ചാറ്റ് ജി.പി.ടിയുടെ കളികള്‍ ഇനി വാട്‌സ്ആപ്പിലും! ലാന്‍ഡ് ഫോണ്‍ വിളിച്ചാലും കാര്യം നടക്കും; അറിയേണ്ടതെല്ലാം

ഉപയോഗിക്കും മുമ്പ് അറിഞ്ഞിരിക്കണം, ഇക്കാര്യങ്ങള്‍
chatgpt
image credit : canva , Chatgpt
Published on

ചാറ്റ് ജി.പി.ടി സേവനങ്ങള്‍ ഇനി വാട്‌സ്ആപ്പിലും ഫോണിലും പ്രയോജനപ്പെടുത്താം. 1-800 ചാറ്റ് ജി.പി.ടി എന്ന് പേരിട്ട പുതിയ സംവിധാനം വഴി ഫോണ്‍കോളിലൂടെ ചാറ്റ് ജി.പി.റ്റിയുമായി സംസാരിക്കാനും വാട്‌സ്ആപ്പ് വഴി മെസേജ് ചെയ്യാനും കഴിയും. സംശയങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കുന്ന ഒരു കോണ്‍ടാക്ട് പേഴ്‌സണായി ചാറ്റ് ജി.പി.ടിയെ ഉപയോഗിക്കാന്‍ കഴിയുമെന്ന് സാരം. ഉപയോക്താക്കള്‍ക്ക് പ്രത്യേക ആപ്പോ അക്കൗണ്ടോ ഇല്ലാതെ ചാറ്റ് ജി.പി.ടി ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തിലാണ് പുതിയ മാറ്റം. എന്നാല്‍ ഈ സേവനങ്ങള്‍ പൂര്‍ണമായി ലഭ്യമാകണമെങ്കില്‍ ഇന്ത്യ അടക്കമുള്ള രാജ്യക്കാര്‍ കുറച്ചുകൂടി കാത്തിരിക്കണം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയുടെ പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്ന ജെനറേറ്റീവ് എ.ഐ ചാറ്റ്‌ബോട്ട് ആണ് ചാറ്റ് ജി.പി.ടി. ഓപ്പണ്‍ എ.ഐ എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ഇതിന് പിന്നില്‍

എങ്ങനെ ഉപയോഗിക്കാം

കാനഡയിലും യു.എസിലുമുള്ളവര്‍ക്ക് 1-800-242-8478 എന്ന നമ്പരില്‍ വിളിച്ചാല്‍ ചാറ്റ് ജി.പി.ടിയുമായി സംസാരിച്ചിരിക്കാം. ആദ്യഘട്ടത്തില്‍ പ്രതിമാസം 15 മിനിറ്റാണ് ഫോണ്‍ വിളിക്കാന്‍ കഴിയുക. പഴയകാല ലാന്‍ഡ് ഫോണില്‍ നിന്ന് വരെ ഈ നമ്പരിലേക്ക് വിളിച്ച് ചാറ്റ് ജി.പി.ടി സേവനം ഉപയോഗിക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത. ഇതേ നമ്പരില്‍ വാട്‌സ്ആപ്പ് മെസേജ് ചെയ്താലും ആശാന്‍ മറുപടി തരും.ഇതിനായി ആദ്യം 1-800-242-8478 എന്ന നമ്പര്‍ ഫോണില്‍ കോണ്‍ടാക്ടായി സേവ് ചെയ്യണം. പിന്നെ ലോകത്തെവിടെ നിന്നും ചാറ്റ് ജി.പി.ടിയുമായി ചാറ്റ് ചെയ്യാവുന്നതാണ്. ഇതിനായി പ്രത്യേക അക്കൗണ്ട് നിര്‍മിക്കേണ്ടതില്ല. താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താലും സേവനം ഉപയോഗിക്കാം.

ഉപയോഗിക്കും മുമ്പ് ശ്രദ്ധിക്കണേ

വാട്‌സ്ആപ്പില്‍ നിലവില്‍ ടെക്സ്റ്റ് മെസേജുകള്‍ മാത്രമാണ് ചാറ്റ് ജി.പി.ടി പിന്തുണക്കുക. ചാറ്റ് ജി.പി.ടി അക്കൗണ്ടിലേക്ക് ലോഗ് ഇന്‍ ചെയ്യുക, വെബ് സെര്‍ച്ചിംഗ്, ഇമേജുകള്‍ ക്രിയേറ്റ് ചെയ്യുക, മെമ്മറി പോലുള്ള ചില വ്യക്തിഗത സെറ്റിംഗുകള്‍ എന്നിവ നിലവില്‍ ലഭ്യമാകില്ല. ഗ്രൂപ്പ് ചാറ്റുകളിലും ചാറ്റ് ജി.പി.ടി പ്രവര്‍ത്തിക്കില്ല. വ്യക്തികേന്ദ്രീകൃതമായ വണ്‍-ഓണ്‍-വണ്‍ ആശയവിനിമയം മാത്രമാണ് സാധ്യമാവുക. ഒക്ടോബര്‍ 2023 വരെയുള്ള വിവരങ്ങള്‍ മാത്രമാണ് നിലവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് -എ.ഐ) രംഗത്ത് വമ്പന്‍ മാറ്റത്തിന് തിരികൊളുത്തിയവരാണ് ഓപ്പണ്‍ എ.ഐ എന്ന കമ്പനിയും അവരുടെ ജനറേറ്റീവ് എ.ഐ മോഡലായ ചാറ്റ് ജി.പി.ടിയും. അടുത്ത ദിവസങ്ങളിലും കമ്പനിയില്‍ നിന്നും വമ്പന്‍ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് വിവരം. വാട്‌സ്ആപ്പില്‍ ഇപ്പോള്‍ തന്നെ മെറ്റയുടെ സ്വന്തം എ.ഐ മോഡല്‍ സഹായത്തിനുള്ളപ്പോഴാണ് ചാറ്റ് ജി.പി.ടിയുടെ വരവെന്നതും ശ്രദ്ധേയമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com