വാട്‌സാപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയ ആപ്പുകള്‍ക്ക് പുതിയ നിയമങ്ങള്‍; നിങ്ങള്‍ അറിയേണ്ട 6 കാര്യങ്ങള്‍

പുതിയ നിയമങ്ങള്‍ വരുന്നതോടെ വാട്സാപ്, ടെലഗ്രാം, സിഗ്‌നല്‍ തുടങ്ങിയ പ്ലാറ്റ്ഫോമുകള്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതിന് ഇനി നിരവധി മാനദണ്ഡങ്ങള്‍ പാലിക്കേണ്ടി വരും. ഒന്നിലധികം പേര്‍ ഫോര്‍വാഡ് ചെയ്താലും സമൂഹ മാധ്യമങ്ങളെല്ലാം ഇനി ഒരു സന്ദേശം ആരാണ് ആദ്യം പോസ്റ്റു ചെയ്തതെന്ന കാര്യം വെളിപ്പെടുത്തേണ്ടതായി വരുമെന്ന് റിപ്പോര്‍ട്ട്. അടുത്ത മൂന്നു മാസത്തിനുള്ളിലായിരിക്കും പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരിക. ഇത് ഇന്ത്യയുടെ പുതിയ ഡിജിറ്റല്‍ പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമാണ്. എന്നാല്‍ വാട്‌സാപ്പ് പോലെ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ നല്‍കുന്ന പ്ലാറ്റ്ഫോമുകള്‍ക്ക് സാങ്കേതികമായി പറഞ്ഞാല്‍ ആരാണ് ആദ്യം ഒരു പോസ്റ്റിട്ടത് എന്നു കണ്ടുപിടിക്കാന്‍ സാധ്യമല്ല.

ഇത്തരം ഒരു ചര്‍ച്ച വര്‍ഷങ്ങള്‍ക്കു മുന്‍പ് നടക്കുകയും, അന്ന് ഇന്ത്യ വിട്ടേക്കുമെന്നു വരെ വാട്സാപ് അറിയിച്ചതുമാണ്. എന്നാല്‍, വാട്സാപ്പിന്റെ ഉടമയായ സക്കര്‍ബര്‍ഗ് കഴിഞ്ഞ വര്‍ഷവും ഇന്ത്യയില്‍ നടത്തിയ നിക്ഷേപങ്ങള്‍ വച്ചു നോക്കിയാല്‍ ഇതിന് സാധ്യത ഇല്ല.
ഉപയോക്താക്കളുടെ അവകാശം എടുത്തു കളയുന്നതിനു തുല്യമാണ് പുതിയ നിയമങ്ങളെന്നും പലരും വിശദമാക്കുന്നുണ്ട്. തങ്ങളുടെ സംഭാഷണങ്ങള്‍ രഹസ്യമല്ലെന്ന തോന്നല്‍ വന്നാല്‍ ഉപയോക്താക്കള്‍ പല ആപ്പുകളും ബഹിഷ്‌കരിച്ചേക്കുമെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.
സമൂഹ മാധ്യമങ്ങളെയും നെറ്റ്ഫ്ളിക്സ് തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകളെയും മറ്റു ഡിജിറ്റല്‍ കണ്ടെന്റ് സേവനദാതാക്കളെയും ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമങ്ങള്‍ അവതരിപ്പിച്ചിട്ടുല്ലത്. പുതിയ നിയമങ്ങളെക്കുറിച്ച് പ്രധാനമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്.
1. ഒടിടി സേവനദാതാക്കളായ നെറ്റ്ഫ്ളിക്സ്, ആമസോണ്‍ പ്രൈം വിഡിയോ, സീ5 തുടങ്ങിയ സേവനങ്ങള്‍ നല്‍കുന്ന ഉള്ളടക്കം വിവിധ വിഭാഗങ്ങളായി സ്വയം തരം തിരിക്കണം. യു, അഥവാ യൂണിവേഴ്സല്‍ എല്ലാവര്‍ക്കും കാണാവുന്നത്, യു/എ 7 വയസ് വരെ, യു/എ 13 വയസ് വരെ, യു/എ 16 വയസ് വരെ, പ്രായ പൂര്‍ത്തിയായവര്‍ക്കുള്ള കണ്ടെന്റ് എന്നിങ്ങനെ തിയേറ്റര്‍ സിനിമ പോലെ വേര്‍തിരിവ് വരും.
2. ഒടിടി സേവനദാതാക്കള്‍ കുട്ടികള്‍ കാണുന്ന കണ്ടന്റ് നിയന്ത്രിക്കാന്‍ മുതിര്‍ന്നവര്‍ക്കായി പാരന്റല്‍ ലോക് നല്‍കണം.
3. പത്രപ്രവര്‍ത്തനത്തിനു പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കിയിരിക്കുന്ന മാനദണ്ഡം ഇനിമുതല്‍ ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്കും ബാധകമായിരിക്കും. കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്സ് റെഗുലേഷന്‍ ആക്ടിലെ പ്രോഗ്രാം കോഡും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് ബാധകമായിരിക്കും.
4. പ്രസാധകര്‍ മൂന്നു തട്ടുളള ഒരു പ്രശ്നപരിഹാര സംവിധാനം തുടങ്ങണം. ആദ്യ തലത്തില്‍ ഇത് മാധ്യമ സ്ഥാപനം തന്നെ സ്വയം നിയന്ത്രിക്കും. രണ്ടാമത്തെ തലത്തില്‍ ഇങ്ങനെ പ്രസാധകര്‍ തന്നെ ഉണ്ടാക്കിയ കമ്മറ്റികള്‍ എല്ലാം കൂടി തീരുമാനമെടുക്കും. മൂന്നാമത്തെ തട്ടില്‍ ഒരു ഓവര്‍സൈറ്റ് ബോര്‍ഡ് ുണ്ടാകും.
5. എല്ലാ വാര്‍ത്താ മാധ്യമ എന്റര്‍ട്ടെയ്ന്‍മെന്റ് കമ്പനികളും പ്രശ്നങ്ങള്‍ പരിഹരിക്കാനായി ഇന്ത്യയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ഒരു ഉദ്യോഗസ്ഥനെ നിയമിക്കണം. ഈ ഓഫിസര്‍ അല്ലെങ്കില്‍ ഓഫിസര്‍മാര്‍ തങ്ങളുടെ കമ്പനിയുമായി ബന്ധപ്പെട്ടു ലഭിക്കുന്ന പരാതികള്‍ക്ക് 15 ദിവസത്തിനുള്ളില്‍ പരിഹാരം കാണ്ടെത്തണം.
6. പ്രസാധകര്‍ക്ക് ഒന്നോ ഒന്നിലേറെയോ നിയന്ത്രണാധികാരമുളള ചട്ടക്കൂടുകള്‍ ഉണ്ടാക്കിയേക്കാം. ഇവ പ്രവര്‍ത്തിക്കുക വിരമിച്ച സുപ്രീം കോടതി ന്യായാധിപന്‍, ഹൈകോര്‍ട്ട് ന്യായാധിപന്‍, പ്രാധാന്യമുള്ള ഒരു വ്യക്തി തുടങ്ങിയ ആരുടെയെങ്കിലും കീഴിലായിരിക്കും. ഇത്തരം സംവിധാനങ്ങളില്‍ ആറ് അംഗങ്ങളില്‍ കൂടുതല്‍ വേണ്ട.
നിയമങ്ങള്‍ വന്നാലുള്ള മാറ്റങ്ങള്‍
നിയമപരമല്ലെന്ന് കണ്ടെത്തുന്ന ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ സമൂഹ മാധ്യമ കമ്പനികള്‍ ബാധ്യസ്ഥരായിരിക്കും. സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന കാര്യങ്ങള്‍ വീക്ഷിക്കാനുള്ള ചട്ടക്കൂടുകള്‍ സ്ഥാപിക്കേണ്ടതായി വരും. ഇന്ത്യയുടെ പമാധികാരം സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതായും വരും. തങ്ങളുടെ പ്ലാറ്റ്ഫോമുകള്‍ക്കെതിരെ അന്വേഷണം വന്നാല്‍ അതുമായി സഹകരിക്കേണ്ടതായി വരും. നിയമപരമല്ലെന്നു പറയുന്ന ഉള്ളടക്കം പലപ്പോഴും 36 മണിക്കൂറിനുള്ളില്‍ തന്നെ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടേക്കും. ഇവ രഹസ്യ സ്വഭാവം മുന്നില്‍ കണ്ട് 24 മണിക്കൂറിലും നീക്കേണ്ടതായി വന്നേക്കാം. പുതിയ നിയമങ്ങളെ ഫെയ്സ്ബുക് സ്വാഗതം ചെയ്‌തെങ്കിലും ഏറെ വിവാദങ്ങള്‍ നേരിടുന്ന ട്വിറ്റര്‍ പ്രതികരിക്കാന്‍ തയാറായില്ല. ട്വിറ്റല്‍ അടുത്തിടെ തങ്ങളുടെ മെസേജിംഗ് പ്ലാറ്റ്‌ഫോം ശക്തിപ്പെടുത്താനുള്ള ഫീച്ചറുകളും കൂട്ടിയിരുന്നു. എന്നാല്‍ രാജ്യത്തെ എല്ലാ ഡിജിറ്റല്‍ സംവിധാനങ്ങള്‍ക്കും മേല്‍ സര്‍ക്കാരിന്റെ നോട്ടമെത്തുമെന്നതാണ് പുതിയ നിയമങ്ങളിലൂടെ വ്യക്തമാകുന്നത്.



Related Articles
Next Story
Videos
Share it