സ്പാം എസ്.എം.എസുകള്‍ ഇനി ഇല്ല, സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തണമെന്ന ട്രായ് നിയമം പ്രാബല്യത്തില്‍

മൊബൈല്‍ ഉപയോക്താക്കള്‍ക്ക് അയയ്ക്കുന്ന വാണിജ്യ എസ്.എം.എസുകള്‍ക്ക് നിയന്ത്രണം നിലവില്‍ വന്നു. സ്പാം മെസേജുകളും ഓണ്‍ലൈന്‍ തട്ടിപ്പുകളും തടയുന്നതിന്റെ ഭാഗമായി ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങള്‍ പ്രാബല്യത്തിലായി. വാണിജ്യ സന്ദേശങ്ങൾ ഉപയോക്താക്കളിൽ എത്തുന്നതിന് മുമ്പായി സന്ദേശങ്ങളുടെ പൂർണ്ണമായ ശൃംഖല അറിയാമെന്ന് ടെലികോം കമ്പനികള്‍ ഉറപ്പാക്കണമെന്നതാണ് പുതിയ നിബന്ധന. എസ്.എം.എസുകളുടെ ഉറവിടം ഉറപ്പാക്കാനായില്ലെങ്കില്‍, ടെലികോം കമ്പനികള്‍ സന്ദേശങ്ങൾ ബ്ലോക്ക് ചെയ്യുന്നതാണ്.
എസ്.എം.എസുകളുടെ ഉറവിടങ്ങള്‍ കണ്ടെത്താനുളള സാങ്കേതിക സംവിധാനം നന്നായി പ്രവർത്തിക്കുന്നതായി അധികൃതര്‍ അറിയിച്ചു. 95 ശതമാനം എസ്.എം.എസുകളും സിസ്റ്റത്തിന് കണ്ടെത്താന്‍ സാധിക്കുന്നുണ്ട്. ബാക്കിയുള്ളവ വരും ദിവസങ്ങളിൽ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

രജിസ്ട്രേഷൻ അതിവേഗം പുരോഗമിക്കുന്നു

വാണിജ്യ എസ്.എം.എസുകള്‍ അയയ്ക്കുന്ന 27,000 ത്തോളം സ്ഥാപനങ്ങള്‍ ബന്ധപ്പെട്ട ടെലികോം കമ്പനികളിൽ തങ്ങളുടെ ശൃംഖല രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ട്രായ് രണ്ടാഴ്ച മുമ്പ് വ്യക്തമാക്കിയിരുന്നു. കൂടുതൽ രജിസ്ട്രേഷൻ അതിവേഗം പുരോഗമിക്കുകയാണ്.
ഇന്ത്യയിൽ 170 കോടിയോളം വാണിജ്യ എസ്.എം.എസുകളാണ് പ്രതിദിനം മൊബൈലുകളിലേക്ക് അയയ്‌ക്കപ്പെടുന്നത്. വ്യാപകമായ സ്പാം, ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തടയുന്നതിനാണ് എസ്.എം.എസുകളുടെ ഉറവിടം കണ്ടെത്താനുളള നടപടി ട്രായ് ആരംഭിച്ചിരിക്കുന്നത്. ഓൺലൈൻ തട്ടിപ്പുകള്‍ തടയാന്‍ യു.ആര്‍.എല്ലുകള്‍, ഒ.ടി.ടി ലിങ്കുകൾ തുടങ്ങിയവ അടങ്ങിയ എസ്.എം.എസുകള്‍ പരിശോധിക്കണമെന്ന് ടെലികോം കമ്പനികളോട് ട്രായ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ട്രായിയുടെ ഉത്തരവ് പ്രാബല്യത്തില്‍ വന്നതോടെ രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ക്ക് മാത്രമാണ് ഇനി മൊബൈൽ ഉപയോക്താക്കള്‍ക്ക് പ്രൊമോഷണൽ, മാർക്കറ്റിംഗ് സന്ദേശങ്ങൾ അയയ്ക്കാന്‍ സാധിക്കുക.
എസ്.എം.എസുകള്‍ തട്ടിപ്പുകള്‍ക്കായി ദുരുപയോഗം ചെയ്താല്‍, ഇവ അയയ്ക്കുന്ന ഉറവിടത്തെ തല്‍ക്ഷണം ബ്ലോക്ക് ചെയ്യുന്നതാണ്. തുടര്‍ന്ന് ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ട്രായിയുടെ ഉത്തരവില്‍ പറയുന്നു.
Related Articles
Next Story
Videos
Share it