

ലിങ്ക്ഡ്ഇന്നിന്റെ (linkedin) പരിശീലന പ്ലാറ്റ്ഫോം വഴി പുതിയ നിര്‍മിത ബുദ്ധി (AI) പരിശീലന പരിപാടി ആരംഭിച്ച് മൈക്രോസോഫ്റ്റ് (Microsoft). ലിങ്ക്ഡ്ഇന്നിന്റെ 'സ്‌കില്‍സ് ഫോര്‍ ജോബ്സ് പ്രോഗ്രാ'മിന് കീഴില്‍ വിവിധ സൗജന്യ കോഴ്സുകള്‍ ഉണ്ട്. ഇതില്‍ ഉള്‍പ്പെടുത്തിയാണ് ഓണ്‍ലൈനായി ജനറേറ്റീവ് നിര്‍മിത ബുദ്ധിയെക്കുറിച്ചുള്ള കോഴ്‌സും ആദ്യത്തെ പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റും നല്‍കുന്നത്.
വൈകാതെ മറ്റ് ഭാഷകളില്‍
ജനറേറ്റീവ് നിര്‍മിത ബുദ്ധിയില്‍ (Generative AI) തൊഴിലാളികളെ പരിശീലിപ്പിക്കുന്നതിനുള്ള പുതിയ വഴികള്‍ കണ്ടെത്തുന്നതിന് data.org-മായി ഏകോപിപ്പിച്ചുകൊണ്ടുള്ള സംവിധാനമുണ്ടാകുമെന്ന് ലിങ്ക്ഡ്ഇനിലെ മൈക്രോസോഫ്റ്റ് ഫിലാന്‍ട്രോപീസ് കോര്‍പ്പറേറ്റ് വൈസ് പ്രസിഡന്റ് കേറ്റ് ബെന്‍കെന്‍ പറഞ്ഞു. ജനറേറ്റീവ് നിര്‍മിത ബുദ്ധിയുടെ ഈ പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റ് നിലവില്‍ ഇംഗ്ലീഷിലാണ് ലഭിക്കുന്നത്. വൈകാതെ സ്പാനിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ജര്‍മ്മന്‍, ചൈനീസ്, ജാപ്പനീസ് ഭാഷകളില്‍ ഇത് എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനറേറ്റീവ് നിര്‍മിത ബുദ്ധി
നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ എഴുത്തുകള്‍, ചിത്രങ്ങള്‍, ശബ്ദങ്ങള്‍ ഉള്‍പ്പടെയുള്ളവ സൃഷ്ടിച്ചെടുക്കാന്‍ കഴിവുള്ള നിര്‍മിത ബുദ്ധിയാണ് ജനറേറ്റീവ് നിര്‍മിത ബുദ്ധി.ഓപ്പണ്‍ എ.ഐ ചാറ്റ് ജി.പി.ടി ആരംഭിച്ചതു മുതല്‍ ജനറേറ്റീവ് എ.ഐയുടെ പിന്നാലെയാണ് പല കമ്പനികളും. നിരവധി കമ്പനികള്‍ അവരുടെ ആപ്പുകളിലും സോഫ്റ്റ്വെയര്‍ ഇന്റര്‍ഫേസുകളിലും ഉപഭോക്തൃ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ജനറേറ്റീവ് നിര്‍മിത ബുദ്ധി ഉപയോഗിക്കാന്‍ തുടങ്ങി.
Read DhanamOnline in English
Subscribe to Dhanam Magazine