

ഇൻസ്റ്റാഗ്രാമിലെ ഡിഎം (Direct Message) സന്ദേശങ്ങൾക്കായുള്ള എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ (E2EE) നിര്‍ത്തലാക്കാന്‍ തീരുമാനിച്ച് മെറ്റ. ആഗോളതലത്തിൽ ഇന്ന് (മെയ് 9) മുതലാണ് ഈ മാറ്റം നിലവിൽ വന്നത്. സ്വകാര്യതയ്ക്ക് മുൻഗണന നൽകുന്നതാണ് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഫീച്ചർ. ഇത് എല്ലാ ആപ്പുകളിലും സ്റ്റാൻഡേർഡ് ആക്കാനുള്ള മെറ്റയുടെ നേരത്തെയുളള തീരുമാനത്തിന് വിരുദ്ധമാണ്.
എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ പ്രവര്‍ത്തനക്ഷമമാണെങ്കില്‍ അയക്കുന്നയാൾക്കും സ്വീകരിക്കുന്നയാൾക്കും മാത്രമാണ് സന്ദേശങ്ങൾ കാണാനും വായിക്കാനും സാധിക്കുക, ഇൻസ്റ്റാഗ്രാമിന് പോലും ഇവ പരിശോധിക്കാന്‍ കഴിയില്ലായിരുന്നു. അതേസമയം ഈ സവിശേഷത നിര്‍ത്തലാക്കിയതോടെ വേണമെങ്കില്‍ സന്ദേശങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ, വോയ്‌സ് നോട്ടുകൾ തുടങ്ങിയവ കാണാന്‍ ഇൻസ്റ്റാഗ്രാമിന് കഴിയും.
എന്നാല്‍ 'സ്റ്റാൻഡേർഡ് എൻക്രിപ്ഷൻ' തുടരുമെന്നാണ് ഇൻസ്റ്റാഗ്രാം അറിയിച്ചിരിക്കുന്നത്. സന്ദേശങ്ങൾ ഒരു ഡിവൈസില്‍ നിന്ന് സെർവറിലേക്ക് കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ സുരക്ഷ ഉറപ്പാക്കുന്നതാണ് സ്റ്റാൻഡേർഡ് എൻക്രിപ്ഷൻ. ഇൻസ്റ്റാഗ്രാമിന് സെർവറുകളിലെ ഉള്ളടക്കം പരിശോധിക്കാൻ കഴിയുമെന്ന കാര്യത്തിലാണ് ഇത് വ്യത്യാസപ്പെട്ടിരിക്കുന്നത്.
എൻക്രിപ്റ്റ് ചെയ്ത ചാറ്റുകൾ ഉപയോഗിക്കുന്നവർക്ക് ഇൻസ്റ്റാഗ്രാം ഇതുസംബന്ധിച്ച അറിയിപ്പുകൾ ആപ്പിനുളളില്‍ തന്നെ നല്‍കുന്നുണ്ട്. ഈ സവിശേഷത പൂർണമായും എടുത്തു കളയുന്നതിന് മുമ്പായി പ്രധാനപ്പെട്ട മീഡിയ ഫയലുകളും സന്ദേശങ്ങളും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാനാണ് ഇൻസ്റ്റാഗ്രാം ഉപയോക്താക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
വളരെ കുറച്ച് ആളുകളാണ് ഈ സവിശേഷത ഉപയോഗിക്കുന്നത് എന്നതാണ് നിര്‍ത്തലാക്കാനുളള കാരണങ്ങളിലൊന്നായി മെറ്റ വ്യക്തമാക്കുന്നത്. അതേസമയം പ്രായപൂര്‍ത്തിയാകാത്തവരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഈ നീക്കത്തിലൂടെ സാധിക്കുമെന്ന് വിവിധ സംഘടനകള്‍ പറയുന്നു. എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ നിര്‍ത്തലാക്കുന്നത് ഓൺലൈനിലെ ദോഷകരമായ പ്രവർത്തനങ്ങളും ബാലപീഡനങ്ങളും തിരിച്ചറിയുന്നത് എളുപ്പമാക്കുമെന്ന് ഇവർ വ്യക്തമാക്കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine