രാജ്യത്ത് മൊബൈല്‍ കണക്ഷനുകളുടെ പകുതിയിലധികവും 5ജി ആകും; ഇനി അധികനാള്‍ വേണ്ട

2028 അവസാനത്തോടെ ഇന്ത്യയിലെ മൊത്തം മൊബൈല്‍ കണക്ഷനുകളുടെ പകുതിയിലധികവും 5ജി ആകുമെന്ന് എറിക്സണ്‍ മൊബിലിറ്റി റിപ്പോര്‍ട്ട്. 2024-ല്‍ 930 ദശലക്ഷം വരിക്കാരായ ശേഷം രാജ്യത്തെ 4ജി കണക്ഷനുകള്‍ കുറയും. ഒരു സ്മാര്‍ട്ട്ഫോണിന്റെ ശരാശരി ഡാറ്റ ട്രാഫിക് ഇന്ത്യയില്‍ തന്നെ ഏറ്റവും ഉയര്‍ന്നതാണ്. ഇത് 2022-ല്‍ പ്രതിമാസം 25 ജിബിയില്‍ നിന്ന് 2028-ല്‍ പ്രതിമാസം 54 ജിബിയായി വളരുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കി.

ഈ വര്‍ഷം ഒക്ടോബര്‍ ഒന്നിനാണ് രാജ്യത്ത് 5ജി ടെലികോം സേവനങ്ങള്‍ ആരംഭിച്ചത്. ഇന്ത്യന്‍ സേവനദാതാക്കളുടെ വേഗത്തിലുള്ള 5ജി വിന്യാസം 5ജി സബ്സ്‌ക്രിപ്ഷനുകള്‍ 2022 അവസാനത്തോടെ ഏകദേശം 31 ദശലക്ഷത്തിലും 2028 അവസാനത്തോടെ 690 ദശലക്ഷത്തിലും എത്തിക്കും. ഇത് മൊബൈല്‍ സബ്സ്‌ക്രിപ്ഷനുകളുടെ 53 ശതമാനത്തെ പ്രതിനിധീകരിക്കും.

റിപ്പോര്‍ട്ട് അനുസരിച്ച് 2028 അവസാനത്തോടെ ആഗോളതലത്തില്‍ അഞ്ച് ബില്യണ്‍ 5ജി സബ്സ്‌ക്രിപ്ഷനുകള്‍ ഉണ്ടാകുമെന്ന് കണക്കാക്കുന്നു. ഇത് എല്ലാ സബ്സ്‌ക്രിപ്ഷനുകളുടെയും 55 ശതമാനവും വരും. റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ മൊത്തം സ്മാര്‍ട്ട്ഫോണ്‍ സബ്സ്‌ക്രിപ്ഷനുകള്‍ 2022-ലെ 77 ശതമാനത്തില്‍ നിന്ന് 2028-ല്‍ 94 ശതമാനമായി വളരുമെന്ന് പ്രതീക്ഷിക്കുന്നു.

മൊത്തം മൊബൈല്‍ സബ്സ്‌ക്രിപ്ഷനുകള്‍ 2022 അവസാനത്തോടെ 8.4 ബില്യണിലും 2028 അവസാനത്തോടെ 9.2 ബില്യണിലും ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. 2022 അവസാനത്തോടെ 6.6 ബില്യണ്‍ സ്മാര്‍ട്ട്ഫോണ്‍ സബ്സ്‌ക്രിപ്ഷനുകള്‍ ഉണ്ടാകും. ഇത് മൊത്തം സബ്സ്‌ക്രിപ്ഷനുകളുടെയും ഏകദേശം 79 ശതമാനം വരും. ആഗോളതലത്തില്‍ ഏകദേശം 230 ടെലികോം ഓപ്പറേറ്റര്‍മാര്‍ 5ജി സേവനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

Related Articles

Next Story

Videos

Share it