ഫേസ്ബുക്കിന്റെ ഡിജിറ്റല്‍ മണി; സക്ക് ബക്ക്‌സുമായി മാര്‍ക്ക് സക്കര്‍ബര്‍ഗ്

ആദ്യം ലിബ്രയെന്നും പിന്നീട് ഡൈം (diem) എന്നും പേര് മാറ്റിയ ഫേസ്ബുക്കിന്റെ ക്രിപ്‌റ്റോ കറന്‍സി പദ്ധതി മാതൃസ്ഥാപനം മെറ്റ ഉപേക്ഷിച്ചിരുന്നു. ആഗോള തലത്തില്‍ സര്‍ക്കാരുകളില്‍ നിന്ന് നേരിടാന്‍ ഇടയുള്ള എതിര്‍പ്പ് മുന്നില്‍ കണ്ടാണ് ക്രിപ്‌റ്റോ കറന്‍സി അവതരിപ്പിക്കാനുള്ള ശ്രമത്തില്‍ നിന്ന് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പിന്മാറ്റം എന്നാണ് വിലയിരുത്തപ്പെട്ടത്.

എന്നാല്‍ ഫേസ്ബുക്ക് വീണ്ടും ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

മെറ്റ ജീവനക്കാര്‍ക്കിടയില്‍ സക്ക് ബക്ക്‌സ് (zuck bucks) എന്ന് വിളിക്കപ്പെടുന്ന ഒരു ഡിജിറ്റല്‍ മണി കമ്പനി വികസിപ്പിക്കുന്നു എന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. പുതിയ ഉല്‍പ്പന്നങ്ങള്‍ തുടര്‍ച്ചയായി പരിഗണിക്കുന്നുണ്ടെന്നും കമ്പനി വികസിപ്പിക്കുന്ന മെറ്റാവേഴ്‌സില്‍ സാമ്പത്തിക സേവനങ്ങളും പേയ്‌മെന്റ് സൗകര്യങ്ങളും ഉണ്ടാകുമെന്നും ആണ് വിഷയത്തില്‍ AFP വാര്‍ത്ത ഏജന്‍സിയോടെ മെറ്റ വക്താവ് പ്രതികരിച്ചത്.
ഒരു പക്ഷെ മെറ്റാവേഴ്‌സിലെ സാമ്പത്തിക ഇടപാടുകള്‍ക്കായി ആവും സക്കര്‍ബര്‍ഗും സംഘവും പുതിയ ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കുക. ഓണ്‍ലൈന്‍ ഗെയിമിംഗില്‍ ഉപയോഗിക്കുന്ന ഡിജിറ്റല്‍ ടോക്കണുകള്‍ ഉള്‍പ്പടെയുള്ളവ അവതരിപ്പിക്കാന്‍ മെറ്റയ്ക്ക് പദ്ധതിയുണ്ട്. കൂടാതെ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് ഡിജിറ്റല്‍ ടോക്കണുകളിലൂടെ റിവര്‍ഡുകള്‍ നല്‍കുന്നതും പരിഗണനയിലാണ്.
വിവിധ രാജ്യങ്ങളിലെ സ്വകാര്യത നിയമങ്ങള്‍ കര്‍ശനമാവുന്നതോടെ പരസ്യവരുമാനം ഇടിയുമെന്നാണ് ഫേസ്ബുക്കിന്റെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെ വരുമാന മേഖലയിലെ വൈവിധ്യവത്കരണവും കമ്പനിയുടെ മുഖ്യലക്ഷ്യമാണ്.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it