

മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലയുടെ അഭ്യര്‍ത്ഥനയ്ക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വഴങ്ങി. ജനപ്രിയ ഹ്രസ്വ-വീഡിയോ ആപ്ലിക്കേഷന്‍ ടിക് ടോക്കിന്റെ വില്‍പ്പന സംബന്ധിച്ച് മൈക്രോസോഫ്റ്റ് കോര്‍പ്പറേഷനുമായി ചര്‍ച്ച ചെയ്യാന്‍ ചൈനീസ് കമ്പനി ബൈറ്റ്ഡാന്‍സിന് 45 ദിവസം അനുവദിക്കാമെന്ന് ട്രംപ് സമ്മതിച്ചു.
നിര്‍ദ്ദിഷ്ട കരാര്‍ പ്രകാരം, യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നിവിടങ്ങളിലെ ടിക് ടോക്കിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. ടിക്ക് ടോക്കിന്റെ അമേരിക്കന്‍ ഉപയോക്താക്കള്‍ കൈമാറുന്ന എല്ലാ സ്വകാര്യ ഡാറ്റയും അമേരിക്കയില്‍ തന്നെ നിലനില്‍ക്കുമെന്ന് ഇത് ഉറപ്പാക്കുമെന്നും മൈക്രോസോഫ്റ്റ് വ്യക്തമാക്കി.ടിക് ടോക്കിലെ ന്യൂനപക്ഷ ഓഹരികള്‍ സ്വന്തമാക്കാന്‍ മൈക്രോസോഫ്റ്റ് മറ്റ് അമേരിക്കന്‍ നിക്ഷേപകരെ ക്ഷണിച്ചേക്കും. ബൈറ്റ്ഡാന്‍സ് നിക്ഷേപകരില്‍ 70% വും അമേരിക്കയില്‍ നിന്നാണ്.
വ്യക്തിഗത ഡാറ്റ കൈകാര്യം ചെയ്യുന്നതിനാല്‍ ചൈനീസ് ഉടമസ്ഥതയ്ക്ക് കീഴിലുള്ള ടിക് ടോക്ക് ദേശീയ സുരക്ഷയ്ക്ക് അപകടമുണ്ടാക്കുമെന്ന് യുഎസ് അധികൃതര്‍ പറഞ്ഞിരുന്നു. മൈക്രോസോഫ്റ്റിന് വില്‍പ്പന നടത്താമെന്ന ആശയം തള്ളിയ ശേഷം അമേരിക്കയില്‍ ടിക് ടോക്കിനെ നിരോധിക്കാന്‍ ആലോചിക്കുന്നതായും ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞു.
എന്നാല്‍ ട്രംപും മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലയും തമ്മിലുള്ള ചര്‍ച്ചയെത്തുടര്‍ന്ന് ബൈറ്റ്ഡാന്‍സില്‍ നിന്ന് ടിക് ടോക്കിനെ ഏറ്റെടുക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടരുമെന്നും സെപ്റ്റംബര്‍ 15 നകം ഒരു കരാറിലെത്താന്‍ ലക്ഷ്യമിടുന്നുവെന്നും വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള റെഡ് വുഡ് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.ട്രംപിന്റെ മനസ്സ് മാറ്റിയത് എന്താണെന്ന് വ്യക്തമല്ല.മൈക്രോസോഫ്റ്റിന് ടിക് ടോക്കിന്റെ വില്‍പ്പനയ്ക്ക് പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രമുഖ റിപ്പബ്ലിക്കന്‍ നിയമ സഭാംഗങ്ങള്‍ പ്രസ്താവന നടത്തിയിരുന്നു.
'പ്രസിഡന്റിന്റെ ആശങ്കകള്‍ പരിഹരിക്കേണ്ടതിന്റെ പ്രാധാന്യം മൈക്രോസോഫ്റ്റ് പൂര്‍ണ്ണമായി വിലമതിക്കുന്നു. സമ്പൂര്‍ണ്ണ സുരക്ഷാ അവലോകനത്തിന് വിധേയമായി ടിക് ടോക്ക് ഏറ്റെടുക്കുന്നതിനും യുണൈറ്റഡ് ട്രഷറി ഉള്‍പ്പെടെയുള്ള യുണൈറ്റഡ് സ്റ്റേറ്റ്സിന് ശരിയായ സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കുന്നതിനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധമാണ്' മൈക്രോസോഫ്റ്റ് പ്രസ്താവനയില്‍ പറഞ്ഞു.ബൈറ്റ്ഡാന്‍സും മൈക്രോസോഫ്റ്റും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത് അമേരിക്കയിലെ വിദേശ നിക്ഷേപ സമിതിയാണ്. ഏത് കരാറും തടയാന്‍ അവകാശമുള്ള യുഎസ് ഗവണ്‍മെന്റ് പാനലാണിത്.അതേ സമയം ഇത് സംബന്ധിച്ച ചോദ്യങ്ങളോട് ബൈറ്റ്ഡാന്‍സും വൈറ്റ് ഹൗസും പ്രതികരിച്ചിട്ടില്ല.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine