എന്തിന് സ്‌ട്രെസ് എടുക്കണം, ലൈഫ് ചില്ലാക്കാന്‍ 2025ല്‍ സ്വന്തമാക്കാവുന്ന 5 ടെക് ഗാഡ്‌ജെറ്റുകള്‍

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മൊബൈല്‍ ഫോണുകളും കുറച്ച് കഴിഞ്ഞപ്പോള്‍ സോഷ്യല്‍ മീഡിയയും നമുക്ക് ഒഴിവാക്കാനാവാത്ത ടെക്‌നോളജിയായിരുന്നു
A young woman in a yellow top excitedly looking at her smartphone, surrounded by neatly arranged gadgets and stationery on a yellow background, including a coffee cup, calculator, lamp, pens, phone, and other office supplies.
canva
Published on

ടെക് ലോകത്തെ ഒരിക്കലും അവഗണിക്കാനാവാത്ത മാറ്റങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മൊബൈല്‍ ഫോണുകളും കുറച്ച് കഴിഞ്ഞപ്പോള്‍ സോഷ്യല്‍ മീഡിയയും നമുക്ക് ഒഴിവാക്കാനാവാത്ത ടെക്‌നോളജിയായിരുന്നു. പണ്ട് സി.ഡിയിലും ഹാര്‍ഡ് ഡിസ്‌ക്കിലും വിവരങ്ങള്‍ ശേഖരിച്ചവര്‍ ഇന്ന് എസ്.എസ്.ഡിയിലും ക്ലൗഡ് സ്റ്റോറേജിലുമാണ് ഇവ സൂക്ഷിക്കുന്നത്. 2025ല്‍ ഒരിക്കലും അവഗണിക്കാനാവാത്തതും ജീവിതം എളുപ്പമാക്കുന്നതുമായ അഞ്ച് ടെക് ഗാഡ്‌ജെറ്റുകള്‍ പരിചയപ്പെട്ടാലോ? എങ്ങനെ ഈ ഗാഡ്‌ജെറ്റുകള്‍ തിരഞ്ഞെടുക്കാമെന്നും നോക്കാം.

A driver’s hand operating a car dashboard camera mounted near the rear-view mirror, showing a live view of traffic on the screen, with blurred brake lights in the background.
canva

1. വെഹിക്കിള്‍ ഡാഷ് കാം

വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും സി.സി.ടി.വി സ്ഥാപിക്കേണ്ടത് ഇന്നത്തെ കാലത്ത് വളരെ അത്യാവശ്യമാണ്. എന്നാല്‍ നിങ്ങളുടെ വാഹനത്തിന് ചുറ്റും എന്താണ് നടക്കുന്നതെന്ന് അറിയാന്‍ എന്ത് സംവിധാനമാണുള്ളത്. ഇന്‍ഷുറന്‍സിന് വേണ്ടിയുള്ള വ്യാജ അപകടങ്ങളും അപകടമുണ്ടാക്കിയ ശേഷം നിറുത്താതെ പോകുന്ന സംഭവങ്ങളും വ്യാപകമാകുന്ന നമ്മുടെ നാട്ടില്‍ വാഹനത്തിലൊരു ഡാഷ് കാം വാങ്ങി വെക്കേണ്ടത് അത്യാവശ്യമാണ്. അവിചാരിതമായി ഉണ്ടാകുന്ന അപകടങ്ങളില്‍ നിങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ ഒരു സാക്ഷിയെയാണ് സ്വന്തമാക്കുന്നതെന്ന് കൂടി ഓര്‍ക്കണം. ഇന്ന് വോയിസ് കണ്‍ട്രോള്‍, ഡ്രൈവര്‍ അസിസ്റ്റന്റ് വാണിംഗ് തുടങ്ങിയ സംവിധാനങ്ങളുള്ള ഡാഷ് ക്യാമറകള്‍ കുറഞ്ഞ വിലയില്‍ വിപണിയില്‍ ലഭ്യമാണ്. ഉയര്‍ന്ന ഗുണമേന്മയില്‍ ചിത്രീകരിക്കാന്‍ കഴിയുന്നതും നൈറ്റ് വിഷന്‍ ഉള്ളതും ശബ്ദം റെക്കോഡ് ചെയ്യാന്‍ കഴിയുന്നതുമായ ക്യാമറ തിരഞ്ഞെടുക്കുന്നതാകും ഉചിതം.

A hand holding a JioTag Bluetooth tracker above a stylised map with red trucks, alongside an Apple AirTag device, symbolising GPS and Bluetooth tracking for logistics and valuables.

2. ട്രാക്കര്‍ ഡിവൈസ്

സാധനങ്ങള്‍ മറന്നുവെക്കുന്ന ശീലമുള്ളവരാണോ നിങ്ങള്‍. ചെറിയൊരു സ്മാര്‍ട്ട് ട്രാക്കിംഗ് ഡിവൈസ് ഉപയോഗിച്ചാല്‍ ഈ തലവേദന മറികടക്കാം. മുന്‍കാലത്ത് ബ്ലൂടൂത്ത് സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിച്ചിരുന്ന ട്രാക്കിംഗ് ഡിവൈസുകളൊക്കെ ഇന്ന് പഴങ്കഥയാണ്. ലോകത്തിന്റെ ഏത് കോണില്‍ ഒളിച്ചിരുന്നാലും കണ്ടുപിടിക്കാന്‍ കഴിയുന്നതും ഏറെക്കാലത്തെ ബാറ്ററി ലൈഫും മികച്ച അലര്‍ട്ട് സംവിധാനവുമുള്ള ട്രാക്കിംഗ് ഡിവൈസുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. നിങ്ങളുടെ ലഗേജിലോ വാലറ്റിലോ താക്കോല്‍ കൂട്ടങ്ങള്‍ക്കൊപ്പമോ ഘടിപ്പിച്ച ട്രാക്കര്‍ ഉപയോഗിച്ച് തത്മസയം സ്മാര്‍ട്ട്‌ഫോണിലൂടെ ലൊക്കേഷന്‍ കണ്ടെത്താമെന്നതാണ് പ്രധാന ഗുണം.

മൊബൈല്‍ നെറ്റ്‌വര്‍ക്കില്‍ ഘടിപ്പിക്കാനാവുന്നതും മികച്ച ബാറ്ററി ലൈഫും റേഞ്ചും നല്‍കുന്നതുമായ ട്രാക്കറുകള്‍ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ഷോപ്പിംഗ് മോളുകള്‍, പാര്‍ക്കുകള്‍ പോലുള്ള തിരക്കുള്ള സ്ഥലങ്ങളില്‍ കുട്ടികളും അരുമ മൃഗങ്ങളും കൂട്ടം തെറ്റിപ്പോകാതിരിക്കാന്‍ പോലും ആളുകള്‍ ഇത്തരം ട്രാക്കുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് അനുഭവസാക്ഷ്യം. 2025ല്‍ നിങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഉപകരിക്കുന്ന ഗാഡ്‌ജെറ്റായിരിക്കും ഇവ. ഒരു പേഴ്‌സണല്‍ ഇന്‍ഷുറന്‍സ് പോളിസി പോലെ ഇവ പ്രവര്‍ത്തിക്കുമെന്നതാണ് സത്യം.

Two high-power USB GaN chargers: one 160W charger with six output ports (including a 65W USB-C) and labelled "GaN 3", and the other a UGREEN wall charger with three USB-C ports and one USB-A port, designed for fast multi-device charging.

3.ഗാലിയം നൈട്രൈഡ് ചാര്‍ജര്‍

ഇന്നത്തെ കാലത്ത് എല്ലാവരുടെയും കയ്യില്‍ ദിവസവും ചാര്‍ജ് ചെയ്യേണ്ടി വരുന്ന ഒന്നിലധികം ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ ഉണ്ടാകും. എന്നാല്‍ ഇവയോരോന്നും ചാര്‍ജ് ചെയ്യേണ്ട ചാര്‍ജറുകളുടെ കാര്യം ഒന്നോര്‍ത്ത് നോക്കൂ. മൊബൈല്‍ ഫോണിന് ഒന്ന്, ലാപ്‌ടോപ്പിന് മറ്റൊന്ന്, ഹെഡ്‌സെറ്റിന് മറ്റൊന്ന്, ടാബ്‌ലെറ്റുണ്ടെങ്കില്‍ അതിന് വേറൊന്ന്, ഇനി മറ്റെന്തിങ്കിലും ഗാഡ്‌ജെറ്റുണ്ടെങ്കില്‍ അതിനും വേണം പ്രത്യേകം ചാര്‍ജര്‍. ഇവയെല്ലാം കുത്തിയിടാന്‍ വേണ്ട പ്ലഗ് പോയിന്റുകള്‍ കണ്ടെത്തുന്നതും വലിയൊരു പണിയാണ്. യാത്രയിലാണെങ്കില്‍ പ്രത്യേകിച്ചും. പക്ഷേ ഈ സീന്‍ മാറിയത് ഗാന്‍ (GaN - Gallium Nitride) ചാര്‍ജറുകളുടെ കണ്ടുപിടുത്തമാണ്.

സിലിക്കന്‍ ഘടകങ്ങള്‍ കൊണ്ട് നിര്‍മിച്ച പരമ്പരാഗത ചാര്‍ജറുകളേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ വൈദ്യുതി പ്രവഹിക്കാനും ചൂടുപിടിക്കാനുള്ള സാധ്യത കുറവുള്ളതുമായ ചാര്‍ജറുകളാണിവ. ഒരൊറ്റ ഗാൻ ചാർജർ ഉണ്ടെങ്കിൽ നിങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍, ടാബ്‌ലെറ്റ്, ലാപ്‌ടോപ്, ഇയര്‍ ബഡ് എല്ലാം ഒരേ സമയം ചാര്‍ജ് ചെയ്യാമെന്നതാണ് പ്രധാന ഹൈലൈറ്റ്. 65 വാട്ട് മുതല്‍ 200 വാട്ട് വരെ ശേഷിയുള്ള ചാര്‍ജറുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. നിലവില്‍ വിപണിയിലുള്ള പല സ്മാര്‍ട്ട് ഫോണുകള്‍ക്കും ചാര്‍ജര്‍ പണം കൊടുത്ത് വാങ്ങേണ്ടതുണ്ട്. മികച്ച ഒരു ചാര്‍ജര്‍ വാങ്ങാന്‍ 1,000 മുതല്‍ 2,000 രൂപ വരെ ചെലവാകും. ഇതേ തുക മുടക്കിയാല്‍ മികച്ച ഗാന്‍ ചാര്‍ജറുകള്‍ ഇന്ന് വിപണയില്‍ ലഭ്യമാണ്. വ്യത്യസ്ത ചാര്‍ജറുകള്‍ കണക്ട് ചെയ്യാന്‍ പറ്റിയ പോര്‍ട്ടുകളുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം ഇവ വാങ്ങുക.

A black Network Attached Storage (NAS) device with multiple hard drive bays, LED indicators, and a digital display showing server IP address 192.168.100.100. The device also features power and copy buttons on the front panel.
Indiamart

4. നെറ്റ്‌വര്‍ക്ക് അറ്റാച്ച്ഡ് സ്‌റ്റോറേജ് (എന്‍.എ.എസ്)

ജി-മെയില്‍ സ്‌റ്റോറേജ് ഇല്ലാത്തതിന്റെ പേരില്‍ നിങ്ങളുടെ പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും ഡിലീറ്റ് ചെയ്യേണ്ടി വന്നിട്ടുണ്ടോ? ഏതെങ്കിലും ക്ലൗഡ് സ്റ്റോറേജ് പണം നല്‍കി സബ്‌സ്‌ക്രൈബ് ചെയ്യുകയാണ് ഇത് മറികടക്കാന്‍ നമ്മളില്‍ പലരും ചെയ്യുന്നത്. അതായത് ഏതോ ടെക് കമ്പനിയുടെ സെര്‍വറില്‍ നമ്മുടെ ഫയലുകള്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിക്കുന്നു. പക്ഷേ ഈ ഫയലുകള്‍ സുരക്ഷിതമാണെന്ന് നിങ്ങള്‍ക്ക് ഉറപ്പുണ്ടോ? ടെക് ഭീമന്മാരായ ആപ്പിളിന്റെയും ഗൂഗ്‌ളിന്റെയും വരെ ക്ലൗഡ് സ്റ്റോറേജുകള്‍ ഹാക്കര്‍മാരുടെ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്നാണ് മുന്‍കാല ചരിത്രം. എന്നാല്‍ വീട്ടില്‍ തന്നെ നിങ്ങള്‍ക്കൊരു ക്ലൗഡ് സ്റ്റോറേജ് തയ്യാറാക്കാമെന്നും ലോകത്തിന്റെ ഏത് കോണിലിരുന്നും ഇതിലെ ഫയലുകള്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാമെന്നും അറിയാമോ?

വീട്ടിലെ വൈഫൈ നെറ്റ്‌വര്‍ക്കുമായി ഘടിപ്പിക്കാവുന്ന നെറ്റ്‌വര്‍ക്ക് അറ്റാച്ച്ഡ് സ്റ്റോറേജുകളാണ് ഇതിനുള്ള പരിഹാരം. ഇത് നിങ്ങളുടെ സ്വന്തം മിനി സെര്‍വറാണ്. വീട്ടിലെ വൈഫൈ റൂട്ടറില്‍ ഘടിപ്പിച്ച് ചില സെറ്റപ്പുകള്‍ പൂര്‍ത്തിയാക്കിയാല്‍ സാധനം റെഡി. ലോകത്തിന്റെ എവിടെയിരുന്നും നിങ്ങള്‍ക്ക് ഇതിലേക്ക് ഫയലുകള്‍ സ്‌റ്റോര്‍ ചെയ്യാനും ഉപയോഗിക്കാനും കഴിയും. ഇവയുടെ പ്രോസസിംഗ് പവര്‍, സ്റ്റോറേജ് കപ്പാസിറ്റി, റാം തുടങ്ങിയ ഘടകങ്ങള്‍ പരിശോധിച്ച ശേഷമേ ഇവ വാങ്ങാവൂ. ഡ്രൈവ് റിപ്ലേസ് ചെയ്യാനാവുന്നതാണോ, ബാക്കപ്പ് ഓപ്ഷനുണ്ടോ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കണം. സൈബര്‍ ആക്രമണങ്ങളില്‍ നിന്നും സുരക്ഷയൊരുക്കാന്‍ മെച്ചപ്പെട്ട ഫയര്‍വാള്‍ സംവിധാനം ഒരുക്കേണ്ടതും അത്യാവശ്യമാണ്.

Two views of smartphones mounted on handheld gimbal stabilisers. The left image shows a black gimbal (DJI Osmo) indoors, while the right image shows a person holding a white gimbal outdoors in a garden setting, capturing stable video content.
canva

5. ഗിംബല്‍ ട്രൈപ്പോഡ്

കാലം മാറിയതിന് അനുസരിച്ച് നമ്മുടെ ശീലങ്ങളും മാറി. എവിടെയെങ്കിലും ട്രിപ്പ് പോയാല്‍, പുതിയൊരു സാധനം വാങ്ങിയാല്‍, വീട്ടില്‍ എന്തെങ്കിലും വിശേഷം നടന്നാല്‍ ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാതെ ഒരു സമാധാനവും കിട്ടാത്തവരാണ് നമ്മളില്‍ പലരും. ബിസിനസുകളുടെ വളര്‍ച്ചക്ക് സോഷ്യല്‍ മീഡിയയുടെ പങ്ക് ഒരിക്കലും അവഗണിക്കാനാവാത്തതുമാണ്. സോഷ്യല്‍ മീഡിയയ്ക്ക് വേണ്ടിയുള്ള വീഡിയോ ഷൂട്ട് ചെയ്യുന്നത് മിക്കവാറും മൊബൈല്‍ ഫോണിലായിരിക്കും. ഈ വീഡിയോ എഡിറ്റ് ചെയ്യാന്‍ തുടങ്ങുമ്പോഴായിരിക്കും അതിന്റെ കുഴപ്പം മനസിലാക്കുന്നത്. ആകെ ഷേക്കായി ഒന്നിനും കൊള്ളാത്ത വിധത്തിലായിരിക്കും വീഡിയോ. ഇതിന് പരിഹാരം കാണാന്‍ ഗിംബല്‍ സംവിധാനമുള്ള ഒരു ട്രൈപ്പോഡ് വാങ്ങിയാല്‍ മതി. സ്മൂത്തായും സ്‌റ്റെഡിയായും വീഡിയോ ഷൂട്ട് ചെയ്യാന്‍ സഹായിക്കുന്ന ഒരു സ്‌റ്റെബിലൈസിംഗ് ഡിവൈസാണ് ഗിംബല്‍. കുറഞ്ഞ വിലയില്‍ മികച്ച ഗിംബലുകള്‍ വിപണിയില്‍ ലഭ്യമാണ്.

Stay ahead with these 5 essential tech gadgets for 2025 — from smart trackers to GaN chargers. Boost your productivity, safety, and daily convenience with these top innovations.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com