കാല്‍നൂറ്റാണ്ട് കാലത്തെ പാക്കിസ്ഥാനിലെ പ്രവര്‍ത്തനം നിറുത്തി മൈക്രോസോഫ്റ്റും മടങ്ങി, പ്രതിസന്ധി രൂക്ഷം, കൂടുവിടാന്‍ ഒരുങ്ങി കൂടുതല്‍ കമ്പനികള്‍

കറന്‍സിയുടെ മൂല്യവും വിദേശനാണ്യശേഖരവും കുത്തനെ ഇടിഞ്ഞതോടെ പണപ്പെരുപ്പം വര്‍ധിച്ച പാക്കിസ്ഥാന്‍ ഐ.എം.എഫ് അടക്കമുള്ള അന്താരാഷ്ട്ര ഏജന്‍സികളുടെ സാമ്പത്തിക സഹായത്തോടെയാണ് നിലവില്‍ പിടിച്ചുനില്‍ക്കുന്നത്
microsoft logo and pak flag
Canva, Microsoft .com
Published on

ആഗോളതലത്തില്‍ 9,000 ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനത്തിന് പിന്നാലെ പാക്കിസ്ഥാനിലെ 25 വര്‍ഷത്തെ പ്രവര്‍ത്തനം അവസാനിപ്പിച്ച് മൈക്രോസോഫ്റ്റ്. ഡിജിറ്റല്‍ വിപണിയില്‍ പാക്കിസ്ഥാന് അടിപതറുന്നതിന്റെ സൂചന കൂടിയാണ് ടെക് ഭീമന്റെ വിടവാങ്ങലെന്നാണ് വിലയിരുത്തല്‍. രാഷ്ട്രീയ - സാമ്പത്തിക അസ്ഥിരതകള്‍ തകര്‍ത്ത പാക്കിസ്ഥാനില്‍ നിന്ന് കൂടുതല്‍ കമ്പനികള്‍ കൂടുവിടുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

വലിയ സൂചന

2000ലാണ് മൈക്രോസോഫ്റ്റ് പാക്കിസ്ഥാനില്‍ പ്രവര്‍ത്തനം തുടങ്ങിയത്. പാക്കിസ്ഥാന്റെ ഡിജിറ്റല്‍ മാറ്റത്തിന് ചുക്കാന്‍ പിടിച്ച കമ്പനി നിരവധി നല്ല മാറ്റങ്ങള്‍ വരുത്തിയിരുന്നു. ആദ്യകാലത്ത് നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ താറുമാറാക്കിയത് ആഭ്യന്തര പ്രശ്‌നങ്ങളാണെന്നാണ് ആരോപണം. മൈക്രോസോഫ്റ്റ് പാക്കിസ്ഥാനില്‍ പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ കമ്പനിയെ നിയന്ത്രിച്ചിരുന്ന ജവാദ് റഹ്‌മാന്‍ തന്നെയാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച് കാലമായി പാക്കിസ്ഥാനില്‍ മൈക്രോസോഫ്റ്റ് ജീവനക്കാരെ കുറച്ച് വരികയാണ്. 25 വര്‍ഷത്തിന് ശേഷം കമ്പനി പാക്കിസ്ഥാനില്‍ ഔദ്യോഗികമായി പ്രവര്‍ത്തനം നിറുത്തുകയാണെന്ന് റഹ്‌മാന്‍ ലിങ്ക്ഡ്ഇനില്‍ കുറിച്ചു.

അവശേഷിക്കുന്ന ജീവനക്കാര്‍ക്കും ഉടന്‍ അറിയിപ്പ് ലഭിക്കും. ഇതോടെ ഒരു യുഗം അവസാനിക്കുകയാണ്. എന്നാല്‍ ഈ തീരുമാനം ഒരു കോര്‍പറേറ്റ് കമ്പനിയുടെ പിന്‍വാങ്ങലിനുപരി രാജ്യത്തെ ബാധിച്ചിരിക്കുന്ന പ്രതിസന്ധിയുടെ പ്രതിഫലനമാണ്. മൈക്രോസോഫ്റ്റ് പോലുള്ള അന്താരാഷ്ട്ര കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാനാകാത്ത അവസ്ഥയാണ് ഇവിടെ. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് പാക്കിസ്ഥാന്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അവസരം നഷ്ടമാക്കി

മൈക്രോസോഫ്റ്റിന്റെ തീരുമാനം രാജ്യത്തെ ബാധിച്ച സാമ്പത്തിക പ്രതിസന്ധിയുടെ സൂചനയാണെന്ന് മുന്‍പ്രസിഡന്റ് ഡോ.ആരിഫ് അല്‍വിയും ആരോപിച്ചു. പാക്കിസ്ഥാന്‍ നിലവില്‍ അനിശ്ചിതത്വത്തിന്റെ ചുഴിയില്‍ പെട്ടിരിക്കുകയാണ്. തൊഴിലില്ലായ്മ വര്‍ധിക്കുന്നു, കഴിവുള്ളവരെല്ലാം വിദേശത്തേക്ക് രക്ഷപ്പെടുന്നു, ആളുകളുടെ വാങ്ങല്‍ ശേഷിയും കുത്തനെയിടിഞ്ഞെന്നും അദ്ദേഹം ആരോപിച്ചു. 2022ല്‍ പാക്കിസ്ഥാനിലെത്തിയ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സുമായി താന്‍ രഹസ്യമായി സംസാരിച്ചിരുന്നു. അന്നത്തെ പാക് പ്രസിഡന്റ് ഇമ്രാന്‍ ഖാനും മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നാഥെല്ലുമായി കൂടിക്കാഴ്ച അദ്ദേഹം ഏര്‍പ്പാടാക്കി. മാസങ്ങള്‍ക്കുള്ളില്‍ വലിയൊരു നിക്ഷേപം പാക്കിസ്ഥാനിലെത്തേണ്ടതായിരുന്നു. എന്നാല്‍ ഇമ്രാന്‍ ഖാന്‍ അധികാരത്തില്‍ നിന്നും പുറത്തായതോടെ ഇത് നിലച്ചു. പാക്കിസ്ഥാന് ലഭിക്കേണ്ട നിക്ഷേപം മൈക്രോസോഫ്റ്റ് വിയറ്റ്‌നാമിലേക്ക് വഴിമാറ്റിയെന്നും അദ്ദേഹം ആരോപിച്ചു.

പ്രതിസന്ധി രൂക്ഷം

കറന്‍സിയുടെ മൂല്യവും വിദേശനാണ്യശേഖരവും കുത്തനെ ഇടിഞ്ഞതോടെ പണപ്പെരുപ്പം വര്‍ധിച്ച പാക്കിസ്ഥാന്‍ ഐ.എം.എഫ് അടക്കമുള്ള അന്താരാഷ്ട്ര ഏജന്‍സികളുടെ സാമ്പത്തിക സഹായത്തോടെയാണ് നിലവില്‍ പിടിച്ചുനില്‍ക്കുന്നത്. ഇതിനിടയിലാണ് അന്താരാഷ്ട്ര കമ്പനികളും കളമൊഴിയുന്നത്. സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായിരുന്ന പാക്കിസ്ഥാനെ ബാധിച്ച സാമ്പത്തിക മാന്ദ്യത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ നടപടികള്‍. അടിക്കടി ഇന്റര്‍നെറ്റ് കണക്ഷന്‍ റദ്ദാക്കുന്നതും അശാസ്ത്രീയമായ നികുതി സമ്പ്രദായവും പാക്കിസ്ഥാനില്‍ അന്താരാഷ്ട്ര കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാനാവാത്ത സാഹചര്യമുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. മൈക്രോസോഫ്റ്റിന്റെ പിന്‍വാങ്ങലോടെ മറ്റ് കമ്പനികളും ഇവിടെ പുതിയ നിക്ഷേപം നടത്താന്‍ മടിക്കുമെന്നാണ് കരുതുന്നത്.

Microsoft ceases Pakistan operations after 25 years amid global layoffs, shifting to a partner‑led SaaS model—citing political, economic & policy challenges.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com