

മനുഷ്യ ജീവിതത്തെയും ചിന്തയെയും ജോലിയെയും മൊത്തത്തില്‍ മാറ്റി മറിക്കുന്ന സാങ്കേതിക വിദ്യയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സെന്ന് എല്ലാവര്‍ക്കും അറിയാം. എ.ഐക്കാലത്ത് നിരവധി പേര്‍ക്ക് ജോലി നഷ്ടപ്പെടുമെന്നും ഒട്ടനവധി പുതിയ തൊഴില്‍ അവസരങ്ങള്‍ രൂപപ്പെടുമെന്നും വിവിധ പഠനങ്ങളും പറയുന്നു. ഇന്ത്യയുടെ ഏകീകൃത തിരിച്ചറിയല്‍ രേഖയായ ആധാറിന് പിന്നില്‍ പ്രവര്‍ത്തിച്ച നന്ദന്‍ നിലേകനി ഇക്കാര്യത്തില്‍ പറഞ്ഞ അഭിപ്രായമാണ് ടെക് ലോകത്തെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം.
ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതത്തെ ഗുണപരമായ രീതിയില്‍ മാറ്റിമറിക്കാനുള്ള ശേഷിയുള്ള സാങ്കേതിക വിദ്യയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സെന്ന് അദ്ദേഹം പറയുന്നു. ഇന്ത്യയില്‍ വ്യാപകമായി എ.ഐ ഉപയോഗിക്കുന്നുണ്ട്. ജനങ്ങളുടെ ജീവിതത്തില്‍ ഇത് വലിയ മാറ്റങ്ങളുമുണ്ടാക്കുന്നുണ്ട്. പുതിയ ഭാഷ പഠിക്കാനും മെച്ചപ്പെട്ട ചികിത്സാ രീതികള്‍ തേടാനും മെച്ചപ്പെട്ട വിദ്യാഭ്യാസം നേടാനും ഇത് ആളുകളെ സഹായിക്കുമെന്നും ഇന്‍ഫോസിസ് സഹസ്ഥാപകന്‍ കൂടിയായ അദ്ദേഹം പറയുന്നു.
എ.ഐ മോഡലുകള്‍ നിര്‍മിക്കുന്നതിന് പാശ്ചാത്യ രാജ്യങ്ങളും ചൈനയും വലിയ തുകയാണ് ചെലവഴിക്കുന്നത്. ഇക്കാര്യത്തില്‍ ഇന്ത്യ മറ്റൊരു സമീപനമാണ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മറ്റ് രാജ്യങ്ങളെപ്പോലെ എ.ഐ മോഡലുകള്‍ക്ക് വേണ്ടിയല്ല ഇന്ത്യ പണം ചെലവഴിക്കേണ്ടത്. പകരം വിദ്യാഭ്യാസം, ആരോഗ്യം, ഭാഷ തുടങ്ങിയ മേഖലകളിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനാണ് ശ്രമിക്കേണ്ടത്. ഇതാണ് പ്രായോഗികമായ സമീപനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ ശരിക്കുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ലളിതമായ സാങ്കേതിക വിദ്യകള്‍ മതിയെന്നും ആധാറും യു.പി.ഐയും ചൂണ്ടിക്കാട്ടി അദ്ദേഹം വിശദീകരിച്ചു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വ്യാപകമാകുന്നതോടെ മനുഷ്യര്‍ ഇതുവരെ ചെയ്തുവന്നിരുന്ന തൊഴിലുകള്‍ക്ക് ഭീഷണിയാകുമെന്ന വാദത്തോട് യോജിപ്പില്ലെന്നും അദ്ദേഹം പറയുന്നു. മനുഷ്യന്റെ കഴിവുകളും ജീവിതവും മെച്ചപ്പെടുത്തുന്ന രീതിയിലാകും എ.ഐ ഉപയോഗിക്കുക. എ.ഐ വരുമ്പോള്‍ തീര്‍ച്ചയായും സമ്പത്തിന്റെയും അധികാരത്തിന്റെയും ഏകീകരണവും സംഭവിക്കും. അതിനെ ഒരിക്കലും തടയാനാകില്ല. മത്സര രംഗത്തുള്ള കമ്പനികള്‍ നമ്മളേക്കാള്‍ ഏറെ വലുതാണ്. എന്നാല്‍ നമ്മുടെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഗുണപരമായ എന്ത് മാറ്റമുണ്ടാക്കാമെന്നാണ് ചിന്തിക്കേണ്ടതെന്നും അദ്ദേഹം പറയുന്നു.
ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള പരിശ്രമങ്ങളിലാണ് നമ്മള്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതെന്നും അദ്ദേഹം പറയുന്നു. അത്തരം ശ്രമങ്ങള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കണം. ഇല്ലെങ്കില്‍ ഈ രംഗത്തെ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയില്ല. വാങ്ങല്‍ ശേഷി കുറഞ്ഞ ആളുകളെയും പരിഗണിക്കുന്നതാകണം ഇത്തരം കണ്ടുപിടുത്തങ്ങള്‍. യു.പി.ഐയിലൂടെ ഒരു രൂപ പോലും അയക്കാന്‍ പാകത്തിലുള്ള സാങ്കേതിക കണ്ടുപിടിക്കാന്‍ കഴിഞ്ഞത് ഈ ചിന്തയില്‍ നിന്നാണ്. ഇത്തരം മാതൃകകള്‍ ലോകത്തിന്റെ മറ്റൊരിടത്തും കാണാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read DhanamOnline in English
Subscribe to Dhanam Magazine