ട്വിറ്ററിന്റെ പാത പിന്തുടര്‍ന്ന് സക്കര്‍ബര്‍ഗ്, പണം നല്‍കി ബ്ലൂടിക്ക് നേടാം

ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഇനി പണം നല്‍കി ബ്ലൂ ടിക്ക് വെരിഫിക്കേഷന്‍ നേടാം. ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് എന്നീ പ്ലാറ്റ്‌ഫോമുകളിലെ അക്കൗണ്ടുകള്‍ക്കാണ് ബ്ലൂടിക്ക് (Meta Verified) ലഭിക്കുന്നത്. യഥാര്‍ത്ഥ അക്കൗണ്ടുകള്‍ തിരിച്ചറിയാന്‍ മെറ്റ നല്‍കുന്ന അടയാളമാണ് ബ്ലൂ ടിക്ക്. ഇനി മുതല്‍ പണം നല്‍കി വരിക്കാരാവുന്ന പ്രായപൂര്‍ത്തായായ ആര്‍ക്കും ബ്ലൂ ടിക്ക് സ്വന്തമാക്കാം. വെബ് പതിപ്പിന് 11.99 ഡോളറും മൊബൈലില്‍ 14.99 ഡോളറും ആണ് മെറ്റ ഈടാക്കുക. ആന്‍ഡ്രോയിഡിലും ആപ്പിള്‍ ഒഎസിലും കമ്മീഷന്‍ നല്‍കേണ്ടതിനാലാണ് മൊബൈല്‍ പതിപ്പിന് ഉയര്‍ന്ന തുക.

ഈ ആഴ്ച ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ തുടങ്ങുന്ന സേവനം താമസിയാതെ മറ്റ് രാജ്യങ്ങളിലേക്കും എത്തും. ന്യൂസിലാന്‍ഡില്‍ 23.99 NZD (ന്യൂസിലാന്‍ഡ് ഡോളര്‍), 29.99 NZD എന്നിങ്ങനെയാണ് നിരക്ക്. ഓസ്‌ട്രേലിയയില്‍ 19.99 AUD (ഓസ്‌ട്രേലിയന്‍ ഡോളര്‍), 24.99 AUD വീതമാണ് വെബ്, മൊബൈല്‍ പതിപ്പുകള്‍ക്ക് നല്‍കേണ്ടത്.

കൂടുതല്‍ റീച്ച്, പ്രത്യേക കസ്റ്റമര്‍കെയറിലേക്ക് സൗകര്യം, വ്യാജ അക്കൗണ്ടുകളില്‍ നിന്നുള്ള സംരംക്ഷണം, മാസം 100 സൗജന്യ സ്റ്റാര്‍സ് ഉള്‍പ്പടെയുള്ളവയും ബ്ലൂടിക്ക് വരിക്കാര്‍ക്ക് മെറ്റ നല്‍കും. ക്രിയേറ്റര്‍മാര്‍ക്ക് ടിപ്പ് നല്‍കാനായി മെറ്റ അവതരിപ്പിച്ച ഡിജിറ്റല്‍ കറന്‍സിയാണ് സ്റ്റാര്‍. 18 വയസ് തികഞ്ഞവര്‍ക്ക് ഗവണ്‍മെന്റ് ഐഡി കാര്‍ഡ് ഉപയോഗിച്ച് ബ്ലൂടിക്ക് നേടാം. അതേ സമയം ബിസിനസ് അക്കൗണ്ടുകള്‍ക്ക് ഈ സേവനം ഇപ്പോള്‍ ലഭ്യമാക്കില്ല. നേരത്തെ ട്വിറ്റര്‍ 8 ഡോളര്‍ ഈടാക്കി ബ്ലൂടിക്ക് വെരിഫിക്കേഷന്‍ അവതരിപ്പിച്ചിരുന്നു.

Related Articles

Next Story

Videos

Share it