എന്‍എഫ്ടിയും ബ്ലോക്ക്‌ചെയിനും കൊണ്ട് എന്ത് പ്രയോജനം ? ഉത്തരം കൊല്‍ക്കത്ത ഡെവലപ്‌മെന്റ് അതോറിറ്റി പറയും

ബ്ലോക്ക് ചെയിന്‍ ടെക്‌നോളജി ഉപയോഗിച്ച് സൂക്ഷിക്കുന്ന ഡിജിറ്റല്‍ ഫയലുകളാണ് നോണ്‍ ഫംഗബില്‍ ടോക്കണുകള്‍ (എന്‍എഫ്ടി). ഫാട്ടോകളും പെയിന്റിംഗുകളും ഒക്കെ എന്‍എഫ്ടിയായി വിറ്റ് ലക്ഷങ്ങള്‍ സമ്പാദിച്ചവരെക്കുറിച്ചൊക്കെ നിങ്ങള്‍ കേട്ടുകാണും. ഈ ജെപെഗ് ഫയലുകള്‍ക്കാണോ ഇത്രയും പണം ലഭിക്കുന്നതെന്ന് ചിന്തിച്ച് നിങ്ങള്‍ അത്ഭുതപ്പെട്ടിട്ടും ഉണ്ടാകും.എന്‍എഫ്ടികൊണ്ട് എന്താണ് പ്രയോജനം എന്ന് ചോദിക്കുന്നവര്‍ക്കുള്ള ഉത്തരമാണ് ന്യൂ ടൗണ്‍ കൊല്‍ക്കത്ത ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (എന്‍കെഡിഎ) പുതിയ നീക്കം.

ഭൂരേഖകള്‍ എന്‍എഫ്ടിയായി നല്‍കാന്‍ ഒരുങ്ങുകയാണ് അതോറിറ്റി. രേഖകള്‍ എന്‍എഫ്ടിയായി മാറ്റാന്‍ എന്‍കെഡിഎ വിദഗ്ദരില്‍ നിന്ന് അപേക്ഷ ക്ഷണിക്കുമെന്നും അറിയിച്ചിട്ടുണ്ട്. കൊല്‍ക്കത്തയുടെ ഉപഗ്രഹ നഗരമായി വികസിപ്പിക്കുന്ന ഇടമാണ് ന്യൂസിറ്റി. ഓരോ എന്‍എഫ്ടി ഫയലുകളും കൈവിരലടയാളം പോലെ വ്യത്യസ്തമായിരിക്കും. അതുകൊണ്ട് തന്നെ കൃത്രിമത്തം കാണിക്കാന്‍ സാധിക്കില്ല. ഇതുതന്നെയാണ് എന്‍എഫ്ടിയുടെയും ബ്ലോക്ക്‌ചെയിന്‍ ടെക്‌നോളജിയുടെയും വലിയ നേട്ടമായി വിലയിരുത്തപ്പെടുന്നതും. ഓഡിയോ, ഫോട്ടോ, ജിഫുകള്‍ തുടങ്ങി എന്തും ഡിജിറ്റല്‍ രൂപത്തില്‍ എന്‍എഫ്ടിയാക്കി മാറ്റാം.

ഇത് ആദ്യമായല്ല ഒരു സര്‍ക്കാര്‍ സ്ഥാപനം ബ്ലോക്ക്‌ചെയിന്‍ ടെക്‌നോളജിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നത്. മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ഗ്രാമത്തിലെ 65,000 ആദിവാസികളുടെ പോളിഗോണ്‍ ബ്ലോക്ക്ചെയിനില്‍ അപ്ലോഡ് ചെയ്യുന്നതിനുള്ള ഒരു പൈലറ്റ് പദ്ധതി ആരംഭിച്ചിരുന്നു. കൂടാതെ, ബ്ലോക്ക്‌ചെയിന്‍ നെറ്റ്വര്‍ക്കില്‍ വിദ്യാര്‍ത്ഥികളുടെ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യുന്നതിനായി മഹാരാഷ്ട്ര സര്‍ക്കാര്‍ Web3 സ്റ്റാര്‍ട്ടപ്പായ LegitDoc-മായി സഹകരിക്കുന്നുണ്ട്

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it