സാധാരണക്കാരുടെ ബജറ്റിലൊതുങ്ങുന്ന അഞ്ച് 5ജി ഫോണുകള്‍

ഇന്ത്യയില്‍ ടെലികോം കമ്പനികള്‍ ദിനംപ്രതിയെന്നോണം 5ജി സേവനം നഗരനഗരാന്തരം വ്യാപിപ്പിക്കുകയാണ്. 5ജി സേവനം വരുന്നെന്ന് പറഞ്ഞിട്ട് വര്‍ഷങ്ങളായെങ്കിലും ഇപ്പോഴാണത് യാഥാര്‍ഥ്യമായത്. ഇതോടെ വിവിധ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളും പുത്തന്‍ 5ജി ഫോണുകള്‍ വിപണിയിലിറക്കാന്‍ മത്സരിക്കുകയാണ്. നേരത്തേ, പ്രീമിയം മോഡലുകളിലാണ് (25,000 രൂപയ്ക്ക് മുകളില്‍ വരുന്നത്) 5ജി ലഭിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ 20,000 രൂപയ്ക്ക് താഴെയുള്ള ശ്രേണികളിലും ലഭ്യമാണ്. വിപണിയിലെത്തിയ പുത്തന്‍ 'അഫോര്‍ഡബ്ള്‍' ഫോണുകളെ പരിചയപ്പെടാം.

സാംസംഗ് ഗ്യാലക്‌സി എഫ്14
നിരവധി മികവുകളുമായി സാംസംഗ് വിപണിയിലെത്തിച്ച പുത്തന്‍ 5ജി സ്മാര്‍ട്ട്‌ഫോണാണ് ഗ്യാലക്‌സി എഫ്14 (Samsung Galaxy F14). ശ്രേണിയിലെ ആദ്യത്തെയും ഏകവുമായ 5 എന്‍.എം എക്‌സിനോസ് 1330 ചിപ്പ്‌സെറ്റാണ് പ്രധാന സവിശേഷത. ശ്രേണിയിലെ ആദ്യ 6,000 എം.എ.ച്ച് ബാറ്ററിയും ഇതിന്റെ ആകര്‍ഷണമാണ്. രണ്ട് ദിവസത്തെ ബാറ്ററി ലൈഫും എഫ് 14 വാഗ്ദാനം ചെയ്യുന്നു.



25 വാട്ട്‌സ് അതിവേഗ ചാര്‍ജിംഗ് പിന്തുണയും ഇതിനുണ്ട്. മികച്ച ദൃശ്യാനുഭവം നല്‍കുന്നതാണ് 6.6 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് സ്‌ക്രീന്‍. ഗൊറില്ല ഗ്ലാസ്-5 സുരക്ഷയും ഇതിലുണ്ട്. ആന്‍ഡ്രോയ്ഡ് 13ല്‍ അധിഷ്ഠിതമായ വണ്‍ യു.ഐ5 ആണ് ഓപ്പറേറ്റിംഗ്് സിസ്റ്റം (ഒ.എസ്). നാല് വര്‍ഷത്തിനകം രണ്ട് അപ്‌ഡേറ്റുകള്‍ ലഭ്യമാക്കുമെന്ന് സാംസംഗ് വ്യക്തമാക്കിയിട്ടുണ്ട്. 50 എം.പിയോട് കൂടിയ എഫ്/1.8 മെയിന്‍ ക്യാമറയാണ് പിന്നിലുള്ളത്. ഒപ്പം 2 എം.പി മാക്രോ ക്യാമറയും. 13 എം.പിയാണ് സെല്‍ഫി ക്യാമറ. കറുപ്പ്, പച്ച, പര്‍പ്പ്ള്‍ നിറഭേദങ്ങളില്‍ ഫോണ്‍ ലഭിക്കും. 4ജിബി റാം, 128 ജിബി സ്റ്റോറേജ് പതിപ്പിന് 14,490 രൂപയും 6 ജിബി, 128 ജിബി സ്റ്റോറേജ് പതിപ്പിന് 15,990 രൂപയുമാണ് വില.

ഐക്യു ഇസഡ് 7
ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ വിവോയുടെ ഉപ ബ്രാന്‍ഡായ ഐക്യു (iQOO) അവതരിപ്പിച്ച 5ജി മോഡലാണ് ഐക്യു ഇസഡ് 7 (iQOO Z7 5G). ഇന്ത്യന്‍ ഉപഭോക്താക്കളെ മാത്രം ലക്ഷ്യമിട്ട് പുറത്തിറക്കിയ മോഡലാണിത്. 128 ജിബി സ്റ്റോറേജ് ഓപ്ഷനില്‍ 6ജിബി, 8 ജിബി എന്നിങ്ങനെ രണ്ട് റാം മോഡലുകളുണ്ട്.



പസഫിക് നൈറ്റ്, നോര്‍വേ ബ്ലൂ നിറഭേദങ്ങളില്‍ ലഭിക്കുന്ന ഫോണിന് 90 ഹെട്സ് റീഫ്രഷ് റേറ്റോടുകൂടിയ, 6.38 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് അമൊലെഡ് സ്‌ക്രീനാണുള്ളത്. ഒക്ടാ-കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 920 പ്രൊസസര്‍, ആന്‍ഡ്രോയ്ഡ് 13ന്റെ പിന്തുണയുള്ള ഫണ്‍ടച്ച് ഒ.എസ് 13 ഓപ്പറേറ്റിംഗ് സംവിധാനം, 4500 എം.എ.എച്ച് ബാറ്ററി, 44 വാട്ട്സിന്റെ അതിവേഗ ചാര്‍ജിംഗ് എന്നിവയും സവിശേഷതയാണ്.

സ്‌ക്രീനില്‍ താഴെയാണ് ഫിംഗര്‍പ്രിന്റ് സെന്‍സറുള്ളത്. പിന്‍ഭാഗത്ത് രണ്ട് ക്യാമറകള്‍, ഒന്ന് 64 എം.പി. രണ്ടാമത്തേത്ത് 2 എം.പി. മുന്നില്‍ 16 എം.പിയാണ് സെല്‍ഫി ക്യാമറ. 6ജിബി പതിപ്പിന് വില 18,999 രൂപ. എച്ച്.ഡി.എഫ്.സി, എസ്.ബി.ഐ ക്രെഡിറ്റ് കാര്‍ഡ് ഓഫറിലൂടെ 1,500 രൂപ ഡിസ്‌കൗണ്ട് നേടാം. 8 ജിബി മോഡലിന് വില 19,999 രൂപ. ക്രെഡിറ്റ് കാര്‍ഡ് ഓഫറില്‍ ആയിരം രൂപ ഡിസ്‌കൗണ്ട് ലഭിക്കും.
പോകോ എക്‌സ് 5
ഒരു ദിവസത്തെ ലൈഫ് വാഗ്ദാനം ചെയ്യുന്ന 5000 എം.എ.എച്ച് ബാറ്ററിയും 33 വാട്ട്സിന്റെ അതിവേഗ ചാര്‍ജിംഗ് സൗകര്യവുമായി പോകോ പുറത്തിറക്കിയ മോഡലാണ് എക്‌സ്5 (Poco X5). ഭേദപ്പെട്ട പ്രകടനം നടത്തുന്നതും 20,000 രൂപയ്ക്ക്
താഴെ വിലയുള്ള ഫോണുകളില്‍ പൊതുവെ കാണുന്നതുമായ സ്‌നാപ്ഡ്രാഗണ്‍ 695 പ്രൊസസറാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 120 ഹെട്സ് റീഫ്രഷ് റേറ്റോട് കൂടിയ 6.67 ഇഞ്ച്, ഫുള്‍ എച്ച്.ഡി പ്ലസ് സൂപ്പര്‍ അമൊലെഡ് സ്‌ക്രീന്‍ മികച്ച ദൃശ്യാനുഭവം സമ്മാനിക്കും.



കോണിംഗ് ഗൊറില്ല ഗ്ലാസ് സുരക്ഷയുള്ളതാണ് സ്‌ക്രീന്‍. 6ജിബി, എട്ട് ജിബി റാം പതിപ്പുകളും 128 ജിബി, 256 ജിബി സ്റ്റോറേജ് പതിപ്പുകളുമുണ്ട്. ആന്‍ഡ്രോയ്ഡ് 12 അധിഷ്ഠിതമായ എം.ഐ.യു.ഐ 13 ആണ് ഒ.എസ്. പിന്നില്‍ മൂന്ന് ക്യാമറകളുണ്ട്. 48 എം.പിയാണ് പ്രധാന ക്യാമറ. ഒപ്പം 8 എം.പി അള്‍ട്രാ-വൈഡ്, രണ്ട് എം.പി മാക്രോ ക്യാമറകളും. 13 എം.പിയാണ് സെല്‍ഫി ക്യാമറ. വീഡിയോകളും ഫോട്ടോയും മികച്ച നിലവാരത്തിലെടുക്കാന്‍ ഇവ സഹായിക്കും. 6ജിബി റാം, 128 ജിബി സ്റ്റോറേജ് പതിപ്പിന്റെ വില 18,999 രൂപയാണ്. 8 ജിബി റാം, 256 ജിബി സ്റ്റോറേജ് പതിപ്പിന് 20,999 രൂപയാണ് വില.

റിയല്‍മി 10 പ്രൊ
ക്യാമറ പ്രിയരെ മുഖ്യമായും ഉന്നമിടുന്ന മോഡലാണ് റിയല്‍മി 10 പ്രൊ (Realme 10 Pro). പിന്‍ഭാഗത്ത് 108 എം.പി ക്യാമറയാണുള്ളത്. 116 എം.പി സെല്‍ഫി ക്യാമറയും മികവ് പുലര്‍ത്തുന്നു. 33 വാട്ട്സ് ഫാസ്റ്റ് ചാര്‍ജിംഗ് സൗകര്യത്തോടെയുള്ള 5000 എം.എ.എച്ച് ബാറ്ററി, ഒക്ടാ-കോര്‍, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 695 പ്രൊസസര്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.



കോണിംഗ് ഗൊറില്ല ഗ്ലാസ് സുരക്ഷയുള്ളതും 120 ഹെട്സ് റീഫ്രഷ് റേറ്റോട് കൂടിയതുമായ 6.72 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് എല്‍.സി.ഡി സ്‌ക്രീന്‍, റിയല്‍മി യു.ഐ 4.0 ഒ.എസ് എന്നിവ മറ്റ് മികവുകളാണ്. 128 ജിബി സ്റ്റോറേജ് സൗകര്യത്തോടെ 6ജിബി(വില 18,999), 8ജിബി (വില 19,999)പതിപ്പുകളാണ് ഫോണിനുള്ളത്.

റെഡ്മി നോട്ട് 12
ക്യാമറ, ഡിസ്‌പ്ലേ എന്നിവയ്ക്ക് പ്രാമുഖ്യം നല്‍കുന്നവര്‍ക്ക് അനുയോജ്യമായ 5ജി സ്മാര്‍ട്ട്‌ഫോണാണ് റെഡ്മി നോട്ട് 12 (Redmi Note 12). ഉയര്‍ന്ന നിലവാരമുള്ള ദൃശ്യങ്ങള്‍ നല്‍കുന്നതാണ് 120 ഹെട്സ് റീഫ്രഷ് റേറ്റോട് കൂടിയ 6.67 ഇഞ്ച്, ഫുള്‍ എച്ച്.ഡി പ്ലസ് സൂപ്പര്‍ അമൊലെഡ് സ്‌ക്രീന്‍. 5000 എം.എ.എച്ചാണ് ബാറ്ററി. 33 വാട്ട്സ് ഫാസ്റ്റ് ചാര്‍ജിംഗ് സൗകര്യവുമുണ്ട്. സ്‌നാപ്ഡ്രാഗണ്‍ 4ജെന്‍ 1 ചിപ്പ്‌സെറ്റ് നല്ല പെര്‍ഫോമന്‍സ് ഉറപ്പുനല്‍കുന്നു.



എം.ഐ.യു.ഐ 13 ആണ് ഒ.എസ്. പിന്നില്‍ ട്രിപ്പിള്‍-ക്യാമറ സംവിധാനമാണ്. 48 എം.പി പ്രധാന ക്യാമറ, എട്ട് എം.പി അള്‍ട്രാവൈഡ് ആംഗിള്‍ ക്യാമറ, രണ്ട് എം.പി മാക്രോ ക്യാമറ എന്നിവ ഇതിലുള്‍പ്പെടുന്നു. 13 എം.പിയാണ് മുന്നിലെ ക്യാമറ. സൈഡിലാണ് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍. മിസ്റ്റീക് ബ്ലൂ, ഫ്രോസ്റ്റഡ് ഗ്രീന്‍, മാറ്റ് ബ്‌ളാക്ക് നിറഭേദങ്ങളില്‍ ഫോണുകള്‍ ലഭിക്കും. 4ജിബി, 6 ജിബി റാം പതിപ്പുകളില്‍ 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് സൗകര്യമാണുള്ളത്. വില 17,999 രൂപ മുതല്‍.

Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it