നമ്പി നാരായണന്റെ പേരില്‍ കേരളത്തില്‍ നിന്നൊരു വാര്‍ത്താ വിനിമയ ഉപഗ്രഹം

കേരളത്തിലെ ആദ്യത്തെ എയ്‌റോസ്‌പേസ് സ്റ്റാര്‍ട്ടപ്പായ 'ഐ എയ്റോ സ്‌കൈ' വികസിപ്പിച്ച ആദ്യ വാര്‍ത്താവിനിമയ ഉപഗ്രഹം 'നമ്പിസാറ്റ് 1'ന്റെ പ്രഖ്യാപനവും ഐ ഹബ് റോബട്ടിക്സിന്റെ പുതിയ പ്രൊഡക്ഷന്‍ ഹൗസും വ്യാവസായ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. റോബട്ടിക്സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഐ ഹബ് റോബട്ടിക്സിന്റെ അനുബന്ധ സ്ഥാപനമാണ് 'ഐ എയ്‌റോ സ്‌കൈ'. ഉപഗ്രഹത്തിന് ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ പേരാണ് നല്‍കിയത്.

സവിശേഷതകള്‍

നമ്പി സാറ്റ് 1 ദുരന്ത നിവാരണം, പരിസ്ഥിതി, കൃഷി എന്നീ മേഖലകള്‍ക്ക് ആവശ്യമായ കൃത്യതയുള്ള ഡേറ്റ ലഭ്യമാക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. നിർമിത ബുദ്ധിയുടെ സഹായവും നമ്പി സാറ്റ് ഉപയോഗിക്കുന്നതിനാല്‍ ഇതിന്റെ ഡേറ്റയ്ക്ക് കൃത്യതയേറും. 5.6 കിലോഗ്രാം മാത്രം ഭാരമുള്ള നാനോ സാറ്റലൈറ്റിനു 30-35-20 സെന്റിമീറ്റര്‍ വലുപ്പം മാത്രമാണുള്ളത്. റിമോട്ട് സെന്‍സിങ് ക്യാമറ, ഡേറ്റയും വോയ്സ് സിഗ്‌നലുകളും ഭൂമിയിലേക്ക് അയയ്ക്കുന്ന കമ്യൂണിക്കേഷന്‍ സിസ്റ്റം എന്നിവയാണു സാറ്റലൈറ്റിലുള്ളത്.

ഐ.എസ്.ആര്‍.ഒയുടെ സഹായം

വിക്ഷേപണത്തിനുള്ള സാങ്കേതിക സഹായത്തിനായി കമ്പനി ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനെ (ഐ.എസ്.ആര്‍.ഒ) സമീപിച്ചതായി ഐ ഹബ് റോബോട്ടിക്സ് സി.ഇ.ഒ ആദില്‍ കൃഷ്ണ പറഞ്ഞു. നിര്‍മാണം പൂര്‍ത്തിയാക്കിയ നമ്പി സാറ്റ് 1 ഇന്ത്യന്‍ നാഷണല്‍ സ്പേസ് പ്രമോഷന്‍ ആന്‍ഡ് ഓതോറൈസേഷന്‍ സെന്ററിന്റെ (IN-SPACe) സഹകരണത്തോടെ ഐ.എസ്.ആര്‍.ഒയുടെ റോക്കറ്റില്‍ വിക്ഷേപിക്കാനായി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. എയ്‌റോ സ്‌കൈ സ്വന്തമായി വികസിപ്പിക്കുന്ന ആദ്യ റോക്കറ്റ് 2026ഓടെ വിക്ഷേപിക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it