ഇത്തവണ കൂട്ട് മീഡിയടെക്ക്; വണ്‍പ്ലസ് നോര്‍ഡ് സിഇ 2 5ജി എത്തി, സവിശേഷതകളറിയാം

വണ്‍പ്ലസിന്റെ ഏറ്റവും വിലക്കുറഞ്ഞ മോഡലായ നോര്‍ഡ് സിഇയുടെ രണ്ടാം തലമുറ മോഡല്‍ കമ്പനി അവതരിപ്പിച്ചു. ആദ്യ മോഡല്‍ സ്‌നാപ്ഡ്രാഗണിന്റെ പ്രൊസസറിലാണ് എത്തിയതെങ്കില്‍, നോര്‍ഡ് സിഇ 2 5ജിക്ക് കരുത്ത് പകരുന്നത് മീഡിയാടെക്കിന്റെ ഡൈമണ്‍സിറ്റി 900 soc ആണ്. രണ്ട് വേരിയന്റുകളിലാണ് ഫോണ്‍ എത്തുന്നത്.

6 ജിബി റാമും 128 ജിബി സ്‌റ്റോറേജും ലഭിക്കുന്ന മോഡലിന് 23,999 രൂപയാണ് വില. 24,999 രൂപയാണ് 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന്. നോര്‍ഡ് സീരീസുകളിലെ മറ്റ് മോഡലുകളെപ്പോലെ ബഹാമ ബ്ലൂ, ഗ്രേ മിറര്‍ എന്നിങ്ങനെ രണ്ട് നിറങ്ങളില്‍ ഫോണ്‍ സ്വന്തമാക്കാം. ഫെബ്രുവരി 22 മുതല്‍ ആമസോണ്‍, വണ്‍പ്ലസ് വെബ്‌സൈറ്റ്/ റീട്ടെയില്‍ സ്റ്റോറുകളില്‍ നിന്ന് നോര്‍ഡ് സിഇ 2 5ജി വാങ്ങാം.
Oneplus Nord CE 2 5G സവിശേഷതകള്‍
  • 6.43 ഇഞ്ചിന്‌റെ ഫു്ള്‍ എച്ച്ഡി+ AMOLED ഡിസ്‌പ്ലെയാണ് വണ്‍പ്ലസ് നോര്‍ഡ് സിഇ 2ന് നല്‍കിയിരിക്കുന്നത്. 90 ഹെര്‍ട്‌സ് ആണ് റിഫ്രഷ് റേറ്റ്. ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനും ഡിസ്‌പ്ലെയ്ക്കുണ്ട്. ആന്‍ഡ്രോയിഡ് 11 അധിഷ്ടിത ഓക്‌സിജന്‍ ഒഎസില്‍ ആണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.
  • ട്രിപിള്‍ ക്യാമറാ സെറ്റപ്പിലാണ് ഫോണ്‍ എത്തുന്നത്. 64 എംപിയുടേതാണ് പ്രധാന ക്യാമറ. 8 എംപിയുടെ അള്‍ട്രാ വൈഡ് സെന്‍സറും 2 എംപിയുടെ മാക്രോ സെന്‍സറും കൂടെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. 16 എംപിയുടെ സോണി ഐഎംഎക്‌സ്471 സെല്‍ഫി ക്യാമറയാണ് മറ്റൊരു സവിശേഷത. വണ്‍പ്ലസിന്റെ പ്രീമിയം മോഡല്‍ 9RTയില്‍ ഉപയോഗിച്ചിരിക്കുന്നതും സോണിയുടെ ഈ ക്യാമറ തന്നെയാണ്.
  • ആദ്യ തലമുറയില്‍ നിന്ന് വ്യത്യസ്ഥമായി സ്‌റ്റോറേജിന്റെ കാര്യത്തില്‍ വണ്‍പ്ലസ് മാറി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു എന്ന് വേണം കരുതാന്‍. കാരണം നോര്‍ഡ് സിഇ 2 5ജിയില്‍ എസ്ഡി കാര്‍ഡ് സ്ലോ്ട്ട് വണ്‍പ്ലസ് നല്‍കിയിട്ടുണ്ട്. മെമ്മറി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് ഒരു ടിബിവരെ വര്‍ധിപ്പിക്കാം. 65 വാട്ടിന്റെ സൂപ്പര്‍വൂക്ക് ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ട് ചെയ്യുന്ന 4500 എംഎഎച്ചിന്റെ ബാറ്ററിയാണ് നോര്‍ഡ് സിഇ 2 5ജിക്ക്. 173 ഗ്രാമാണ് ഫോണിന്റെ ഭാരം.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it