

ഇന്ത്യയില്‍ സ്മാര്‍ട്ട് ഫോണുകളുടെ വില വര്‍ധനക്ക് കളമൊരുങ്ങി. നവംബറില്‍ മെമ്മറി, സ്‌റ്റോറേജ് ചിപ്പുകളുടെ വില വര്‍ധിച്ചതോടെയാണിത്. 2026ലും ഈ പ്രവണത തുടരുമെന്നും സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ ഡിമാന്‍ഡ് കുറയാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ പറയുന്നു. വ്യവസായിക ആവശ്യങ്ങള്‍ക്കും എ.ഐ ഗവേഷണങ്ങള്‍ക്കുമാണ് ഇപ്പോള്‍ ചിപ്പ് നിര്‍മാതാക്കളുടെ ശ്രദ്ധ. സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ആവശ്യമായ ചിപ്പുകള്‍ നിര്‍മിക്കാന്‍ ഇവര്‍ മടിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇതാണ് മെമ്മറി ഡിവൈസുകളുടെ വില വര്‍ധിക്കാന്‍ ഇടയാക്കിയതെന്നാണ് സൂചന.
ഡാറ്റ സ്ഥിരമായി ശേഖരിച്ച് വെക്കാന്‍ ഉപയോഗിക്കുന്നതും സെമി കണ്ടക്ടര്‍ ചിപ്പുകളുള്ളതുമായ കംപോണന്റുകളാണ് സ്റ്റോറേജ് ഡിവൈസുകള്‍. കഴിഞ്ഞ ഒരു മാസത്തിനിടെ 20-60 ശതമാനം വരെയാണ് ഇവയുടെ വില വര്‍ധിച്ചത്. വിപണിയിലെ ലഭ്യതക്കുറവാണ് വില വര്‍ധിക്കാനുള്ള പ്രധാന കാരണം. വ്യവസായ മേഖലയില്‍ കൂടുതല്‍ ആവശ്യമായി വരുന്ന 1 ടി.ബി സ്‌റ്റോറേജ് ഡിവൈസുകളുടെ ക്ഷാമം അതിരൂക്ഷമാണ്. 512 ജി.ബി, 256 ജി.ബി സ്റ്റോറേജ് യൂണിറ്റുകളുടെ വിലയും കാര്യമായ വര്‍ധനയുണ്ടായെന്ന് ദി ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്മാര്‍ട്ട്‌ഫോണുകളിലും കംപ്യൂട്ടറുകളിലും താത്കാലികമായി ഡാറ്റ ശേഖരിച്ച് വെക്കുന്ന ഡി റാമിന്റെ (ഡൈനാമിക് റാന്‍ഡം അക്‌സസ് മെമ്മറി) വിലയും വര്‍ധിച്ചിട്ടുണ്ട്. ഇവയുടെ വില 18-25 ശതമാനമാണ് വര്‍ധിച്ചത്. അടുത്ത മാസങ്ങളിലും വില വര്‍ധന തുടരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അങ്ങനെ വന്നാല്‍ ബജറ്റ് സ്മാര്‍ട്ട്‌ഫോണുകളെയും വില കുറഞ്ഞ ഇലക്ട്രോണിക് ഉപകരണങ്ങളെയും ബാധിക്കുമെന്നും അനലിസ്റ്റുകള്‍ പറയുന്നു. ബജറ്റ് സെഗ്‌മെന്റിലുള്ള സ്മാര്‍ട്ട്‌ഫോണുകളില്‍ ഉപയോഗിക്കുന്നത് എല്‍.പി.ഡി.ഡി.ആര്‍4 റാമുകളാണ്. കമ്പനികള്‍ ഇപ്പോള്‍ കൂടുതല്‍ വേഗതയുള്ള എല്‍.പി.ഡി.ഡി.ആര്‍ 5 റാമുകളിലേക്ക് മാറാനുള്ള ചുവടുവെപ്പിലാണ്. ഈ മാറ്റവും വിപണിയില്‍ അനിശ്ചിതത്വത്തിന് കാരണമാകുമെന്ന് റിപ്പോര്‍ട്ടുണ്ട്.
സ്മാര്‍ട്ട്‌ഫോണിന് ആവശ്യമായ ഘടകങ്ങളുടെ 30-31 ശതമാനവും മെമ്മറി ഡിവൈസുകള്‍ക്ക് വേണ്ടി ചെലവാക്കുന്നതാണ്. ശരാശരി 100-200 ഡോളറാണ് ഇതിന് ചെലവാകുന്നതെന്നാണ് കണക്ക്. ഇത് അടുത്ത വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 45-48 ശതമാനം വരെ ഉയരും. അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് കുറയുന്നതും ഇതിനുള്ള പ്രധാന കാരണമാണ്.
വിവോ, ഓപ്പോ, റിയല്‍മീ തുടങ്ങിയ പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍ വിവിധ മോഡലുകളുടെ വില 500-2,000 രൂപ വരെ വര്‍ധിപ്പിച്ചിട്ടുണ്ട്. ചൈനീസ് കമ്പനിയായ ഷവോമി തങ്ങളുടെ ടാബ്‌ലെറ്റുകളുടെ വിലയും കൂട്ടി. പുതുതായി ലോഞ്ച് ചെയ്യുന്ന മോഡലുകളുടെ വില കൂടുതലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. അടുത്ത വര്‍ഷം മുഴുവന്‍ ഈ ട്രെന്‍ഡ് തുടരാനാണ് സാധ്യത. ഓണം, ഉത്സവ സീസണ്‍ അടുക്കുമ്പോള്‍ ഡിസ്‌ക്കൗണ്ടുകള്‍ നല്‍കാനുള്ള സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 10,000 രൂപയില്‍ താഴെയുള്ള ഫോണുകളുടെ ലഭ്യത കുറയാനുള്ള സാധ്യതകളും വിപണി പ്രതീക്ഷിക്കുന്നുണ്ട്.
ദീപാവലി, ജി.എസ്.ടി ഇളവോടെ സ്മാര്‍ട്ട്‌ഫോണ്‍ വിപണി മെച്ചപ്പെട്ടിരുന്നു. സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ജി.എസ്.ടി ഇളവുണ്ടായില്ലെങ്കിലും വിപണിയിലാകെയുണ്ടായ മുന്നേറ്റം നേട്ടമായി. എന്നാല്‍ വിപണി വീണ്ടും പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്ന് ഓള്‍ ഇന്ത്യ മൊബൈല്‍ റീട്ടെയിലേഴ്‌സ് അസോസിയേഷന്‍ പറയുന്നു. ധനിക വിഭാഗം സന്തോഷത്തോടെ ഫ്‌ളാഗ്ഷിപ്പ് ഫോണുകള്‍ വാങ്ങുന്നത് തുടരുന്നു. എന്നാല്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്ന 15,000താഴെയുള്ള ഫോണുകളുടെ വില്‍പ്പന പ്രതിസന്ധിയിലാണ്. വില വീണ്ടും വര്‍ധിച്ചാല്‍ ഇത്തരക്കാര്‍ പുതിയതിലേക്ക് അപ്‌ഗ്രേഡ് ചെയ്യാതെ പഴയ ഫോണ്‍ തന്നെ ഉപയോഗിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine