ട്വിറ്ററില്‍ നിന്നും കൂവിലേക്ക് മാറണോ; പുതിയ നീക്കവുമായി അപ്രമേയ രാധാകൃഷ്ണ
ട്വിറ്ററില്‍ നിന്നും കൂവിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നുണ്ടോ നിങ്ങള്‍? അങ്ങനെയെങ്കില്‍ നിങ്ങളുടെ എല്ലാ ട്വീറ്റുകളും ട്വിറ്ററില്‍ നിന്നും കൂവിലേക്ക് മാറ്റാന്‍ തങ്ങള്‍ സാഹായിക്കാമെന്ന് അറിയിച്ച് കൂ സഹസ്ഥാപകനും സിഇഒയുമായ അപ്രമേയ രാധാകൃഷ്ണ. ട്വിറ്ററിനോട് സാമ്യമുള്ള ഇന്ത്യന്‍ മൈക്രോ-ബ്ലോഗിംഗ് പ്ലാറ്റ്ഫോമാണ് കൂ. സംരംഭകരായ അപ്രമേയ രാധാകൃഷ്ണയും മായങ്ക് ബിദ്വത്കയും ചേര്‍ന്നാണ് കൂ സ്ഥാപിച്ചത്. ഇന്ത്യക്കാര്‍ക്ക് അവരുടെ മാതൃഭാഷയില്‍ അവരുടെ കാഴ്ചപ്പാടുകള്‍ പങ്കിടാനും അര്‍ത്ഥവത്തായ ചര്‍ച്ചകള്‍ നടത്താനും വേണ്ടി നിര്‍മ്മിച്ച ഒരു ആപ്പ് എന്നാണ് കൂവിനെ കമ്പനി വിശേഷിപ്പിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങളും അപ്ഡേറ്റുകളും പങ്കിടുന്നത് മുതല്‍ ട്വിറ്ററില്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും കൂവില്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയും. സെലിബ്രിറ്റികളെയും ഈ പ്ലാറ്റ്ഫോമില്‍ പിന്തുടരാം. ഒക്ടോബറില്‍ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിനുശേഷം നിരവധി ജീവനക്കാരെ പിരിച്ചുവിടുകയും പല മാറ്റങ്ങള്‍ ട്വിറ്ററില്‍ കൊണ്ടുവരികയും ചെയ്തു. ഇത് ആഗേളതലത്തില്‍ ശക്തമായ എതിര്‍പ്പുകള്‍ക്ക് വഴിവച്ചു.
ഇന്ത്യയില്‍ നിരവധി പേര്‍ ട്വിറ്ററില്‍ നിന്നും കൂവിലേക്ക് ചേക്കേറാന്‍ തുടങ്ങി. ട്വിറ്ററുമായി തര്‍ക്കത്തിലായിരിക്കുമ്പോള്‍ ഔദ്യോഗിക ആശയവിനിമയങ്ങള്‍ പ്രചരിപ്പിക്കാനും ഈ പ്ലാറ്റ്‌ഫോം സര്‍ക്കാര്‍ ഉപയോഗിച്ചിരുന്നു. കൂ ഇതിനകം 50 ദശലക്ഷം ഡൗണ്‍ലോഡുകള്‍ കടന്നു. ഈ അവസരത്തിലാണ് ഇത്തരമൊരു നീക്കം അപ്രമേയ രാധാകൃഷ്ണ മുന്നോട്ട് വച്ചത്.
എങ്ങനെ, എന്തെല്ലാം മാറ്റാം
അപ്രമേയ രാധാകൃഷ്ണന്‍ പറഞ്ഞതനുസരിച്ച് നിങ്ങളുടെ എല്ലാ ട്വീറ്റുകളും ട്വിറ്ററില്‍ നിന്നും കൂവിലേക്ക് മാറ്റാന്‍ സാധിക്കും. ഇതിനായി മൈഗ്രേറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്ത്‌കൊണ്ട് സ്‌ക്രീനിലെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് നിങ്ങളുടെ എല്ലാ ട്വീറ്റുകളും കൂ അക്കൗണ്ടിലേക്ക് തടസ്സമില്ലാതെ മാറ്റാനാകുമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ നിങ്ങള്‍ ട്വിറ്ററില്‍ പിന്തുടരുന്ന എല്ലാ അക്കൗണ്ടുകളും, കൂവില്‍ ലഭ്യമാണെങ്കില്‍, ഒറ്റ ക്ലിക്കിലൂടെ അവ കൂവില്‍ പിന്തുടരാനാകുമെന്നും അദ്ദേഹം പറഞ്ഞു. മറ്റാരുടെയെങ്കിലും ട്വീറ്റിന്റെ മറുപടികള്‍, ലൈക്കുകള്‍ അല്ലെങ്കില്‍ വീണ്ടും അവ ഷെയര്‍ ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങള്‍ ഒഴികെയുള്ള ഏത് ട്വീറ്റും കൂവിലേക്ക് മാറ്റാനാകുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.
സമാനതകളും വ്യത്യാസങ്ങളും
കൂവിനും ട്വിറ്ററിനും ചില സമാനതകളുണ്ട്. രണ്ട് പ്ലാറ്റ്ഫോമുകളും ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്. കൂയുടെ പ്ലാറ്റ്ഫോമിന് ട്വിറ്ററിന് സമാനമായ ഇന്റര്‍ഫേസ് ഉണ്ട്. ട്വിറ്ററിന് സമാനമായ വീഡിയോകള്‍ ഉള്‍പ്പെടെയുള്ള മീഡിയ ഫയലുകള്‍ കൂവില്‍ നിങ്ങള്‍ക്ക് അപ്‌ഡേറ്റ് ചെയ്യാം. ട്വിറ്ററിലെ ട്രെന്‍ഡിംഗ് വിഷയങ്ങള്‍ പോലെ കൂവിനും ട്രെന്‍ഡിംഗ് ഹാഷ്ടാഗ് വിഭാഗമുണ്ട്. ഉപഭോക്താക്കള്‍ ട്വിറ്ററില്‍ 140 പ്രതീകങ്ങള്‍ വരെ ട്വീറ്റുകള്‍ എന്ന് വിളിക്കുന്ന സന്ദേശങ്ങള്‍ സൃഷ്ടിക്കാം. അതേസമയം കൂവില്‍ ഇത് 400 പ്രതീകങ്ങളാണ്. കൂവും ട്വിറ്ററും തമ്മിലുള്ള ഒരു പ്രധാന വ്യത്യാസം, തദ്ദേശീയ ആപ്പ് വിവിധ പ്രാദേശിക ഭാഷകളില്‍ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു എന്നതാണ്. ഇത് നിരവധി ഇന്ത്യക്കാരെ എളുപ്പത്തില്‍ പ്ലാറ്റ്‌ഫോം ഉപയോഗിക്കാന്‍ അനുവദിക്കുന്നു.