

മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന കംപ്യൂട്ടറുകളില്‍ പ്രത്യക്ഷപ്പെടുന്ന നീല നിറത്തിലുള്ള സ്‌ക്രീന്‍ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? കംപ്യൂട്ടര്‍ സംവിധാനത്തില്‍ ഗുരുതരമായ തകരാറുകള്‍ ശ്രദ്ധയില്‍ പെടുമ്പോഴാണ് ഈ സ്‌ക്രീന്‍ സാധാരണ കാണാന്‍ കഴിയുന്നത്. എന്തെങ്കിലും കാരണത്താല്‍ വിന്‍ഡോസ് ഷട്ട്ഡൗണ്‍ ആവുകയോ അപ്രതീക്ഷിതമായി റീസ്റ്റാര്‍ട്ട് ആവുകയോ ചെയ്താല്‍ ഡാറ്റ നഷ്ടപ്പെടാതിരിക്കാന്‍ വിന്‍ഡോസിലുള്ള ഒരു സുരക്ഷാ സംവിധാനമാണിത്. ബ്ലൂ സ്‌ക്രീന്‍ ഓഫ് ഡെത്ത് (ബി.എസ്.ഒ.ഡി) എന്നറിയപ്പെടുന്ന ഈ സംവിധാനം ഒഴിവാക്കാന്‍ മൈക്രോസോഫ്റ്റ് ഒരുങ്ങുകയാണ്. 40 വര്‍ഷത്തിന് ശേഷമാണ് ടെക് കമ്പനിയുടെ ഈ നീക്കം. 1985ല്‍ വിന്‍ഡോസ് 1.0ലാണ് ആദ്യമായി ബ്ലൂ സ്‌ക്രീന്‍ ഓഫ് ഡെത്ത് പ്രത്യക്ഷപ്പെട്ടത്.
നീല സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന ദുഃഖത്തിന്റെ സ്‌മൈലിക്കും ക്യു.ആര്‍ കോഡിനും എറര്‍ മെസേജിനും പകരം കറുത്ത സ്‌ക്രീനില്‍ എറര്‍ മെസേജ് മാത്രം കൊണ്ടുവരുമെന്നാണ് മൈക്രോസോഫ്റ്റിന്റെ പ്രഖ്യാപനം. എറര്‍ സ്‌ക്രീന്‍ ലളിതമാക്കുന്നതിനായി ക്യൂ.ആര്‍ കോഡും സ്‌മൈലിയും ഒഴിവാക്കിയിട്ടുണ്ട്. കംപ്യൂട്ടര്‍ സംവിധാനത്തിലെ എറര്‍ എളുപ്പത്തില്‍ മനസിലാക്കാനുള്ള സംവിധാനവും ഈ സ്‌ക്രീനിലുണ്ടാകും. വിന്‍ഡോസ് 11 ഉപയോഗിക്കുന്നവര്‍ക്ക് അടുത്ത ആഴ്ചകളിലെ അപ്‌ഡേറ്റില്‍ ഇവയെത്തുമെന്നാണ് വിവരം.
കഴിഞ്ഞ വര്‍ഷം 85 ലക്ഷം കംപ്യൂട്ടറുകളെ ബാധിച്ച ക്രൗഡ്‌സ്‌ട്രൈക്ക് ഔട്ട്‌റേജിനെ തുടര്‍ന്ന് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ സുരക്ഷാ പരിശോധന നടത്തുമെന്ന് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിരുന്നു. സമാനമായ സൈബര്‍ ആക്രമണങ്ങളെ നേരിടാന്‍ കൂടുതല്‍ സുരക്ഷാ ഫീച്ചറുകള്‍ പുതിയ വിന്‍ഡോസ് അപ്‌ഡേറ്റുകളില്‍ നല്‍കുമെന്നും കമ്പനി പറയുന്നു. എന്നാല്‍ സുരക്ഷാ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് പുതിയ മാറ്റമെന്ന് സമ്മതിക്കാന്‍ മൈക്രോസോഫ്റ്റ് തയ്യാറായിട്ടില്ല. യൂസര്‍ ഇന്റര്‍ഫേസ് കൂടുതല്‍ ലളിതമാക്കുന്നതിനാണ് മാറ്റമെന്നാണ് കമ്പനിയുടെ അവകാശവാദം.
കംപ്യൂട്ടറിലെ ഓപ്പറേറ്റിംഗ് സിസ്റ്റം അപ്രതീക്ഷിതമായി തകരാറിലാകുന്നത് തടയാനുള്ള സംവിധാനങ്ങളും പുതിയ അപ്‌ഡേറ്റിലുണ്ടാകും. ഇതിനായി ക്വിക്ക് മെഷീന്‍ റിക്കവറി (QMR) സംവിധാനവും മൈക്രോസോഫ്റ്റ് അവതരിപ്പിച്ചു. കംപ്യൂട്ടറുകള്‍ ബൂട്ട് ചെയ്യാനാകാതെ വരുമ്പോള്‍ സ്വയം തകരാര്‍ പരിഹരിക്കാന്‍ സഹായിക്കുന്ന സംവിധാനമാണിത്. തകരാറിലായാല്‍ കംപ്യൂട്ടര്‍ സ്വയം ക്ലൗഡിലെത്തി പരിഹാരം കണ്ടെത്തും. മനുഷ്യ ഇടപെടല്‍ ഇല്ലാതെ ഇത്തരം തകരാറുകള്‍ പരിഹരിക്കാന്‍ കഴിയുമെന്നതതാണ് പ്രത്യേകത. കൂടുതല്‍ ഡിവൈസുകളിലേക്ക് തകരാര്‍ വ്യാപിക്കാതിരിക്കാനും ഇത് സഹായിക്കുമെന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine