സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കാന്‍ നിയമം ഉടന്‍: കേന്ദ്ര സര്‍ക്കാര്‍

സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കാന്‍ നിയമം ഉടന്‍: കേന്ദ്ര സര്‍ക്കാര്‍
Published on

ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനായി മൂന്ന് മാസത്തിനുള്ളില്‍ നിയമം നിര്‍മ്മിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു.സോഷ്യല്‍ മീഡിയയിലൂടെയുള്ള വിദ്വേഷ ഭാഷണം, വ്യാജ വാര്‍ത്തകള്‍, അപകീര്‍ത്തികരമായ പോസ്റ്റുകള്‍, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ നിയന്ത്രിക്കുകയാണ് നിയമത്തിലൂടെ ലക്ഷ്യമിടുന്നത്.

സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യുന്നവരെ കണ്ടെത്താനും സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കാനും കൃത്യമായ നിബന്ധനകളും മാനദണ്ഡങ്ങളും സമര്‍പ്പിക്കാന്‍ നേരത്തെ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് മറുപടിയായി നല്‍കിയ സത്യവാങ്മൂലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഈ കാര്യം വ്യക്തമാക്കിയത്. സോഷ്യല്‍ മീഡിയയുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ജനുവരി അവസാന വാരം പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.

സോഷ്യല്‍ മീഡിയയിലെ വ്യാജപ്രചാരണങ്ങളും, കുറ്റകൃത്യങ്ങളും തടയണം എന്ന് ആവശ്യപ്പെട്ട് നല്‍കിയ വിവിധ ഹര്‍ജികളിലാണ് സുപ്രീംകോടതി കേന്ദ്രത്തോട് നടപടികള്‍ നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ടത്. സോഷ്യല്‍ മീഡിയ കുറ്റകൃത്യങ്ങള്‍ കണ്ടെത്താനുള്ള സാങ്കേതിക വിദ്യ തങ്ങള്‍ക്കില്ലെന്ന് പറഞ്ഞു കയ്യൊഴിയാന്‍ സാധിക്കില്ലെന്ന്് സുപ്രീം കോടതി പറഞ്ഞു. കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിനായി സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നുണ്ട്, എങ്കില്‍ അത് തടയുന്നതിനും കൃത്യമായ സാങ്കേതിക വിദ്യാ സംവിധാനങ്ങള്‍ ഉണ്ടാകണം.

സോഷ്യല്‍ മീഡിയ സംബന്ധിച്ച ഏറ്റവും പുതിയ കാര്യങ്ങള്‍ പഠിച്ച ശേഷമാണ് പുതിയ നിയമം നിര്‍മ്മിക്കുന്നത്. ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്റര്‍മീഡിയറീസ് മാര്‍ഗനിര്‍ദ്ദേശ (ഭേദഗതി) ചട്ടങ്ങള്‍ 2018 ല്‍ തന്നെ തയാറാക്കിയിട്ടുണ്ടെന്നും പൊതുജനങ്ങളുടെ അഭിപ്രായത്തിനുള്ള മുഴുവന്‍ കരടും 2018 ഡിസംബര്‍ 24 ന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

സോഷ്യല്‍ മീഡിയ പ്രൊഫൈലുകളുടെ ഡാറ്റ പങ്കിടണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് മദ്രാസ്, ബോംബെ, മധ്യപ്രദേശ് ഹൈക്കോടതികളിലുള്ള  എല്ലാ കേസുകളും സുപ്രീം കോടതിയിലേക്കു കൈമാറി.ദേശീയ സുരക്ഷയെ ബാധിച്ചേക്കാമെന്നതിനാല്‍ കേസുകള്‍ സുപ്രീം കോടതിയിലേക്ക് മാറ്റാന്‍ ഫേസ്ബുക്കും വാട്സ്ആപ്പും ആവശ്യപ്പെട്ടിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com