മൊബൈല്‍ വില്‍പ്പനയില്‍ സാംസങ്ങിനെ കടത്തിവെട്ടി ചൈനീസ് കമ്പനി, വിപണിയിലെ പുതിയ ട്രെന്‍ഡ് ഇങ്ങനെ

ആളുകള്‍ 5ജി പോലുള്ള പുത്തന്‍ സാങ്കേതിക വിദ്യയിലേക്ക് മാറുന്നതിന്റെ സൂചനയാണിതെന്ന് വിലയിരുത്തല്‍
image of  a unknown mobile phone with gift icon and samsung flip and apple iphone
image Credit : canva , apple , samsung
Published on

ഈ വര്‍ഷം പകുതി വരെ ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍ വിപണിയിലെത്തിച്ചത് 6.9 കോടി മൊബൈല്‍ ഫോണുകള്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 7.2 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. നടപ്പു കലണ്ടര്‍ വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ (ഏപ്രില്‍-ജൂണ്‍), മുന്‍ വര്‍ഷത്തേക്കാള്‍ 3.2 ശതമാനം വളര്‍ച്ചയോടെ, 3.5 കോടി ഫോണുകള്‍ വിപണിയിലെത്തിയതായും ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പറേഷന്റെ (ഐ.ഡി.സി) വേള്‍ഡ്‌വൈഡ് ക്വാര്‍ട്ടേര്‍ലി മൊബൈല്‍ ഫോണ്‍ ട്രാക്കര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ച്ചയായ നാലാം പാദമാണ് സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പനയില്‍ വര്‍ധനയുണ്ടാകുന്നത്. എന്നാല്‍ ശരാശരി വിറ്റവിലയിലെ (Avarage Selling Price APS) വര്‍ധനയും ഉപയോക്താക്കള്‍ക്കിടയിലെ ആവശ്യകത കുറഞ്ഞതും വാര്‍ഷിക റിപ്പോര്‍ട്ടില്‍ പ്രതിഫലിക്കുമെന്നാണ് വിലയിരുത്തല്‍.

മുന്നില്‍ വിവോ

മൊത്ത വില്‍പ്പനയില്‍ ഒന്നാമതെത്തിയത് ചൈനീസ് കമ്പനിയായ വിവോയാണ്. 16.5 ശതമാനമാണ് വിവോയുടെ വിപണി വിഹിതം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6.70 ശതമാനം വളര്‍ച്ച. തുടര്‍ച്ചയായ രണ്ടാം പാദത്തിലാണ് വിവോ മൊത്ത വില്‍പ്പനയില്‍ ഒന്നാമതെത്തുന്നത്. 13.5 ശതമാനം വിപണി വിഹിതവുമായി മറ്റൊരു ചൈനീസ് കമ്പനിയായ ഷവോമി രണ്ടാം സ്ഥാനത്തുണ്ട്. 12.9 ശതമാനം വിപണി വിഹിതവുമായി സാംസങ്ങ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 15.4 ശതമാനമാണ് വില്‍പ്പനയില്‍ കുറവ് രേഖപ്പെടുത്തിയത്. റിയല്‍മി, ഓപ്പോ, ആപ്പിള്‍, മോട്ടോറോള, പോകോ, വണ്‍പ്ലസ്, ഐക്യു എന്നിവരാണ് ആദ്യപത്തിലുള്ളത്.

പ്രിയം എന്‍ട്രി-പ്രീമിയം ഫോണുകള്‍ക്ക്

200 മുതല്‍ 400 ഡോളര്‍ (ഏകദേശം 16,000 മുതല്‍ 33,500 രൂപ വരെ) വരെ വിലവരുന്ന എന്‍ട്രി-പ്രീമിയം സെഗ്‌മെന്റിലാണ് ഏറ്റവും കൂടുതല്‍ ഫോണുകള്‍ വില്‍ക്കപ്പെടുന്നത്. ആകെ വില്‍ക്കപ്പെടുന്ന ഫോണുകളുടെ 30 ശതമാനവും ഈ സെഗ്‌മെന്റിലാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 42 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഓപ്പോ, വിവോ, സാംസങ്ങ് എന്നീ കമ്പനികള്‍ക്കാണ് വിപണിയുടെ 60 ശതമാനവും ലഭിക്കുന്നതെന്നും ശ്രദ്ധേയമാണ്.

ബജറ്റ് ഫോണുകളും കൂടി

100-200 ഡോളര്‍ വരെ (ഏകദേശം 8,300 മുതല്‍ 16,000 രൂപ വരെ) വില വരുന്ന ബജറ്റ് ഫോണുകളുടെ വില്‍പ്പനയിലും കാര്യമായ വര്‍ധനയുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 8 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. വിവോ, റിയല്‍മി, ഷവോമി എന്നീ ബ്രാന്‍ഡുകള്‍ക്കാണ് വിപണി വിഹിതത്തിന്റെ 60 ശതമാനവുമുള്ളത്.

എന്‍ട്രി ഫോണുകള്‍ കുറഞ്ഞു

എന്നാല്‍ 100 ഡോളറിന് (ഏകദേശം 8,300 രൂപ) താഴെ വരുന്ന എന്‍ട്രി ലെവല്‍ സ്മാര്‍ട്ട് ഫോണുകളുടെ വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 36 ശതമാനം ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷമുണ്ടായിരുന്ന 22 ശതമാനം വിപണി വിഹിതം ഇത്തവണ 14ലേക്ക് കൂപ്പുകുത്തി. ആളുകള്‍ 5ജി പോലുള്ള പുത്തന്‍ സാങ്കേതിക വിദ്യയിലേക്ക് മാറുന്നതിന്റെ സൂചനയാണിതെന്ന് വിലയിരുത്തലുണ്ട്.

അതേസമയം, 400-600 ഡോളര്‍ വരെ വില വരുന്ന ഫോണുകളുടെ വില്‍പ്പനയില്‍ 25 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഈ ശ്രേണിയില്‍ വിവോയാണ് മുന്നില്‍ നില്‍ക്കുന്നത്. തൊട്ടുപിന്നില്‍ വണ്‍പ്ലസ്, ഓപ്പോ എന്നീ കമ്പനികളുമുണ്ട്. 600 മുതല്‍ 800 വരെ ഡോളര്‍ വില വരുന്ന പ്രീമിയം ശ്രേണിയില്‍ രണ്ട് ശതമാനം ഇടിവുണ്ടായി. ഐഫോണ്‍ 13, ഗാലക്‌സി എസ്23എഫ്.ഇ, ഐഫോണ്‍ 12, വണ്‍പ്ലസ് 12 എന്നീ മോഡലുകളാണ് നേട്ടം കൊയ്തത്.

എന്നാല്‍ 800 ഡോളറിന് (ഏകദേശം 67,000 രൂപ) മുകളില്‍ വില വരുന്ന സൂപ്പര്‍ പ്രീമിയം സെഗ്‌മെന്റില്‍ 22 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. വിപണി വിഹിതം ആറില്‍ നിന്നും ഏഴ് ശതമാനമാക്കി ഉയര്‍ത്തുകയും ചെയ്തു. ഐഫോണ്‍ 15, 15 പ്ലസ്, 14, 14 പ്ലസ് എന്നീ മോഡലുകള്‍ക്കാണ് ഈ ശ്രേണിയിലെ 77 ശതമാനം വില്‍പ്പനയും ലഭിച്ചത്. ഗ്യാലക്‌സി എസ് 24, 24 അള്‍ട്രാ എന്നീ മോഡലുകള്‍ക്ക് 11 ശതമാനം വിപണി വിഹിതവും ലഭിച്ചു.

ഇനി വളര്‍ച്ച ഈ ശ്രേണിയില്‍

എന്‍ട്രി പ്രീമിയം സെഗ്‌മെന്റിലുള്ള ഫോണുകളുടെ വില്‍പ്പനയിലെ ഉയര്‍ച്ച അടുത്ത പാദങ്ങളിലും ആവര്‍ത്തിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വില കുറഞ്ഞ 5ജി ഫോണുകള്‍ വിപണിയിലെത്തിക്കാന്‍ കമ്പനികള്‍ ശ്രമിക്കുന്നുണ്ടെങ്കിലും എന്‍ട്രി ലെവല്‍ ഫോണുകളുടെ വില്‍പ്പനയില്‍ കാര്യമായ മാറ്റമുണ്ടാകാന്‍ സാധ്യതയില്ല. നിര്‍മിത ബുദ്ധിയുടെ സാധ്യതകള്‍ കൂടുതലായി ഉപയോഗപ്പെടുത്തുന്ന മോഡലുകളുടെ വില്‍പ്പനയില്‍ വര്‍ധനയുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com