‍ ഓണ്‍ലൈന്‍, ഓഫ്ലൈന്‍ സ്റ്റോറുകളില്‍ നിന്നും ആമസോണിലും ജിയോബുക്ക് ഉടന്‍ ലഭ്യമാക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it