വൈ-ഫൈ എല്ലാം പഴങ്കഥ, ഇനി 'ലൈ-ഫൈ'യുടെ കാലം
ടെക്നോളജി ലോകത്ത് ഒന്നും സ്ഥിരമല്ല. ഇന്ന് ട്രെൻഡായ ഒന്ന് നാളെ പഴഞ്ചനായിട്ടുണ്ടാകും. ജൂൺ 20 ലോക വൈഫൈ ദിനമായിരുന്നു. പക്ഷെ വൈഫൈ അല്ല ഇപ്പോൾ താരം; ടെക്ക് ലോകത്തിന്ന് തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് 'ലൈഫൈ' ആണ്.
ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കാൻ റേഡിയോ തരംഗങ്ങൾക്കു പകരം പ്രകാശ തരംഗങ്ങൾ ഉപയോഗിക്കുന്ന സംവിധാനമാണ് ലൈറ്റ് ഫിഡെലിറ്റി അഥവാ ലൈഫൈ. ആഗോള നെറ്റ് വർക്കിലെ തിരക്കു കുറക്കാൻ ഇതിനാവുമെന്നാണ് പറയുന്നത്.
വിപ്രോയുടെ കൺസ്യൂമർ കെയർ ബിസിനസിന്റെ കീഴിലുള്ള വിപ്രോ ലൈറ്റിംഗ് തങ്ങളുടെ ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഈ സേവനം ഓഫർ ചെയ്തു തുടങ്ങിയിട്ടുണ്ട്. പ്യുർ ലൈഫൈ സ്കോട്ട്ലൻഡ് എന്ന കമ്പനിയുമായി ചേർന്നാണ് ഈ സംരംഭം വിപ്രോ ആരംഭിച്ചിരിക്കുന്നത്.
പ്യുർ ലൈഫൈ സ്ഥാപകനും ചീഫ് സയന്റിസ്റ്റുമായ പ്രൊഫ. ഹെറാൾഡ് ഹാസ് ആണ് ലൈഫൈ എന്ന വാക്ക് ആദ്യം ഉപയോഗിച്ചത്.
ഈ മാസം നടന്ന പാരീസ് എയർ ഷോയിൽ ലൈഫൈ ടെക്നോളജിയുടെ ഉപയോഗം പ്രദർശിപ്പിച്ചിരുന്നു. ഒരു വയർലെസ് നെറ്റ് വർക്ക് നിർമിക്കാൻ ഒന്നിലധികം LED ലൈറ്റ് ബൾബുകൾ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു. ഒരു സെമികണ്ടക്ടർ കൂടിയായ ഈ ബൾബുകളിൽ നിന്നും പുറത്തേയ്ക്ക് ഗമിക്കുന്ന ഫോട്ടോണുകൾ ഒരു ലൈറ്റ് ഡിറ്റക്ടർ ആണ് സ്വീകരിക്കുന്നത്. വെളിച്ചത്തിന്റെ തീവ്രത അളന്നാണ് സന്ദേശം ഡീകോഡ് ചെയ്യുന്നത്.
ബിഗ് ഡേറ്റ, ഓഗ്മെന്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി, മെഷീൻ ലേണിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് എന്നിവയെ സപ്പോർട്ട് ചെയ്യാനുള്ള കഴിവും ലൈഫൈയ്ക്കുണ്ട്. 300 ജിഗാഹേർട്ട്സ് റേഡിയോ സ്പെക്ട്രം ഉള്ള സ്ഥാനത്ത് 300 ട്രെട്രാജിഗാഹേർട്ട്സ് ലൈറ്റ് സ്പെക്ട്രം ലഭ്യമാണ്.
ഇതിന്റെ കൂടെ ഇൻഫ്രാറെഡ് സ്പെക്ട്രം കൂടി ചേർത്താൽ മുഴുവൻ റേഡിയോ സ്പെക്ട്രത്തിനെക്കാൾ 2,600 മടങ്ങ് വലുതായിരിക്കുമിതെന്ന് പ്രൊഫ. ഹാസ് പറയുന്നു. മാത്രമല്ല ഈ സ്പെക്ട്രം സൗജന്യവുമാണ്!