ഇന്ത്യയിലും നെറ്റ്ഫ്‌ളിക്‌സ് പങ്കിട്ട് കാണല്‍ നിര്‍ത്തുന്നു

എക്കൗണ്ട് പാസ്‌വേര്‍ഡ് പങ്കിടുന്നത് നിര്‍ത്താനൊരുങ്ങി നെറ്റ്ഫ്‌ളിക്‌സ് (netflix). 2023ല്‍ വരുമാന വളര്‍ച്ച വര്‍ധനവിനായി ഇന്ന് (ജൂലൈ 20) മുതല്‍ ഇന്ത്യ ഉള്‍പ്പെടെ ഇന്തോനേഷ്യ, ക്രൊയേഷ്യ, കെനിയ തുടങ്ങിയ വിപണികളിള്‍ പാസ്‌വേര്‍ഡ് പങ്കിടുന്ന സംവിധാനം നെറ്റ്ഫ്‌ളിക്‌സ് നിര്‍ത്തലാക്കും. ഈ വിപണികളില്‍ 'അധിക അംഗം' (extra member) എന്ന ഓപ്ഷന്‍ നല്‍കില്ലെന്ന് കമ്പനി അറിയിച്ചു.ഇന്ത്യയില്‍ നെറ്റ്ഫ്‌ളിക്‌സ് അക്കൗണ്ടുകള്‍ പങ്കിടുന്ന അംഗങ്ങള്‍ക്ക് കമ്പനി ഇന്ന് മുതല്‍ ഇമെയില്‍ അയച്ചു തുടങ്ങും.

പണമടച്ചുള്ള സംവിധാനം വരുമാനം ഉയര്‍ത്തി

മെയ് മാസത്തില്‍ 100 ല്‍ അധികം രാജ്യങ്ങളിലേക്ക് പണമടച്ചുള്ള പാസ്വേഡ് പങ്കിടുന്ന സംവിധാനം നെറ്റ്ഫ്‌ളിക്‌സ് വ്യാപിപ്പിച്ചിരുന്നു. ഇത് വരുമാനത്തിന്റെ 80 ശതമാനത്തിലധികം വരുമെന്ന് കമ്പനി പറയുന്നു. പാസ്വേഡ് പങ്കിടുന്ന പണമടച്ചുള്ള സേവനം മിക്ക വിപണികളില്‍ നിന്നും മികച്ച വരുമാനം നേടുന്നതിന് കമ്പനിയെ സഹായിച്ചു. ഇതോടെയാണ് സൗജന്യമായി എക്കൗണ്ട് പാസ്‌വേര്‍ഡ് പങ്കിടുന്നത് കമ്പനി നിര്‍ത്താനൊരുങ്ങുന്നത്.

പാസ്വേഡ് പങ്കിടല്‍ എങ്ങനെ തടയും?

എക്കൗണ്ട് ഉടമയുടെ കുടുംബവുമായി ബന്ധമില്ലാത്ത ഒരു സ്ട്രീമിംഗ് ഉപകരണത്തില്‍ ഉപയോഗിക്കുമ്പോള്‍ എക്കൗണ്ട് ഉടമയുടെ ക ഇമെയിലിലേക്ക് കമ്പനി ഒരു പരിശോധനാ കോഡ് അയയ്ക്കും. ഇവിടെ എക്കൗണ്ട് ഉപയോഗിച്ചയാള്‍ 15 മിനിറ്റിനുള്ളില്‍ ഈ കോഡ് കമ്പനി ആവശ്യപ്പെടുന്നിടത്ത് നല്‍കേണ്ടിവരും. ഒരു കുടുംബം നെറ്റ്ഫ്‌ലിക്‌സ് അക്കൗണ്ടിലേക്ക് സൈന്‍ ഇന്‍ ചെയ്തിരിക്കുന്ന ഉപകരണത്തിന്റെ ഐ.പി അഡ്രസ, ഉപകരണത്തിന്റെ ഐ.ഡി തുടങ്ങിയ വിവരങ്ങള്‍ കമ്പനി അന്വേഷിക്കും.

അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഓസ്ട്രേലിയ, സിംഗപ്പൂര്‍, മെക്സിക്കോ, ബ്രസീല്‍ തുടങ്ങിയ പ്രമുഖ വിപണികള്‍ ഉള്‍പ്പെടെ നൂറിലധികം രാജ്യങ്ങളില്‍ പാസ്വേഡ് പങ്കിടുന്നതിന് നെറ്റ്ഫ്‌ലിക്‌സ് മെയ് മാസത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

വരുമാനം മെച്ചപ്പെട്ട് തന്നെ

2023-ന്റെ രണ്ടാം പാദത്തില്‍ നെറ്റ്ഫ്‌ളിക്‌സ് 59 ലക്ഷം പണമടച്ചുള്ള അംഗങ്ങളെ ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ഏകദേശം 10 ലക്ഷം അംഗങ്ങളെ നഷ്ടപ്പെട്ടിരുന്നു. ഈ പാദത്തില്‍ മൊത്തത്തിലുള്ള വരിക്കാരുടെ എണ്ണം 23.84 കോടിയാണ്. 2023 ലെ രണ്ടാം പാദത്തില്‍ നെറ്റ്ഫ്‌ളിക്‌സിന്റെ വരുമാനം 2.7% വര്‍ധിച്ച് 67,000 കോടി രൂപയിലെത്തി, പ്രവര്‍ത്തന വരുമാനം 16% ഉയര്‍ന്ന് 14,000 കോടി രൂപയിലുമെത്തി.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it