ഇന്ത്യയില്‍ ചാറ്റ് ജിപിടിയുടെ പ്രചാരം അതിശയകരമെന്ന് ഓപ്പണ്‍ എ.ഐ സി.ഇ.ഒ സാം ആള്‍ട്ട്മാന്‍

സാങ്കേതിക മേഖലയില്‍ ഇന്ത്യയുടെ നേട്ടങ്ങള്‍ അവിശ്വസനീയമെന്ന് ഓപ്പണ്‍ എ.ഐ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സാം ആള്‍ട്ട്മാന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സാം ആള്‍ട്ട്മാന്‍ കൂടികാഴ്ച്ച നടത്തി. ആഗോള നിയന്ത്രണത്തിന്റെ ആവശ്യകത ഉള്‍പ്പെടെ എ.ഐയുടെ വിവിധ വശങ്ങളെ കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു.

വലിയ സാധ്യതകള്‍

ഇന്ത്യയുടെ സാങ്കേതിക മേഖലയില്‍ എ.ഐയുടെ സാധ്യതകള്‍ വളരെ വലുതാണെന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സാം ആള്‍ട്ട്മാന്‍ ട്വീറ്റ് ചെയ്തു.

പിന്നാലെ രാജ്യത്തെ പൗരന്മാരെ ശാക്തീകരിച്ചുകൊണ്ട് ഡിജിറ്റല്‍ പരിവര്‍ത്തനം വേഗത്തിലാക്കാന്‍ സഹായിക്കുന്ന എല്ലാ സഹകരണങ്ങളെയും ഇന്ത്യ സ്വാഗതം ചെയ്യുന്നതായി പ്രധാനമന്ത്രിയും ട്വീറ്റ് ചെയ്തു.

ഇന്ത്യയ്ക്ക് മുന്നിലുള്ള അവസരങ്ങളെക്കുറിച്ചും എ.ഐയില്‍ രാജ്യത്തിന് എന്തുചെയ്യാനാകുമെന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്തതായി സാം ആള്‍ട്ട്മാന്‍ പറഞ്ഞു. ഇന്ത്യയ്ക്കായുള്ള തന്റെ പദ്ധതിയെക്കുറിച്ച് സംസാരിക്കവെ ഇന്ത്യയില്‍ താന്‍ ആദ്യം ചെയ്യുന്നത് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ധനസഹായം നല്‍കുക എന്നതാണെന്ന് ഐ.ഐ.ടി ഡെല്‍ഹിയില്‍ നടത്തിയ പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു. പുറത്തിറക്കാന്‍ പാകത്തിന് ചാറ്റ് ജിപിടി സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നതിനായി ഏകദേശം എട്ടു മാസമാണ് ചെലവഴിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിരവധി പേര്‍ ഇന്ത്യയില്‍ ചാറ്റ്ജിപിടി എ.ഐ ചാറ്റ്‌ബോട്ട് ഉപയോഗിക്കുന്നുണ്ട്. ഇത്ര വലിയ അളവില്‍ ചാറ്റ്ജിപിടി ഇന്ത്യയില്‍ പ്രചാരം നേടിയത് ആശ്ചര്യത്തോടെയാണ് നോക്കിക്കണ്ടതെന്ന് സാം ആള്‍ട്ട്മാന്‍ ഇക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇന്ത്യയെ കൂടാതെ, ഇസ്രായേല്‍, ജോര്‍ദാന്‍, ഖത്തര്‍, യുഎഇ, ദക്ഷിണ കൊറിയ മുതലായ ആറ് രാജ്യങ്ങളുടെ പര്യടനത്തിലാണ് സാം ആള്‍ട്ട്മാന്‍ ഈ ആഴ്ച.

957 ബില്യണ്‍ യു.എസ് ഡോളര്‍

2035ഓടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയ്ക്ക് 957 ബില്യണ്‍ യു.എസ് ഡോളര്‍ അധികമായി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it