

ഒക്‌ടോബര്‍ 14നു ശേഷം വിന്‍ഡോസ് 10 ഫ്രീ സപ്പോര്‍ട്ടും അപ്‌ഡേറ്റും ഇല്ലെന്നു തീരുമാനിച്ച മൈക്രോസോഫ്റ്റിനെതിരെ നിയമയുദ്ധം. തീരുമാനം നടപ്പാക്കിയാല്‍ വിൻഡോസ് 11 ഉള്ള ഒരു പുതിയ കമ്പ്യൂട്ടര്‍ വാങ്ങാൻ ഉപയോക്താക്കള്‍ നിർബന്ധിതരാകുകയോ വിപുലീകൃത പിന്തുണയ്ക്കായി പ്രതിവർഷം 30 ഡോളര്‍ മൈക്രോസോഫ്റ്റിന് നൽകുകയോ ചെയ്യേണ്ട സാഹചര്യം സൃഷ്ടിക്കപ്പെടും.
കമ്പനിയുടെ നീക്കത്തിനെതിരെ ലോറൻസ് ക്ലീൻ എന്ന കാലിഫോർണിയക്കാരനാണ് കേസ് ഫയല്‍ ചെയ്തത്. ഹാർഡ്‌വെയർ പരിമിതികൾ കാരണം ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യാൻ കഴിയാത്ത വിൻഡോസ് 10 ല്‍ പ്രവർത്തിക്കുന്ന രണ്ട് ലാപ്‌ടോപ്പുകൾ തന്റെ കൈവശമുളളതായും ക്ലീന്‍ പരാതിയില്‍ പറയുന്നു. വിന്‍ഡോസ് 10 ന്റെ സുരക്ഷാ അപ്‌ഡേറ്റുകൾ അവസാനിച്ചുകഴിഞ്ഞാൽ വിൻഡോസ് 11 ലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ കഴിയാത്ത ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ സൈബർ ആക്രമണങ്ങൾക്കോ ഡാറ്റാ മോഷണങ്ങള്‍ക്കോ ഇരയാകും.
വിൻഡോസ് 10 നുള്ള പിന്തുണ അവസാനിപ്പിക്കാനുള്ള നീക്കം ഉപയോക്താക്കളെ എ.ഐ സവിശേഷതകളുളള വിൻഡോസ് 11 ല്‍ പ്രവർത്തിക്കുന്ന പുതിയ കമ്പ്യൂട്ടറുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യിക്കാനുളള തന്ത്രത്തിന്റെ ഭാഗമാണെന്നും ക്ലീൻ ആരോപിക്കുന്നു. കൂടാതെ പ്രവർത്തനക്ഷമമല്ലാത്ത ലക്ഷക്കണക്കിന് കമ്പ്യൂട്ടറുകൾ പെട്ടന്ന് ഉപേക്ഷിക്കുന്നതുമൂലം ഇലക്ട്രോണിക് മാലിന്യങ്ങൾ വർദ്ധിക്കുന്നത് പരിസ്ഥിതിയെ ദോഷകരമായി ബാധിക്കും.
പിന്തുണ സമയപരിധികളെക്കുറിച്ച് വിൽപ്പന സമയത്ത് തന്നെ മൈക്രോസോഫ്റ്റ് വ്യക്തമായ വിവരങ്ങള്‍ ഉപയോക്താക്കള്‍ക്ക് കൈമാറണം. സോഫ്‌റ്റ്‌വെയർ പിന്തുണ അവസാനിച്ചുകഴിഞ്ഞാൽ സംഭവിക്കുന്ന സുരക്ഷാ അപകടസാധ്യതകളും അധിക ചെലവുകളും സംബന്ധിച്ച് വാങ്ങുന്നയാൾക്ക് വ്യക്തമായ ധാരണ നൽകാൻ ഇത് സഹായിക്കും.
അതേസമയം, വിൻഡോസ് 11 ലേക്ക് അപ്‌ഗ്രേഡ് ചെയ്യണോ, വിപുലീകൃത പിന്തുണ ലഭിക്കുന്നതിന് സബ്‌സ്‌ക്രിപ്‌ഷൻ ഫീസ് അടയ്ക്കണോ, പുതിയ കമ്പ്യൂട്ടര്‍ വാങ്ങണോ അതോ സുരക്ഷിതമല്ലാത്തതും പിന്തുണയില്ലാത്തതുമായ സോഫ്റ്റ്‌വെയർ പ്രവർത്തിപ്പിക്കുന്നത് മൂലമുളള അപകടസാധ്യതകള്‍ നേരിടണോ എന്നീ തീരുമാനങ്ങൾ എടുക്കേണ്ട അവസ്ഥയില്‍ ആശങ്കയിലാണ് നിലവില്‍ വിന്‍ഡോസ് 10 ഉപയോഗിക്കുന്നവര്‍.
Microsoft faces lawsuit over Windows 10 support end, raising upgrade pressure and cybersecurity risks for millions.
Read DhanamOnline in English
Subscribe to Dhanam Magazine