ഗൂഗ്ള്‍ 1337 കോടി രൂപ പിഴ അടയ്ക്കണം; കോംപറ്റീഷന്‍ കമ്മീഷന്റെ നടപടി ശരിവച്ച് എന്‍സിഎല്‍എടി

ഗൂഗ്‌ളിന്റെ വാദങ്ങള്‍ പൊളിഞ്ഞു, ഗൂഗ്‌ളിനെതിരെ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) 1,337 കോടി രൂപ പിഴ ചുമത്തിയത് ശരിവച്ച് നാഷനല്‍ കമ്പനി ലോ അപ്‌ലറ്റ് ട്രൈബ്യൂണല്‍ (എന്‍സിഎല്‍എടി). പിഴത്തുക ഒരു മാസത്തിനകം കെട്ടിവയ്ക്കാന്‍ ട്രൈബ്യൂണല്‍ ഉത്തരവിട്ടു.

2022 ഒക്‌റ്റോബറില്‍ ഫൈന്‍ ചുമത്തിയതാണ്. അതില്‍ ഉടന്‍ അടയ്ക്കണമെന്ന് നിര്‍ദേശിച്ചിരുന്ന 10% തുക ഗൂഗ്ള്‍ അടച്ചിട്ടുണ്ട്. എന്നാല്‍ ബാക്കി തുക 30 ദിവസത്തിനകം അടച്ചു തീര്‍ത്തിരിക്കണം. അതേസമയം ഗൂഗ്‌ളിന് നേരിയ ആശ്വാസമേകി സിസിഐ ഉത്തരവിലെ ചില സാങ്കേതിക വ്യവസ്ഥകള്‍ ട്രൈബ്യൂണല്‍ ഒഴിവാക്കിയിട്ടുണ്ട്.

ഗൂഗ്‌ളിന്റെ പ്ലേ സ്റ്റോര്‍ എ.പി.ഐയിലേക്ക് പ്രവേശനം അനുവദിക്കുക, മുന്‍കൂട്ടി സ്ഥാപിച്ച ആപ്പുകള്‍ ഒഴിവാക്കാന്‍ അനുവദിക്കുക, പ്ലേ സ്റ്റോറില്‍ മറ്റ് ആപ്പ് സ്റ്റോറുകള്‍ക്കും പ്രവേശനം അനുവദിക്കുക, മറ്റ് ആപ്പ് ഡവലപ്പര്‍മാരെ ആപ്പുകള്‍ സൈഡ് ലോഡ് ചെയ്യാന്‍ അനുവദിക്കുക എന്നീ നിര്‍ദ്ദേശങ്ങളാണ് ഒഴിവാക്കിയത്.

ഓ.എസുമായി ബന്ധപ്പെട്ട കേസ്

സിസിഐയുടെ നടപടിയില്‍ സ്വാഭാവിക നീതിയുടെ നിഷേധമുണ്ടായതായി വിലയിരുത്താനാവില്ലെന്നാണ് ട്രൈബ്യൂണല്‍ നിരീക്ഷിച്ചത്. ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റവുമായി ബന്ധപ്പെട്ടതാണ് കേസ്. ഗൂഗ്ള്‍ വിപണികളില്‍ മേധാവിത്വം ഉറപ്പാക്കാന്‍ ആന്‍ഡ്രോയ്ഡ് അധിഷ്ഠിത മൊബൈല്‍ ഫോണുകളില്‍ ഡിഫോള്‍ട്ട് ആയി സെറ്റിംഗ്‌സ് നല്‍കി അവസരം ദുരുപയോഗം ചെയ്തത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കമ്മിഷന്‍ ഗൂഗ്‌ളിന് പിഴയിട്ടത്.

ഏറ്റവും വലിയ ശിക്ഷ

രാജ്യത്ത് ഗൂഗ്ള്‍ മുമ്പും നിരവധി തവണ കോംപറ്റീഷന്‍ കമ്മീഷന്റെ ശിക്ഷകള്‍ക്ക് വിധേയമായിട്ടുണ്ടെങ്കിലും ഇതുവരെ നേരിട്ടതില്‍ ഏറ്റവും വലിയ ശിക്ഷാ നടപടിയാണിത്. വിഷയത്തില്‍ സുപ്രീം കോടതിയെയും ഗൂഗ്ള്‍ സമീപിച്ചിരുന്നു. എന്നാല്‍ സിസിഐയുടെ നടപടി സ്റ്റേ ചെയ്തില്ല. പകരം കമ്പനി നിയമ അപ്‌ലറ്റ് ട്രൈബ്യൂണലിനോട് തീരുമാനം എടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it