ബിംഗ്, എജ് എന്നിവയില്‍ ചാറ്റ്ജിപിടി സേവനം അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്
മൈക്രോസോഫ്റ്റിന്റെ ബിംഗ് സെർച്ച് എൻജിൻ (Bing), എജ് വെബ് ബ്രൗസര്‍ (Edge) എന്നിവയുടെ പുതിയ പതിപ്പ് അവതരിപ്പിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടിയില്‍ (ChatGPT) ലഭ്യമാവുന്ന സേവനങ്ങള്‍ കൂറേകൂടി മെച്ചപ്പെട്ട രീതിയില്‍ ലഭ്യമാവും എന്നതാണ് പ്രത്യേകത. ഓപ്പണ്‍ എഐയുമായുള്ള സഹകരണത്തിന്റെ ഭാഗമായാണ് എഐ സാങ്കേതികവിദ്യ എജ്ജിലും ബിംഗിലും എത്തുന്നത്.
ചാറ്റ്ജിപിടിയുടെ നിര്‍മാതാക്കളാണ് ഓപ്പണ്‍ എഐ. താമസിയാതെ മൈക്രോസോഫ്റ്റ് ഓഫീസിലും ചാറ്റ്ജിപിടിയുടെ സാങ്കേതിക വിദ്യ കൂട്ടിച്ചേര്‍ക്കും. നേരത്തെ മൈക്രോസോഫ്റ്റ് ടീംസില്‍ ചാറ്റ്ജിപിടി സേവനം അവതരിപ്പിച്ചിരുന്നു.
എജ്ജും ബിംഗും എങ്ങനെ ഉപയോഗിക്കാം
രണ്ടിലും സമാനമായ രീതിയിലാണ് എഐ സേവനം ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പ്ലേസ്റ്റോറില്‍ നിന്നോ ആപ്പിള്‍ സ്റ്റോറില്‍ നിന്നോ ഇവ ഡൗണ്‍ലോഡ് ചെയ്യാം. അല്ലെങ്കില്‍ www.bing.com/ microsoft edge എന്നിവിയിലൂടെ നേരിട്ട് ഉപയോഗിക്കാം. പുതിയ എജ് ബ്രൗസറിന്റ വലതുവശത്തായി ബിംഗിന്റെ ഓപ്ഷനും ഉണ്ടാവും.
ഹോം പേജില്‍ തന്നെ Introducing the new Bing എന്ന വാചകം കാണം. അതിന് ചുവടെയുള്ള Learn more എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് വരുന്ന പേജില്‍ Join the waitlist ല്‍ ക്ലിക്ക് ചെയ്ത് ഇമെയില്‍/ഫോണ്‍ നമ്പര്‍/ സ്‌കൈപ് ഐഡി നല്‍കി രജിസ്റ്റര്‍ ചെയ്യാം. വെയിറ്റ്‌ലിസ്റ്റില്‍ നിങ്ങളുടെ ഊഴമാവുമ്പോല്‍ മൈക്രോസോഫ്റ്റ് ഒരു ഇമെയില്‍ അയക്കും. സെര്‍ച്ച് എഞ്ചിനോടൊപ്പം ചാറ്റ് ഓപ്ഷനും ബിംഗ് നല്‍കുന്നുണ്ട്.
ചാറ്റ്ജിപിടിയില്‍ നിന്ന് ബിംഗിലേക്ക് എത്തുമ്പോഴുള്ള മാറ്റം
ചാറ്റ്ജിപിടി ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചിരുന്നില്ല. എന്നാല്‍ ബിംഗ് അങ്ങനെയല്ല. ഉദാഹരണത്തിന് ഒരു കുട്ടിയുടെയും അവന്‍ വളര്‍ത്തുന്ന ഒരു നായക്കുട്ടിയുടെയും കഥ എഴുതാന്‍ ബിംഗിനോട് ആവശ്യപ്പെട്ടാല്‍, ആദ്യം വരുന്നത് ചാറ്റ്ജിപിടി നല്‍കുന്നതിന് സമാനമായ ഒരു കഥ ആയിരിക്കും. ശേഷം താഴെ ഇന്റര്‍നെറ്റില്‍ ഇതേ ചോദ്യം സെര്‍ച്ച് ചെയ്യുമ്പോള്‍ വരുന്ന ഉത്തരങ്ങളും കാണാം. കൂടാതെ ബിംഗ് നിങ്ങള്‍ക്ക് വേണ്ടി എഴുതുന്ന ഉത്തരങ്ങള്‍ എവിടെ നിന്നാണ് ലഭ്യമാക്കിയതെന്നും അറിയാന്‍ സാധിക്കും.
ബിംഗ് സേവനം ഫ്രീ
ബിംഗ് പ്രവര്‍ത്തിക്കുക പരസ്യങ്ങളില്‍ നിന്നുള്ള വരുമാനം കൊണ്ടാവും എന്നാണ് മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല പറഞ്ഞത്. അതേ സമയം ഭാവിയില്‍ മറ്റ് സാധ്യതകളും പരിശോധിക്കുമെന്നും ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ഓപ്പണ്‍എഐയില്‍ 1000 കോടി ഡോളറിന്റെ നിക്ഷേപമാണ് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. നേരെത്തെ ഓപ്പണ്‍ എഐയില്‍ 100 കോടി ഡോളര്‍ മൈക്രോസോഫ്റ്റ് നിക്ഷേപിച്ചിരുന്നു. അതേ സമയം വിവരണങ്ങളില്‍ നിന്ന് ചിത്രങ്ങള്‍ സൃഷ്ടിക്കുന്ന ഓപ്പണ്‍എഐയുടെ ഡാല്‍-ഇ (DALL E) സേവനം എപ്പോഴാവും മൈക്രോസോഫ്റ്റില്‍ എത്തുക എന്ന് വ്യക്തമല്ല.