ഇനി വാട്‌സാപ്പ് വഴി ഊബര്‍ ബുക്ക് ചെയ്യാം, എങ്ങനെയാണെന്നറിയാം

ഫോണില്‍ ഊബര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടില്ലേ? ഇനി വാട്‌സാപ്പുണ്ടായാലും മതി ഊബര്‍ ബുക്ക് ചെയ്യാന്‍. ലോകത്താദ്യമായി വാട്‌സാപ്പ് വഴി വാഹനം ബുക്ക് ചെയ്യാനുള്ള സേവനം ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ഊബര്‍. ഊബറും വാട്‌സാപ്പും തമ്മില്‍ ഇതിനുള്ള പങ്കാളിത്തത്തിലായെന്ന വിവരം കമ്പനി ഇന്നലെയാണ് പുറത്തുവിട്ടത്. ഊബറിന്റെ ഒഫീഷ്യല്‍ ചാറ്റ് ബോട്ട് വഴിയാണ് ഊബര്‍ റൈഡ് ബുക്ക് ചെയ്യാന്‍ സാധിക്കുക. അതായത് ഒരു വാട്‌സാപ്പ് മെസേജ് അയക്കുന്നത്ര എളുപ്പത്തില്‍ ഇനി ഊബര്‍ ബുക്ക് ചെയ്യാനാകും.

എങ്ങനെ ഊബര്‍ വാട്‌സാപ്പ് വഴി ബുക്ക് ചെയ്യാം?
വാട്‌സാപ്പ് ഉപയോഗിക്കുന്ന ആര്‍ക്കും ഇത് എളുപ്പത്തില്‍ സാധിക്കും. ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്തുകൊണ്ടോ അല്ലെങ്കില്‍ ലിങ്കില്‍ ക്ലിക്ക് ചെയ്തുകൊണ്ടോ എളുപ്പത്തില്‍ ബുക്കിംഗ് നടത്താം. ഊബറിന്റെ ചാറ്റ് ബോട്ട് വാഹനം വരുന്ന സമയവും യാത്രാ നിരക്കുമെല്ലാം അറിയിക്കും.
ഇന്ത്യമുഴുവന്‍ ഈ സേവനം ഇപ്പോള്‍ ലഭ്യമാണോ?
ഇല്ല. ഇപ്പോള്‍ കമ്പനി പൈലറ്റ് അടിസ്ഥാനത്തില്‍ ലക്‌നൗവില്‍ മാത്രമാണ് ഈ സൗകര്യം ലഭ്യമാക്കുന്നത്. എന്നാല്‍ അധികം വൈകാതെ മറ്റ് നഗരങ്ങളിലേക്കും സേവനം വ്യാപിപ്പിക്കും. നിലവില്‍ ഇംഗ്ലീഷ് ഭാഷയിലാണ് സന്ദേശങ്ങള്‍ കൈമാറാന്‍ സാധിക്കുക. മറ്റ് ഇന്ത്യന്‍ ഭാഷകളിലും ഈ സേവനം വൈകാതെ ലഭ്യമായേക്കും.
ഊബര്‍ ആപ്പ് ഇതിന് ഡൗണ്‍ലോഡ് ചെയ്യണോ?
വാട്‌സാപ്പ് വഴി ഊബര്‍ ബുക്ക് ചെയ്യാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യേണ്ടതില്ല. നിലവില്‍ ആപ്പില്‍ ലഭ്യമാകുന്ന എല്ലാ കാര്യങ്ങളും വാട്‌സാപ്പില്‍ ചാറ്റ്‌ബോട്ട് വഴി ലഭിക്കും.

ലഖ്‌നൗവിന് ശേഷം ഡല്‍ഹിയിലാകും ഈ സേവനം കമ്പനി ലഭ്യമാക്കുക. അടുത്ത വര്‍ഷത്തോടെ ഇന്ത്യ മുഴുവന്‍ പുതിയ സേവനം ലഭ്യമാക്കാനാണ് ഊബര്‍ ലക്ഷ്യമിടുന്നത്.

ഊബര്‍ ലഭ്യമാക്കുന്ന ബിസിനസ് എക്കൗണ്ട് നമ്പറിലേക്ക് Hi സന്ദേശമയച്ചാല്‍ തുടര്‍ന്നുവരുന്ന സന്ദേശത്തില്‍ പിക്ക് അപ്പ്, ഡ്രോപ്പ് ലൊക്കേഷന്‍ തുടങ്ങി ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കിയാല്‍, യാത്രാനിരക്കും വാഹനം വരുന്ന സമയവും ലഭിക്കും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it