മിസ്റ്റര്‍ ബീസ്റ്റ്; യൂട്യൂബിലെ ഇലോണ്‍ മസ്‌ക്, ഈ 23കാരൻ്റെ വരുമാനം 401 കോടി

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ ഇലോണ്‍ മസ്‌കിനെ പോലെ ആകാനാണ് ഇരുപത്തിമൂന്നുകാരന്‍ ജിമ്മി ഡൊണാള്‍ഡ്‌സൻ്റെ ആഗ്രഹം. ആളിപ്പോള്‍ യൂട്യൂബിലെ ഇലോണ്‍ മസ്‌ക് ആണ്. യൂട്യൂബിൻ്റെ ചരിത്രത്തില്‍ തന്നെ ഒരു വര്‍ഷം ഏറ്റവും അധികം പണം സമ്പാദിച്ച വ്യക്തിയായി മാറിയിരിക്കുകയാണ് ജിമ്മി.

ഫോബ്‌സ് മാഗസിൻ്റെ കണക്ക് അനുസരിച്ച് 2021ല്‍ 54 മില്യണ്‍ യുഎസ് ഡോളറാണ് (ഏകദേശം 401 കോടി രൂപ) ജിമ്മിയുടെ മിസ്റ്റര്‍ ബീസ്റ്റ് എന്ന യൂട്യൂബ് ചാനലിന് ലഭിച്ചത്. വീഡിയോ ഗെയിം കണ്ടന്റുകളുമായി തൻ്റെ പതിമൂന്നാം വയസിലാണ് ജിമ്മി യൂട്യൂബ് താനല്‍ തുടങ്ങിയത്. 2017ല്‍ ഒന്നു മുതല്‍ 100000 വരെ എണ്ണിയ 23 മണിക്കൂറും 48 മിനിട്ടും നീണ്ടുനിന്ന വീഡിയോയിലൂടെയാണ് മിസ്റ്റര്‍ ബീസ്റ്റ് ചാനല്‍ ശ്രദ്ധ നേടിയത്. പിന്നീട് അതേ വര്‍ഷം തന്നെ രണ്ട് ലക്ഷം വരെ എണ്ണുന്ന വീഡിയോയും ജിമ്മി ചെയ്തു.
നെറ്റ്ഫ്ലിക്‌സിലെ സ്‌ക്വിഡ് ഗെയിമിൻ്റെ മാതൃകയില്‍ 456,000 യുഎസ് ഡോളർ സമ്മാനത്തുകയുമായി മിസ്റ്റര്‍ ബീസ്റ്റ് യൂട്യൂബ് ചാനലില്‍ നടത്തിയ പരിപാടി കണ്ടത് 200 മില്യണിലധികം പേരാണ്. ശരാശരി 50 മില്യണിലധികം കാഴ്ചക്കാരുണ്ട് മിസ്റ്റര്‍ ബീസ്റ്റിന്റെ ഓരോ വീഡിയോക്കും. നിലവില്‍ 88.3 മില്യണ്‍ വരിക്കാരാണ് മിസ്റ്റര്‍ ബീസ്റ്റിന് ഉള്ളത്.
അമേരിക്കന്‍ ബോക്‌സര്‍ ജേക്ക് പോളാണ് രണ്ടാമത്. 20.4 മില്യണ്‍ വരിക്കാരുള്ള യൂട്യൂബ് ചാനലില്‍ നിന്ന് ജേക്ക് പോള്‍ 2021ല്‍ നേടിയത് 45 മില്യണ്‍ അമേരിക്കന്‍ ഡോളറാണ്. മാര്‍ക്കിപ്ലെയര്‍ എന്ന യൂട്യൂബ് ചാനല്‍ നടത്തുന്ന എഡ്വേര്‍ഡ് ഫിഷ്ബാക്ക് ആണ് മൂന്നാം സ്ഥാനത്ത്. 38 മില്യണ്‍ ഡോളറാണ് ഇയാള്‍ കഴിഞ്ഞ വര്‍ഷം യൂട്യൂബിലൂടെ സമ്പാദിച്ചത്.
ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിച്ച 10 യൂട്യൂബ് ക്രിയേറ്റര്‍മാര്‍ (തുക മില്യണിൽ)
1. MrBeast - $54
2. ജേക്ക് പോൾ - $ 45
3. മാർക്കിപ്ലയർ - $ 38
4. Rhett & Link - $30
5. Unspeakable - $28.5
6. Like Nastya - $ 28
7. റയാൻ കാജി (റയാൻ വേൾഡ്) - $27
8. ഡ്യൂഡ് പെർഫെക്റ്റ് - $ 20
9. ലോഗൻ പോൾ - $ 18
10. പ്രെസ്റ്റൺ - $ 16


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it